ഇന്ത്യാ-പാക്ക് പരമ്പര ഉണ്ടാകുമോ? ദാദ പറയുന്നു

Web Desk
Posted on October 18, 2019, 4:32 pm

കൊല്‍ക്കത്ത: സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പല മാറ്റങ്ങളും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓക്ടോബര്‍ 23 ന് ബിസിസിഐ അധ്യക്ഷനായി  ചുതലയേല്‍ക്കുന്ന ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പല മാറ്റങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയും ചെയ്തു.

അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരവും അദ്ദേഹം നല്‍കി.  ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുമോയെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടുമാണ് ചോദിക്കേണ്ടതെന്ന് ദാദ പറഞ്ഞു.

ഇരുവരുടെയും അനുമതിയോടെ മാത്രമേ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ സാധിക്കൂ. അതിനാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാനാകില്ല. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിനെ നയിച്ചത് ഗാംഗുലിയായിരുന്നു.

അവസാനമായി ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടന്നത് 2012 ലാണ്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നു.