Janayugom Online
Humayunpur_Gumti_Delhi

ഡല്‍ഹിയില്‍ ഖബറിടം കാവിയടിച്ച് ക്ഷേത്രമാക്കി

Web Desk
Posted on May 04, 2018, 10:08 pm

ഹുമയൂണ്‍പൂര്‍ ഗുംമ്തിയുടെ 2017ല്‍ എടുത്ത  ചിത്രം

ന്യൂഡല്‍ഹി: ഇതുവരെ അജ്ഞാത വ്യക്തിയുടെ ഖബറിടമായിരുന്ന പുരാവസ്തു കേന്ദ്രം കാവിയും വെള്ളയുമടിച്ച് ശിവഭോലെ ക്ഷേത്രമാക്കി, അകത്തു വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ഡല്‍ഹിയില്‍ ഹുമയൂണ്‍പൂര്‍ ഗ്രാമത്തിലെ സഫ്ദര്‍ജംഗ് കോമ്പൗണ്ടിലാണ് മാര്‍ച്ചു മാസം ഈ ഗുംമ്തി — ചെറിയ ശവകുടീരം — ശിവ് ഭോലെ ക്ഷേത്രമാക്കിയത്.

2017ല്‍ എടുത്തിട്ടുള്ള ചിത്രത്തില്‍ ഖബറിടത്തിന്റെ നാലുഭാഗത്തെ കവാടങ്ങളിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ചതായി കാണുന്നതില്‍ നിന്നും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചതായി വ്യക്തമാകുന്നു.  ഖബറിടം ആരുടേതാണെന്നത് കൃത്യമല്ലെങ്കിലും തുഗ്ളക്കു കാലത്തോ ലോദി കാലത്തോ ഉള്ള നിര്‍മിതിയാണിതെന്നു കരുതപ്പെടുന്നു.

പുരാവസ്തു വകുപ്പ് സംസ്ഥാന സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഈ ഖബറിടം പെയിന്‍റടിച്ചത്, പുരാവസ്തു വകുപ്പിന്‍റെ സിറ്റിസണ്‍ ചാര്‍ട്ടറിന്‍റെ ലംഘനമാണ്. “ഇതിന്‍റെ ഒരു ഭിത്തിയും പെയിന്‍റു ചെയ്തോ വരച്ചോ വെള്ളയടിച്ചോ മാറ്റം വരുത്താന്‍ പാടില്ലെന്നും സ്മാരകത്തിന്‍റെ തനിമ മാറ്റരുതെന്നും” പുരാവസ്തു വകുപ്പ് ഉത്തരവുണ്ട്. 2010 ലാണ് ഗുംമ്തി 767 പൈതൃക സ്ഥാപനങ്ങളിലൊന്നായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തിനു ശേഷം 2014ല്‍ വീണ്ടുമിതു പൈതൃക സ്ഥാപനമായി പ്രഖ്യാപിച്ചുകൊണ്ടു വിജ്നാപനമിറക്കി.

ബിജെപി മുന്‍ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതു നടന്നതെന്നു ഇപ്പോഴത്തെ കൗണ്‍സിലര്‍ രാധിക അബ്രോള്‍ ഫൊഗാട്ട് പറഞ്ഞു, തനിക്കിതില്‍ പങ്കില്ലെന്നും.

അതിനിടെ ഹരിയാനയില്‍ പൊതുസ്ഥലത്ത് മുസ്‌ലിങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നതിനെ ഹിന്ദുമത സംഘടനകള്‍ തടഞ്ഞു. 700റോളം മുസ്‌ലിങ്ങള്‍ വെള്ളിയാഴ്ചകളില്‍ പതിവായി ചേരുന്ന പൊതുസ്ഥലത്ത് ഇനി പ്രാര്‍ഥന പാടില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ അധികൃതരുടെ അനുവാദം വാങ്ങിയശേഷം മതിയെന്നും പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയത്.