അസാധാരണവും അതേസമയം ജനാധിപത്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് ദക്ഷിണ കൊറിയയിലും ഫ്രാൻസിലും ഉണ്ടായിരിക്കുന്നത്. ഏകാധിപത്യവും സ്വേച്ഛാധിപത്യവും ജനാധിപത്യത്തിന് മുന്നിൽ പരാജയപ്പെടുന്ന കാഴ്ചയാണ് രണ്ടിടങ്ങളിലും ഉണ്ടായത്. അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൻ സുക് യോളിന്റെ നടപടിയാണ് ദക്ഷിണകൊറിയയെ വിവാദ കേന്ദ്രമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. ഇതുകാരണം യോളിന്റെ ഏകപക്ഷീയ നടപടികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് പൊടുന്നനെ അദ്ദേഹം പട്ടാള നിയമം പ്രഖ്യാപിച്ചത്. ജനപ്രതിനിധി സഭയുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളടക്കം എല്ലാം സൈന്യത്തിന്റെ അധീനതയിൽ ആയിരിക്കുമെന്നും യോൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പാർലമെന്റ് ശക്തമായ നിലപാടെടുത്തതിനെ തുടർന്ന് മണിക്കൂറുകൾക്കകം പട്ടാള നിയമം പിൻവലിക്കേണ്ടി വരികയായിരുന്നു. പ്രതിപക്ഷത്തു നിന്ന് മാത്രമല്ല ഭരണകക്ഷിയിൽ നിന്നും പട്ടാള നിയമത്തിനെതിരെ എതിർപ്പുയർന്നു. 300 അംഗ ദേശീയ അസംബ്ലിയിൽ 190 പേർ നിയമം നിരസിക്കുന്ന പ്രമേയത്തെ പിന്തുണച്ചപ്പോൾ ആരും എതിർത്തില്ല. ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടിയിലെ 18 അംഗങ്ങളും അനുകൂലമായി വോട്ടുചെയ്തു. ജനാധിപത്യത്തെ സ്വേച്ഛാധിപത്യം കൊണ്ട് നേരിടാനുള്ള യോളിന്റെ നീക്കം അങ്ങനെ പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റിനെതിരെ പുറത്താക്കൽ പ്രമേയവും അവതരിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച അവതരിപ്പിച്ച പ്രമേയം ഇന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 300ൽ 200 അംഗങ്ങൾ അനുകൂലിച്ചാൽ യോളിന് പുറത്തേക്കുള്ള വഴി തെളിയുമെന്നതാണ് ഇപ്പോഴത്തെ ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ സ്ഥിതി.
ജനാധിപത്യത്തെ അംഗീകരിക്കാതെ ഏകപക്ഷീയ നിലപാടുകൾ സ്വീകരിച്ച പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നടപടികൾ ഫ്രാൻസിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കുമെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന സൂചനകൾ. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പാസായിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെയാണ് മക്രോൺ പാർലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇടതുപാർട്ടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട് 190 ഉം മക്രോണിന്റെ എൻസെംബിൾ സഖ്യം 160 ഉം മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർട്ടി, നാഷണൽ റാലി 140 ഉം സീറ്റുകളാണ് നേടിയത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇടതുസഖ്യത്തെയായിരുന്നു സർക്കാർ രൂപീകരണത്തിന് ക്ഷണിക്കേണ്ടിയിരുന്നത്. എല്ലാവരും പ്രതീക്ഷിച്ചത് അതുതന്നെയായിരുന്നു. എന്നാൽ ഒരു മാസത്തിലധികം ആരെയും ക്ഷണിക്കാതെ നീട്ടിക്കൊണ്ടുപോയ മക്രോൺ തീവ്ര വലതുപക്ഷ ആശയങ്ങളുടെ പ്രചാരകൻ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയാക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. നേരത്തെ തന്നെ കർഷകരും തൊഴിലാളികളും മനുഷ്യാവകാശ പ്രവർത്തകരും മക്രോണിനെതിരെ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. ഇതിനിടെ വൻ നികുതി വർധന നിർദേശിക്കുന്ന ബജറ്റുമായി ബാർണിയർ രംഗത്തെത്തിയത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. 6,000കോടി യൂറോ നികുതി വർധനയും അതിനൊപ്പം തന്നെ പൗരന്മാർക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുള്ള ചെലവ് ചുരുക്കലുമായിരുന്നു ബജറ്റിന്റെ പ്രധാന ഉള്ളടക്കം. ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടന്നുവരികയുമാണ്. എന്നാൽ നിർദേശങ്ങളിൽ നിന്ന് പിന്നോട്ടുപോകാൻ സർക്കാർ തയ്യാറായില്ല. പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള നീക്കവും ബാർണിയര്‍ നടത്തി. ഇതെല്ലാം ചൊടിപ്പിച്ച ഇടതുപക്ഷ സഖ്യമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയം പാസാകുന്നതിന് 288 വോട്ടുകളാണ് വേണ്ടിയിരുന്നതെങ്കിലും മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണച്ചതിനാൽ 331 വോട്ടോടെ പാസാകുകയായിരുന്നു. ഇതോടെയാണ് ഫ്രാൻസിൽ പ്രധാനമന്ത്രി ബാർണിയർക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ഫ്രാൻസിലും ദക്ഷിണ കൊറിയയിലുമുണ്ടായ സംഭവങ്ങൾ, അത് താൽക്കാലികമായേക്കുമെങ്കിലും ജനാധിപത്യത്തെ തിരസ്കരിക്കുകയും സ്വേച്ഛാധിപത്യം അടിച്ചേല്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണാധികാരികൾക്കുള്ള തിരിച്ചടിയാണ്. നേരിട്ടല്ല എന്ന് വാദിച്ചു നിൽക്കാമെങ്കിലും തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടവരാണ് ഫ്രാൻസിൽ മക്രോണും ദക്ഷിണ കൊറിയയിൽ യോളും. തോൽവി അംഗീകരിക്കാതെ അധികാര പ്രമത്തത മൂത്ത ഇരുവരും ജനാധിപത്യത്തെ അപഹസിക്കുന്നതിനാണ് ശ്രമിച്ചത്. ഇതിനെതിരെയാണ് ഇരുരാജ്യങ്ങളിലെയും ജനപ്രതിനിധി സഭകൾ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.