സോവറിന്‍ ബോണ്ടുകളുടെ വില്‍പ്പന; കേന്ദ്രത്തിനെതിരെ സംഘപരിവാര്‍ സംഘടനയും

Web Desk
Posted on July 18, 2019, 11:09 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മൂലധന കമ്പോളത്തില്‍ സോവറിന്‍ ബോണ്ടുകള്‍ വില്‍ക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തി. സോവറിന്‍ ബോണ്ടുകള്‍ വില്‍ക്കാനുള്ള തീരുമാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കും പണപെരുപ്പത്തിനും വഴിവയ്ക്കുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ഉപാധ്യക്ഷന്‍ അശ്വനി മഹാജന്‍ വ്യക്തമാക്കി. സോവറിന്‍ ബോണ്ടുകള്‍ കൈമാറുന്നതിലൂടെ കൂടുതല്‍ വായ്പകള്‍ ലഭിക്കും. ഇതിന് ആനുപാതികമായി രാജ്യത്ത് കൂടുതല്‍ കറന്‍സികള്‍ അച്ചടിക്കേണ്ടിവരും. ഇത് പണപ്പെരുത്തിന് കാരണമാകുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് അധികൃതര്‍ വ്യക്തമാക്കി.

മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ വിനിമയ നിരക്ക് പ്രകാരം പലിശ ഇനത്തില്‍ ലാഭം നേടാന്‍ കഴിയുമെന്ന് വാഗ്ദാനങ്ങള്‍ നിരത്തിയാണ് വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നത്. എന്നാല്‍ വിനിമയ നിരക്കില്‍ മാറ്റം വരുന്നതോടെ വന്‍തുക വായ്പാ മുതല്‍ ഇനത്തില്‍ നല്‍കേണ്ട അവസ്ഥയുണ്ടാകും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നത്.
ആദ്യഘട്ടത്തില്‍ ചെറിയ തോതിലുള്ള ബോണ്ടുകള്‍ വില്‍ക്കാനുള്ള തന്ത്രങ്ങളാകും വിദേശ ബാങ്കുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് വാതില്‍ പൂര്‍ണമായും തുറക്കുന്നതോടെ സ്ഥിതിക്ക് മാറ്റം വരും. അപ്പോഴാകും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പരിധി ഉയര്‍ത്തുന്നതാണ് ബോണ്ടുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ഏറെ അഭികാമ്യമായത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ആറുമുതല്‍ ഏഴ് ശതമാനംവരെയാണ് ഇപ്പോഴത്തെ ധനക്കമ്മി. ആഭ്യന്തരതലത്തില്‍ പ്രത്യേകിച്ചും കയറ്റുമതി വര്‍ധിപ്പിച്ചും ഇറക്കുമതി കുറച്ചുമാണ് ധനക്കമ്മി പരിഹരിക്കേണ്ടത്. ഇതിന് മുതിരാതെ അന്താരാഷ്ട്ര വിപണിയില്‍ നിന്നും കടപ്പത്രങ്ങളിലൂടെ ധനം സമാഹരിക്കുന്നത് സമീപഭാവിയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നേരത്തെതന്നെ സാമ്പത്തിക വിദഗ്ധരുടെ മതം.