ഹരിതാ ഫിനാന്‍സ് ഉടമയുടെ കസ്റ്റഡി മരണം; എസ്പിയും ഡിവൈഎസ്പിയും കുറ്റക്കാരെന്ന് കെ കെ ശിവരാമന്‍

Web Desk
Posted on June 29, 2019, 4:25 pm

തൊടുപുഴ: ഹരിതാ ഫിനാന്‍സ് ഉടമ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജില്ലാ പൊലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും കുറ്റക്കാരാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മര്‍ദ്ദിച്ചത് നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുടെ അറിവും സമ്മതവും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോക്കപ്പിലും ജയിലിലും മര്‍ദ്ദനമുണ്ടായി.

പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള ഇത്തരം പൈശാചികമായിട്ടുള്ള നടപടി ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളെ അട്ടിമറിക്കുന്നതാണ്. മൂന്നാം മുറ പ്രയോഗിക്കരുതെന്ന പൊലീസ് മാനുവലിലെനിര്‍ദ്ദേശം പോലും കാറ്റില്‍പ്പറത്തിയാണ് ഇടുക്കിയില്‍ കാര്യങ്ങള്‍ നടന്നത്. പ്രതിക്ക് വൈദ്യ പരിശോധന നടത്താതിരുന്നതും ഗൗരവമേറിയ കുറ്റമാണ്. ജയിലില്‍ കൊണ്ടുപോയിട്ടും മര്‍ദ്ദനം തുടര്‍ന്നു. കുടിവെള്ളം പോലും നല്‍കാതെ ക്രൂരമായിട്ടുള്ള മര്‍ദ്ദന മുറകള്‍ അഴിച്ചുവിട്ട പൊലീസിന്റെ കാടത്തം മൂലം ഉണ്ടായിട്ടുള്ള മനുഷ്യക്കുരുതിക്ക് എസ് പിയും ഡിവൈഎസ് പിയും ഒരേപോലെ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി
മരണത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

You May Also Like This: