Friday
19 Jul 2019

രാഹുല്‍ ഗാന്ധി തോറ്റതിന് കാരണം എസ്പി – ബിഎസ്പി സഖ്യം: കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍

By: Web Desk | Saturday 1 June 2019 9:59 PM IST


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റതിന് പിന്നിലെ കാരണം എസ്പി ബിഎസ്പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മിഷന്റെ പ്രതികരണം.

എസ്പി ബിഎസ്പി സഖ്യം തങ്ങളുടെ വോട്ടുകള്‍ ബിജെപിക്ക് മറിച്ചതായി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അന്വേഷണ കമ്മിഷനോട് പറഞ്ഞു. കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാനും കെഎല്‍ ശര്‍മ്മയും ആണ് അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. ഇത് വളരെ എളുപ്പമായ കണക്കാണ്. 2014(4.08 ലക്ഷം) രാഹുല്‍ നേടിയതിനേക്കാള്‍ വോട്ടുകള്‍ 2019( 4.13 ലക്ഷം)ല്‍ നേടി. 2014ല്‍ ബിഎസ്പി സ്ഥാനാര്‍ഥി 57,716 വോട്ടുകള്‍ നേടിയിരുന്നു. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി ജയിക്കുമായിരുന്നു. സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചത് 55,000 വോട്ടുകള്‍ക്കാണെന്ന് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

എസ്പിയും ബിഎസ്പിയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നില്ലെന്ന് അമേഠി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര പറഞ്ഞു. മുന്‍ എസ്പി മന്ത്രി ഗായത്രി പ്രജാപതിയുടെ മകന്‍ അനില്‍ പ്രജാപതി പരസ്യമായി സ്മൃതി ഇറാനിക്ക് വേണ്ടി രംഗത്തിറങ്ങി. ഗൗരിഗഞ്ജില്‍ നിന്നുള്ള എസ്പി എംഎല്‍എ രാകേഷ് സിങ് അദ്ദേഹത്തിന്റെ ഒപ്പമുള്ള ബ്ലോക്ക് പ്രമുഖ്മാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും സ്ഥാനം സംരക്ഷിക്കുന്നതിന് വേണ്ടി ബിജെപിയോടൊപ്പം പോയെന്നും യോഗേന്ദ്ര മിശ്ര പറഞ്ഞു.
രണ്ടംഗ കമ്മിഷന്‍ ഗൗരിഗഞ്ജ്, തിലോയ് എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വിവരശേഖരണം നടത്തി. അമേഠി, സലോണ്‍, ജഗ്ദീഷ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി സന്ദര്‍ശനം നടത്തും.

പൂര്‍ണ്ണമായ റിപ്പോര്‍ട്ട് അടുത്ത ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കമ്മിഷന്‍ കൈമാറും. 1980ന് ശേഷം ആദ്യമായി അമേഠിയില്‍ നേരിട്ട പരാജയം കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്.

Related News