യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം തുടരും

Web Desk
Posted on May 27, 2019, 10:50 pm

ലഖ്‌നൗ: പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തോടെ എസ്പി-ബിഎസ്പി മഹാഗത്ബന്ധന്‍ സഖ്യത്തെ നിരീക്ഷകര്‍ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ ഈ സഖ്യവുമായി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാനാണ് മായവതിയുടെയും അഖിലേഷ് യാദവിന്റെയും തീരുമാനം.  പതിനൊന്ന് നിയമസഭാംഗങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഉടന്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിലും സഖ്യം ഒന്നിച്ച് നില്‍ക്കും. എസ്പി-ആര്‍എല്‍ഡി സഖ്യം തുടരുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിക്ക് പോകും മുമ്പ് തന്നെ മായാവതി പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞതായാണ് ബിഎസ്പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരാന്‍ പോകുന്ന പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര സീറ്റുകളില്‍ വിജയിക്കാന്‍ സഖ്യത്തിനായില്ല. എന്നാല്‍ ബിഎസ്പിക്ക് സഖ്യം നേട്ടമായി. ഇവരുടെ അംഗബലം പൂജ്യത്തില്‍ നിന്ന് പത്തായി ഉയര്‍ന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് സഖ്യം തെല്ലും ഗുണം ചെയ്തില്ല. അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ യാദവ്, ബന്ധുക്കളായ ധര്‍മേന്ദ്ര യാദവ്, അക്ഷയ് യാദവ് എന്നിവര്‍ ബിജെപിയോട് പരാജയപ്പെട്ടു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ആദിത്യനാഥ് മന്ത്രിസഭാംഗങ്ങളുമുണ്ട്. അലഹബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച റീത്ത ബഹുഗുണ ജോഷിക്ക് ഇനി ലഖ്‌നൗ കാന്ത് നിയമസഭ സീറ്റ് ഒഴിയേണ്ടി വരും. കാണ്‍പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സത്യദേവ് പച്ചൗരിയുടെ ഗോവിന്ദ് നഗര്‍ നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ആഗ്രയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബഘേല്‍ സിങിന് തുണ്ട്‌ല നിയമസഭാ സീറ്റും ഒഴിയേണ്ടതുണ്ട്.

പ്രതാപ്ഗഡ് എംഎല്‍എയായ സന്‍ഗം ലാല്‍ ഗുപ്ത, കെയ്‌രാനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സഹരന്‍പൂര്‍ എംഎല്‍എ പ്രദീപ്കുമാര്‍, ബന്ദയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രകൂട് എംഎല്‍എ ആര്‍ കെ സിങ് പട്ടേല്‍ ബരാബങ്കിയില്‍ നിന്ന് വിജയിച്ച ബരാബാങ്കി എംഎല്‍എ ഉപേന്ദ്ര റാവത്ത്, ബെഹ്‌റയ്ച്ച് എംഎല്‍എ അക്ഷയ്‌വാര്‍ ലാല്‍, ഹത്ത്‌റയില്‍ നിന്ന് വിജയിച്ച അലിഗഡ് എംഎല്‍എ രാജ്‌വീര്‍ സിങ് എന്നിവരാണ് ബിജെപിയില്‍ നിന്ന് സ്ഥാനമൊഴിയേണ്ടി വരുന്ന മറ്റ് ബിജെപി എംഎല്‍എമാര്‍. എസ്പിയുടെ ഒരു എംഎല്‍എ മാത്രമാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ പ്രമുഖ നേതാവ് അസംഖാനാണ് രാംപൂരില്‍ നിന്ന് വിജയിച്ചത്. ബിഎസ്പിയുടെ ജബല്‍പൂര്‍ എംഎല്‍എ റിതേഷ് പാണ്ഡെ അംബേദ്ക്കര്‍ നഗറില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.