ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസില്ലാതെ എസ്പി-ബിഎസ്പി കൂട്ടുകെട്ട്

Web Desk
Posted on January 12, 2019, 10:39 pm

ലഖ്‌നൗ: ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്പി)യും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബിഎസ്പി)യും മഹാസഖ്യം പ്രഖ്യാപിച്ചു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദീര്‍ഘകാല ശത്രുത മാറ്റിവച്ചുള്ള മഹാസഖ്യപ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസിനെ കൂട്ടാതെയുള്ളതാണ് മഹാസഖ്യം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും രാജ്യത്ത് രാഷ്ട്രീയ വിപ്ലവത്തിന് വഴിയൊരുക്കുന്നതായിരിക്കും ഈ തീരുമാനമെന്നും ഇരുവരും പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും പുരോഗതിക്കും വേണ്ടി വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണെന്നും ഇരുവരും വിശദീകരിച്ചു.

മഹാസഖ്യം മോഡിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ഉത്തര്‍പ്രദേശിലെ മഹാസഖ്യമെന്നും മായാവതി വ്യക്തമാക്കി. സഖ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. പാവപ്പെട്ടവര്‍, കര്‍ഷകര്‍, യുവജനങ്ങള്‍, തൊഴില്‍രഹിതര്‍, സ്ത്രീകള്‍, ദളിത് — പിന്നാക്ക വിഭാഗങ്ങള്‍, മുസ്‌ലിങ്ങള്‍, മറ്റ് മത ന്യൂനപക്ഷങ്ങള്‍ എന്നിവരെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്, മായാവതി പറഞ്ഞു.
ബിജെപിയായാലും കോണ്‍ഗ്രസായാലും ഭരണത്തില്‍ അവരുടെ നയങ്ങള്‍ സമാനമാണ്. ഉദാഹരണത്തിന് ഇരുകക്ഷികളും പ്രതിരോധ ഇടപാടുകളില്‍ അഴിമതിയില്‍ ഉള്‍പ്പെട്ടവരാണ്. കോണ്‍ഗ്രസ് അവരുടെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ബിജെപി ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുന്നു.

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിനിധീകരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കില്ല. ബാക്കി വരുന്ന രണ്ടു സീറ്റുകള്‍ മറ്റു സഖ്യകക്ഷികള്‍ക്കായി നല്‍കും, മായാവതി അറിയിച്ചു.

ഉത്തര്‍പ്രദേശ് ജനതയെ സാമുദായികാടിസ്ഥാനത്തില്‍ ബിജെപി ഭിന്നിപ്പിച്ചിരിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ധാര്‍ഷ്ട്യത്തിന്റെ രൂപമായ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് എസ്പിയും ബിഎസ്പിയും ഒരുമിക്കേണ്ടത് അനിവാര്യമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തകരില്‍ ഭിന്നത സൃഷ്ടിക്കുന്നതിന് ഏതറ്റംവരെയും ബിജെപി പോയെന്നിരിക്കും. എന്നാല്‍ തങ്ങള്‍ യോജിച്ചു നില്‍ക്കുമെന്നും അത്തരം തന്ത്രങ്ങളെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് പറഞ്ഞു.
തങ്ങളെ ഒഴിവാക്കിയുള്ള സഖ്യ തീരുമാനത്തോട് കോണ്‍ഗ്രസ് ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. അപകടകരമായ അബദ്ധമാണിതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
സ്വന്തം നിലനില്‍പിനായാണ് ഇരുവരും ഒരുമിക്കുന്നതെന്നും രാജ്യത്തിനോ യുപിക്കോ അതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നുമായിരുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നാണ് ദീര്‍ഘകാല ശത്രുക്കളായ മായാവതിയും അഖിലേഷും സഖ്യമായി മത്സരിക്കുന്നതിന് തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആദിത്യനാഥിന്റെ ഗോരഖ്പൂരിലും പൂല്‍പൂരിലും നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുകക്ഷികളും സഖ്യത്തിലായിരുന്നു മത്സരിച്ച് വിജയിച്ചത്. ബിജെപിക്ക് ഈ പരാജയം വന്‍ തിരിച്ചടിയുമായിരുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി- 71, സഖ്യകക്ഷി- 2 എന്നിങ്ങനെ 73 സീറ്റുകളാണ് സംസ്ഥാനത്ത് നേടിയത്. ബിജെപിക്ക് 42.3 ശതമാനം വോട്ടുകളും ലഭിച്ചു. അഞ്ചിടത്ത് ജയിച്ച എസ്പിക്ക് 22.2 ശതമാനവും സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ബിഎസ്പിക്ക് 19.6 ശതമാനവും വോട്ടുകളാണ് നേടാനായത്. ഇരുകക്ഷികള്‍ക്കുംകൂടി 41.8 ശതമാനം. ഇരുകക്ഷികളും യോജിച്ച് മത്സരിക്കുന്നത് യുപി രാഷ്ട്രീയത്തില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.