October 4, 2023 Wednesday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 12, 2023
June 10, 2023
June 8, 2023

യുപിയില്‍ എസ്പി- ആര്‍എല്‍ഡി 400 സീറ്റ് നേടും; ഉറച്ച വിശ്വാസത്തില്‍ അഖിലേഷ് യാദവ്

Janayugom Webdesk
February 6, 2022 12:52 pm

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ് പി- ആര്‍ എല്‍ ഡി സഖ്യത്തിന് 400 സീറ്റ് ലഭിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും, മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുപിയില്‍ ഭരിക്കുന്ന ആദിത്യനാഥിന്‍റെ ബിജെപി സര്‍ക്കാരിനോടുള്ള ജനരോക്ഷം ശക്തമാണ്. ആദിത്യനാഥിന്‍റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അവസരത്തിനായി ജനങ്ങള്‍ നോക്കിയിരിക്കുകകയാണ്.

ആകെയുള്ള 403 സീറ്റില്‍ 400 സീറ്റും തങ്ങള്‍ക്കായിരിക്കുമെന്ന് അഖിലേഷ് അവകാശപ്പെട്ടു. ഹത്രാസ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയ്ക്ക് ശരിയായ ചികിത്സയോ മരണശേഷം മാന്യമായ ശവസംസ്‌കാരമോ ലഭിച്ചില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഹത്രാസിലെ മകളുടെ കുടുംബത്തിന് നീതി വേണം, അവര്‍ അവളെ ആദരവോടെ സംസ്‌കരിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഈ സര്‍ക്കാര്‍ എന്താണ്ചെയ്തത്? അവള്‍ക്ക് ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍, അവള്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു, അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് ബി ജെ പിയ്‌ക്കെതിരായ ശക്തമായ പോരാട്ടമാണ് എസ് പി നടത്തുന്നതെന്നാണ് അഖിലേഷ് യാദവ് അവകാശപ്പെടുന്നത്. അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവ് മൂന്ന് തവണ സംസ്ഥാനത്തെ മുഖ്യമന്ത്രിപദത്തിലിരുന്നിട്ടുണ്ട്. 2012‑ല്‍ അഖിലേഷ് യാദവ് അധികാരത്തിലെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന അഖിലേഷ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴിയാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

മറുവശത്ത് സര്‍വ സന്നാഹത്തോടെയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയുടെ കരിസ്മാറ്റിക് പ്രസംഗം, ഒരു ഡസനോളം കേന്ദ്ര മന്ത്രിമാര്‍, പാര്‍ട്ടിയുടെ ഏറ്റവും തന്ത്രശാലിയായ അമിത് ഷാ, പ്രധാനമന്ത്രിക്ക് ശേഷം ബി ജെ പിയുടെ ഏറ്റവും വലിയ പോസ്റ്റര്‍ ബോയ് ആയ യോഗി ആദിത്യനാഥ് എന്നിവരെ അതിജീവിച്ചാണ് അഖിലേഷിന് ഇത്തവണ ലക്ഷ്യത്തിലെത്തേണ്ടത്. ബംഗാളില്‍ മമത ബാനര്‍ജി നേടിയ വിജയമാണ് അഖിലേഷിന്റെ പ്രചോദനമാകുന്നത്. 

അതില്‍ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടാണ് ബി ജെ പി നേതാക്കളെ കടന്നാക്രമിച്ചും എല്ലാ വിഭാഗം ജനങ്ങളേയും സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്നും അഖിലേഷ് തന്ത്രം മെനയുന്നത്. കിഴക്ക്, മധ്യ ഉത്തര്‍പ്രദേശ്, ബുന്ദേല്‍ഖണ്ഡ് എന്നിവിടങ്ങളിലൂടെ സമാജ്വാദി നടത്തിയ വിജയ് യാത്രയുടെ എട്ട് ഘട്ടങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ബി.ജെ.പിയുടെ ഭരണകാലം അവസാനിച്ചതിന്റെ സൂചനയാണിതെന്നാണ് സമാജ് വാദി പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജാതി പ്രേരിതമായ രാഷ്ട്രീയത്തില്‍ ജനക്കൂട്ടത്തെ കണ്ട് മാത്രം വോട്ട് ഉറപ്പിക്കാനാവില്ല. 2012 ല്‍ മായാവതിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഇത് വ്യക്തമായതാണ്. പരമ്പരാഗത മുസ്ലീം-യാദവ് കൂട്ടുകെട്ടിന് അപ്പുറത്തേക്ക് തന്റെ അടിത്തറ വിശാലമാക്കാനാണ് യാദവ് ഇപ്പോള്‍ ശ്രമിക്കുന്നത്. 

യാദവ ഇതര ഒബിസികളെ ലക്ഷ്യമിട്ടാണ് അഖിലേഷിന്റെ തന്ത്രം. കോണ്‍ഗ്രസിന്റെയും ബി എസ് പിയുടേയും പങ്കാളിത്തത്തോടെ 2017‑ലെയും 2019‑ലെയും നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ നേരിട്ട സമാജ് വാദി പാര്‍ട്ടി ഇത്തവണ വലിയ പാര്‍ട്ടികളുമായി സഖ്യമില്ലെന്നാണ് പ്രഖ്യാപിച്ചത്. മുന്നത്തെ പരീക്ഷണങ്ങള്‍ രണ്ടും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തോല്‍വികളാണ് എസ്പിയ്ക്കും അഖിലേഷിനും സമ്മാനിച്ചത്. 2017ല്‍ സംസ്ഥാനത്തെ 403 സീറ്റുകളില്‍ 224 എണ്ണത്തില്‍ മത്സരിച്ച് 29 ശതമാനം വോട്ട് നേടി 47 സീറ്റില്‍ ജയിക്കാനാണ് എസ്പിയ്ക്കായത്. 

2019‑ല്‍, മായാവതിയുമായുള്ള സഖ്യം മത്സരിച്ച 37 പാര്‍ലമെന്റ് സീറ്റുകളില്‍ 5 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ഇതോടെയാണ് ഇത്തവണ ആര്‍ എല്‍ ഡിയ്‌ക്കൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ അഖിലേഷ് തീരുമാനിച്ചത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്

Eng­lish Sumam­ry: SP-RLD to win 400 seats in UP; Akhilesh Yadav in firm faith

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.