സ്പെയിൻ സ്തംഭിച്ചു: ഒറ്റ ദിവസം 1500 കോവിഡ് കേസുകൾ

Web Desk

മാഡ്രിഡ്

Posted on March 15, 2020, 7:59 pm

കൊറോണ വൈറസ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ 47 മില്യൺ ജനങ്ങൾ സ്പെയിനിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ശനിയാഴ്ച മാത്രം 1,500 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശന നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്ക് ശേഷം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് സ്പെയിനെയാണ്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
193 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്.

ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. 6250 പേരിൽ രോഗം സ്ഥിരീകരിചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പെഡ്രോ സാഞ്ചെസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടും. ജനങ്ങളോട് അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ പുറത്തിറങ്ങരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും ബാറുകളും അടക്കം സകല കടകളും അടഞ്ഞു കിടക്കുകയാണ്. ആശുപത്രി സേവനങ്ങൾ, ഭക്ഷണം വാങ്ങാൻ എന്നിവയ്ക്കൊഴിച്ച് പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ,സാമൂഹിക സാമ്പത്തിക മേഖലയ്ക്ക് വൻ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 5,700 പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരട്ടിയായി. വൈറസ് പടർന്നു പിടിക്കുന്നതി​ന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയിരുന്നു. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പശ്ചിമേഷ്യയിലും രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ചൈനയിൽ പോലും ഇപ്പോൾ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും വിദേശത്ത് നിന്നും ചൈനയിലേക്ക് എത്തിയവരിലാണ്.

Eng­lish Sum­ma­ry: Spain report­ed 1500 covid cas­es per day

You may also like this video