സ്പാര്‍ക്ക്

Web Desk
Posted on July 28, 2019, 8:22 am

സുനിത പി എം

മരണവേഗത്തിലോടുന്നവണ്ടിതന്‍
എതിരിടങ്ങളില്‍ ജാലകംപറ്റി നാം
ഇതുവരെ കാണാതിരുന്നതെന്തോ തമ്മില്‍
മിഴികളാല്‍ കോര്‍ത്തിരിക്കേ തുടിക്കുന്നു
ആരുനാം എന്തിനെന്നും തിരയാതെ
അരിയമേഘശകലങ്ങള്‍ പോലവേ
പറയുവാനായിടാത്തൊരാ വാക്കിന്റെ
സ്ഫുരണമേറ്റങ്ങിരിക്കുന്ന മാത്രയില്‍
ഒരുകുളിര്‍കാറ്റു നമ്മെ തഴുകിയോ
ഉടലുനീറ്റുന്ന ഉഷ്ണ പെരുക്കത്തില്‍
അതുമതി നമ്മെയന്യരായ് തോന്നിലും
ഹൃദയരാഗം പൊഴിക്കും സുഗന്ധമായ്
വഴിനടത്തുവാനേറെയില്ലെങ്കിലും
നൊടിയിടയിലെ ഉന്മാദമാത്രകള്‍
ചൊടിയിലൂറുന്ന മന്ദസ്മിതത്തിനാല്‍
മിഴിമുനയിലെ കാന്തിക ശക്തിയാല്‍
പിരിയുമീനേരമൊന്നെറിഞ്ഞീടുന്നു
വെറുതെ കൈമാറുമീയനുരാഗവും
ഇനിയൊരിക്കലും കണ്ടുമുട്ടീടാതെ
ഒഴുകിനീങ്ങുന്നു കൈവഴിയായി നാം
അതിനിടയിലൊരുനൊടിമാത്രമീ
പ്രണയഭാവങ്ങള്‍ തൊട്ടുതലോടവേ
പതിതസംഘര്‍ഷപാതയിലെപ്പോഴോ
വെറുതെയോര്‍ത്തു രസിച്ചിടും മാത്രകള്‍
കടലുകണ്ടങ്ങിരിക്കുന്നനേരത്ത്
ഒരുതിര വന്നണക്കുന്നമാതിരി
മധുരമേറ്റും മൃഗതൃഷ്ണ തോല്‍ക്കുമീ
ഒളിയിടങ്ങള്‍ പിടിതരാപുള്ളികള്‍