8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024
July 1, 2024
June 25, 2024
May 23, 2024

ഭിന്നശേഷി വിഭാഗത്തിനുള്ള സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ: മന്ത്രി ആർ ബിന്ദു

Janayugom Webdesk
കോഴിക്കോട്
October 1, 2024 10:37 am

ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സമഗ്രപദ്ധതിയായ ‘അനുയാത്ര’ യുടെ കീഴിൽ നടപ്പാക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. 

കോഴിക്കോട് പൈലറ്റ് ആയി നടപ്പാക്കിയ പദ്ധതി വലിയ വിജയമായതിനാൽ ഈ വർഷം തന്നെ മറ്റൊരു ജില്ലയിൽ നടപ്പാക്കും. തുടർന്ന് അടുത്തവർഷം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ അങ്കണവാടിയിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളുടെ സംഗമം, ‘മലർവാടി’ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ ഒന്നാമത്തെ പരിഗണന നൽകേണ്ടത് ഭിന്നശേഷി കുട്ടികൾക്കാണ് എന്ന കാര്യത്തിൽ സാമൂഹ്യനീതി വകുപ്പിന് സംശയമില്ലെന്ന് മന്ത്രി പറഞ്ഞു. ഈ അവബോധം സമൂഹത്തിലും വേണ്ടതുണ്ട്. അതിനായി നിരന്തര ബോധവൽക്കരണം നടത്തുകയാണ്. പതിയെ മനോഭാവത്തിൽ മാറ്റം ഉണ്ടാകുന്നതായി മന്ത്രി പറഞ്ഞു. ബാരിയർ ഫ്രീ കേരള ആണ് സർക്കാരിന്റെ ലക്ഷ്യം. കെട്ടിടങ്ങൾ മാത്രമല്ല മനസ്സുകളും തടസ്സങ്ങളില്ലാതെ, എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളെയും ഉൾക്കൊള്ളാനാവുന്ന അവസ്ഥയിലേക്ക് മാറണം. ഏർളി ഡിറ്റക്ഷൻ ആൻഡ് ഇന്റർവെൻഷൻ എന്ന രീതിയിൽ ഇടപെട്ടാൽ വലിയ അളവിൽ ഭിന്നശേഷി വ്യതിയാനം പരിഹരിക്കാനാകുമെന്ന് മന്ത്രി ചൂണ്ടികാട്ടി. 

ഇപ്പോൾ ഭ്രൂണാവസ്ഥയിൽ തന്നെ വ്യതിയാനം തിരിച്ചറിയാനുള്ള സൗകര്യങ്ങളുണ്ട്. ഇങ്ങനെ നേരത്തെ തിരിച്ചറിഞ്ഞവ ശാസ്ത്രീയ പരിശീലനങ്ങളിലൂടെയും ചികിത്സയിലൂടെയും ഭേദമാക്കിയോ ലഘുകരിച്ചോ ഭിന്നശേഷി കുട്ടികളെ മറ്റു കുട്ടികൾക്കൊപ്പം ചേർക്കുന്ന ഉൾച്ചേരൽ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്ന് 1460 ഭിന്നശേഷി കുട്ടികളാണ് സ്പെഷ്യൽ അങ്കണവാടികളിലെ മികച്ച പരിശീലനത്തിലൂടെ പൊതുവിദ്യാലയങ്ങളിൽ ചേർന്നത്. പരിപാടിയിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ അധ്യാപികമാരായ 25 സ്പെഷ്യൽ എജുക്കേറ്റേഴ്സിന് മന്ത്രി ഉപഹാരം നൽകി. ഇതിൽ ഭിന്നശേഷിക്കാരിയായ ആര്യശ്രീയും ഉൾപ്പെടുന്നു. ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ മികവ് തിരിച്ചറിഞ്ഞു ലക്ഷദ്വീപിൽ നിന്നെത്തി കോഴിക്കോട്ടെ സ്പെഷ്യൽ അങ്കണവാടിയിൽ പ്രവേശനം നേടിയ കെ മുഹമ്മദ് സെയിമിനെ മന്ത്രി അനുമോദിച്ചു. മറ്റ് കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. 

കേരള സാമൂഹ്യസുരക്ഷ മിഷൻ ഡയറക്ടർ എച്ച് ദിനേശൻ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ അഞ്ജു മോഹൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ എസ് സബീന ബീഗം, സാമൂഹ്യസുരക്ഷ മിഷൻ സംസ്ഥാന പ്രൊജക്ട് കോർഡിനേറ്റർ എം പി മുജീബ് റഹ്‌മാൻ, മിഷൻ മുൻ അസി. ഡയറക്ടർ സഹീർ, റീജ്യനൽ ഡയറക്ടർ ഡോ. ടി സി സൗമ്യ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.