29 March 2024, Friday

ഭരണഘടനാദിനം ; നമുക്ക് പ്രതിജ്ഞകൾ പുതുക്കാം

കാനം രാജേന്ദ്രന്‍
November 25, 2021 6:07 am

നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആഘോഷിക്കാൻ സിപിഐ തീരുമാനിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി അറിയപ്പെടുന്ന ഇന്ത്യയുടെ ഭരണഘടന 1949 നവംബർ 26 നാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗീകരിച്ചത്. 1950 ജനുവരി 26 ന് ഒരു പരമാധികാര (റിപ്പബ്ലിക്ക്) രാഷ്ട്രമായി മാറിയ ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോ. ബാബാസാഹിബ് അംബേദ്കറുടെ ‘Stat­ue of Equal­i­ty’ സ്മാരകത്തിന് തറക്കല്ലിടുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 2015 ഒക്ടോബർ 11 ന്, നവംബർ 26 ഭരണഘടനാ ദിനമാണെന്ന് പ്രഖ്യാപനം നടത്തിയത്.

അംബേദ്കറുടെ 125-ാം ജന്മവാർഷികത്തിലായിരുന്നു ഈ പ്രഖ്യാപനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. അഡോൾഫ് ഹിറ്റ്ലർ അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ പാർട്ടിയുടെ ലക്ഷ്യങ്ങളിലൊന്നായി നാഷണൽ സോഷ്യലിസത്തെ പ്രഖ്യാപിച്ചതിന് ഏകദേശം സമാനമാണീ പ്രഖ്യാപനവും. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരാണ് തങ്ങളെന്നുള്ള മേനി പറച്ചിലാണീ പ്രഖ്യാപനത്തിന്റെ പിന്നിലുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ വച്ചേറ്റവും ദീർഘമായതാണ് ഇന്ത്യൻ ഭരണഘടന. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം ഇതിന്റെ ദൈർഘ്യത്തിലല്ല, മറിച്ച് അന്തഃസത്തയിലാണ് നിലനിൽക്കുന്നത് എന്നത് ഊന്നിപ്പറയേണ്ടിയിരിക്കുന്നു. പരമാധികാരം, സ്ഥിതിസമത്വം, മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക സാമ്പത്തികനീതി, മൗലികാവകാശങ്ങൾ തുടങ്ങിയ ആധുനിക ജനാധിപത്യാശയങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകൾ. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു എഴുതിച്ചേർത്ത ‘ആമുഖം’ ആരംഭിക്കുന്നത് ”നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” എന്ന വാക്യത്തോടെയാണ്. ആമുഖം അവസാനിക്കുന്നത് ”അതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ നൽകുകയും ചെയ്യുന്നു എന്ന ഏറ്റവും അർത്ഥഗർഭവും എന്നാൽ പ്രഖ്യാപിതവുമായ വാക്യത്തോടെയാണ്. ഇന്ത്യൻ ഭരണഘടനയുടെ മാഹാത്മ്യത്തിന്റെയും അതിൽ അന്തർഭവിച്ചിട്ടുള്ള ആശയങ്ങളുടെയും രത്നചുരുക്കം ഭരണഘടയുടെ ആമുഖത്തിലെ അവസാനവാക്യത്തിലാണുള്ളത്. അതായത് ഇന്ത്യൻ ജനങ്ങൾ, ഇന്ത്യൻ ജനങ്ങള്‍ക്കു നൽകുന്നതാണ് ഈ ഭരണഘടന എന്നത്.
ഭരണഘടനയുടെ സ്രഷ്ടാക്കൾ ജനങ്ങളാണ് എന്ന് ഉദ്ഘോഷിക്കുക വഴി പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നു മാത്രമല്ല, ജനങ്ങൾ മാത്രമാണ് പരമാധികാരികൾ എന്ന് അടിവരയിടുക കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ജനങ്ങൾ എന്ന് വിവക്ഷിക്കപ്പെടുന്നത് നിയമവാഴ്ചയെ അനുസരിക്കാത്ത ആൾക്കൂട്ടമല്ല, മറിച്ച് ഭരണഘടനയെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളാണ്. സമഗ്രാധിപത്യ രാഷ്ട്രങ്ങളെയും ഏകാധിപത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ വേർതിരിച്ചു നിർത്തുന്നത് ഈ പരമാധികാര സങ്കല്പമാണ്. മതാധിപത്യം, സൈനികാധിനിവേശം, രാജാധിപത്യം തുടങ്ങിയവയിൽ അധിഷ്ഠിതമായ ഭരണകൂടങ്ങൾ സൃഷ്ടിച്ച രക്തരൂക്ഷിതമായ കലാപങ്ങൾ, യുദ്ധങ്ങൾ, ജനാധിപത്യ ധ്വംസനങ്ങൾ എന്നിവയ്ക്കെല്ലാം ചരിത്രത്തിൽ അനവധി ഉദാഹരണങ്ങളുണ്ട്.

ജനാധിപത്യമെന്നാൽ ജനങ്ങളുടെ പരമാധികാരത്തിന്റെ സാക്ഷാത്ക്കാരമല്ലാതെ മറ്റൊന്നുമല്ല. ഈ പരമാധികാര സാക്ഷാത്കാരം സാധ്യമാവുന്നത് പ്രാതിനിധ്യ ഭരണത്തിന്റെയും അധികാര വിഭജനത്തിന്റെയും സഹായത്തോടുകൂടിയാണ്. പ്രാതിനിധ്യ ജനാധിപത്യമനുസരിച്ച് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും വിധേയമായി പ്രവർത്തിക്കുന്ന രാഷ്ട്രീയകക്ഷികൾ ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ ഭരണം നടത്തുന്നു. ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി എഴുപതു സംവത്സരങ്ങൾ പിന്നിടുമ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമരം നയിച്ചവരും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ മഹാത്യാഗം അനുഷ്ഠിച്ചവരും വിഭാവനം ചെയ്ത ഒരു രാഷ്ട്രമായി ഇന്ത്യ വളർന്നിട്ടുണ്ടോ എന്ന വിഷയം നാം ഗൗരവമായി വിലയിരുത്തേണ്ടതാണ്.ഒരു രാഷ്ട്രത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് ഏഴു ദശാബ്ദമെന്നത് ഒരു ചെറിയ കാലയളവല്ല എന്നതാണ് പ്രാഥമികമായി നാം മനസിലാക്കേണ്ടത്. ഒരു രാഷ്ട്രത്തിന്റെ വികാസത്തെ അടയാളപ്പെടുത്താൻ അംഗീകൃതമായ സാമ്പത്തിക വികസന സൂചികകൾ മാത്രം മതിയാവുകയില്ല. ഇവിടെയാണ് നാം നമ്മുടെ ഭരണഘടനയിൽ ഉൾച്ചേർന്നിട്ടുള്ള അടിസ്ഥാനാശയങ്ങളെ ആസ്പദമാക്കിയുള്ള സൂക്ഷ്മ രാഷ്ട്രീയ വിശകലനം നടത്തേണ്ടത്. ‘നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില’ എന്ന വിഖ്യാതമായ ചൊല്ല് പ്രസക്തമാവുന്നത് ഇവിടെയാണ്. വ്യക്തികളുടെ ആയാലും രാഷ്ട്രങ്ങളുടെ ആയാലും സ്വാതന്ത്ര്യലബ്ധിയിൽ ഒടുങ്ങുന്നതല്ല, അതിന്റെ ഭദ്രതയും ഭാവിയും. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടാതെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. ഭരണഘടന ഇന്ത്യൻ ജനങ്ങൾക്ക് നല്കുന്ന ഈ സ്വാതന്ത്ര്യ സംരക്ഷണമാണ് ഈ ദിനത്തിന്റെ സന്ദേശമായി സിപിഐ ഉയർത്തുന്നത്. ഈയൊരു പരിപ്രേക്ഷ്യത്തിൽ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളും സങ്കല്പങ്ങളും പരിരക്ഷിക്കുന്നതിൽ ഇന്ത്യ എത്രത്തോളം വിജയിച്ചുവെന്ന് പരിശോധിക്കുമ്പോൾ, വളരെ നിരാശാജനകമായ ചിത്രമാണ് വർത്തമാന ഇന്ത്യൻ സംഭവ വികാസങ്ങളിലൂടെ തെളിഞ്ഞു വരുന്നത്.

വികസനത്തിന്റെ ആത്യന്തികമായ മാനദണ്ഡം സാമ്പത്തിക വളർച്ച മാത്രമല്ല. സാമ്പത്തികവും സാമൂഹികവുമായ സമത്വം മതനിരപേക്ഷമായ രാഷ്ട്രീയ‑സാമൂഹിക സാംസ്കാരികാന്തരീക്ഷം, നിയമവാഴ്ച, സ്ത്രീ പുരുഷ സമത്വം, സാമൂഹിക സമാധാനവും സൗഹാർദബന്ധവും, മൗലികാവകാശങ്ങളുടെ ഭദ്രത തുടങ്ങിയ മേഖലകളിൽ നാം എത്രമാത്രം പുരോഗതി കൈവരിച്ചുവെന്നതായിരിക്കണം ഈയവസരത്തിൽ വിശകലനം ചെയ്യപ്പെടേണ്ടത്. ഭരണഘടനയിൽ ആലേഖനം ചെയ്യപ്പെട്ട മൗലികാവകാശങ്ങളുടെ സവിശേഷത എന്നു പറയുന്നത്; അതിലൊന്നും തന്നെ മറ്റൊന്നുമായി താരതമ്യം ചെയ്യാൻ കഴിയില്ല എന്നതാണ്. എന്നുവച്ചാൽ മൗലികാവകാശങ്ങളിലൊന്നും മറ്റൊന്നിനെക്കാൾ ചെറുതോ വലുതോ എന്ന് വിധിയെഴുതുന്നത് യുക്തിസഹമാവില്ല. ഈയൊരു സങ്കല്പനത്തിൽ ഊന്നി നിന്നുകൊണ്ടുതന്നെ, ഒരു ജനതയുടെ പരമപ്രധാനമായ അവകാശമേതെന്ന് ഒരാൾ ചോദിച്ചാൽ ആദ്യം നമ്മുടെ നാവിൽ വരേണ്ടത് ‘ജീവിക്കാനുള്ള അവകാശം’ തന്നെയാണ്. എല്ലാ മൗലികാവകാശങ്ങളും അടിസ്ഥാനപരമായും ജീവിക്കാൻ വേണ്ടിയുള്ളതാണ്. ജീവിക്കാനുള്ള അവകാശം എന്നുവച്ചാൽ വ്യക്തികൾക്കും സമൂഹങ്ങൾക്കും അന്തസോടെയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വാതന്ത്ര്യത്തോടെയും നീതിപൂർവകമായും ജീവിക്കാൻ കഴിയുക എന്നതാണ്. വിഖ്യാത ഫ്രഞ്ച് ധനശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ ഗവേഷണാത്മകപഠനം ഇന്ത്യയുടെ സാമ്പത്തികാസമത്വത്തെക്കുറിച്ച് ഭീതിജനകമായ ചിത്രമാണ് വരച്ചുവയ്ക്കുന്നത്.

വൻകിട ധനിക വർഗത്തിന്റെ കൈയിലാണ് മൊത്തം സ്വത്തിന്റെ 99 ശതമാനവും. മധ്യവർഗത്തിന്റെ പാപ്പരീകരണവും ദരിദ്രജനവിഭാഗം കൂടുതൽ ദരിദ്രരായി മാറിക്കൊണ്ടിരിക്കുന്നതുമാണ് ഇന്ത്യയുടെ സാമൂഹികജീവിതത്തിൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഇന്ത്യയുടെ ഭരണമേറ്റെടുത്തതോടെ കോർപറേറ്റുകൾ പൂർവാധികം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പിടിമുറുക്കുന്ന ചിത്രമാണ് നാം കാണുന്നത്. ഒരു ഭാഗത്ത് കോർപറേറ്റ് ശക്തികളുടെ അഭിലാഷങ്ങൾക്കനുസൃതമായി ഭരണയന്ത്രം ചലിപ്പിക്കുമ്പോൾ മറുഭാഗത്ത് ജനാധിപത്യം, ഭരണഘടനാ തത്വങ്ങൾ എന്നിവയെയെല്ലാം ബലികഴിച്ച് ഹിന്ദുത്വ വർഗീയ ഫാസിസം ഇന്ത്യയിൽ അടിച്ചേൽപ്പിക്കുകയാണ് സംഘപരിവാർ ശക്തികൾ. ബിജെപി കേന്ദ്രഭരണത്തിൽ വരുന്നതിനു മുമ്പുതന്നെ ഗുജറാത്തിൽ മോഡി സർക്കാർ നടപ്പാക്കിയ ഏറ്റവും ഹീനവും ഭീകരവുമായ പരീക്ഷണമായിരുന്നു മുസ്ലീങ്ങൾക്കും ദളിതർക്കും മറ്റു പ്രാന്തീയ സമൂഹങ്ങൾക്കുമെതിരായ കലാപം. വിഖ്യാത ചിന്തകനായ ഉംബെർട്ടോ ഇക്കോ ഫാസിസത്തിന്റെ ചില അടിസ്ഥാന സ്വഭാവങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഫാസിസത്തിന്റെ പ്രധാന സവിശേഷതകളായി അദ്ദേഹം പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. ”അന്ധമായ പാരമ്പര്യാഭിനിവേശം, സ്വതന്ത്ര ചിന്തയെ നിഷേധിക്കൽ, കല, സംസ്കാരം തുടങ്ങി ബൗദ്ധിക പ്രവർത്തനങ്ങൾ എന്നിവയോടുള്ള കടുത്ത സംശയവും ഭയവും, വിയോജിപ്പുകളോടുള്ള അസഹിഷ്ണുത, ബഹുസ്വരതാനിരാസം, അന്തസ്സാരശൂന്യമായ പ്രഭാഷണം, ദേശീയതയെക്കുറിച്ചുള്ള വ്യാജ നിർമ്മിതി, അപരവൽക്കരണം, വീരാരാധന, പുരുഷാധിപത്യം, ദുർബല ജനവിഭാഗങ്ങളോടുള്ള നിന്ദ, വ്യാജമായ ചരിത്ര നിർമ്മാണം.


ഇതുംകൂടി വായിക്കാം ; അംബേദ്ക്കറും അയ്യന്‍കാളിയും തിരിച്ചെത്തണം


”മേൽപരാമർശിച്ച ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെല്ലാം ഒത്തിണങ്ങിയ രീതിയിലാണ് പതിറ്റാണ്ടുകളായി സംഘപരിവാർ ശക്തികൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും വിനാശകരമായ ഉദാഹരണമായിരുന്നു 1992 ഡിസംബർ ആറിനു ഹിന്ദുത്വ വർഗീയ ഫാസിസ്റ്റുകൾ നടത്തിയ ബാബറി മസ്ജിദ് ധ്വംസനം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെയും ചവിട്ടിമെതിച്ചുകൊണ്ട് ഹിന്ദുത്വശക്തികൾ നടത്തിയ കൊടിയ തേർവാഴ്ചയായിരുന്നു അത്. ബാബറി മസ്ജിദ് ധ്വംസനത്തോടെ സംഘപരിവാറിന്റെ ആക്രമണ പരമ്പര നിർബാധം തുടരുകയാണ്. സ്വതന്ത്ര ചിന്തകരെയും കലാകാരന്മാരെയും വധിക്കുകയും ആക്രമിക്കുകയും സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കുകയും ചെയ്തു. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി തുടങ്ങിയ ധൈഷണികരംഗത്തെ അതികായർ ഹിന്ദുത്വ ഫാസിസ്റ്റുകളാൽ വധിക്കപ്പെട്ടു. അനേകം പ്രതിഭാശാലികൾ സംഘപരിവാർ ശക്തികളുടെ പീഡനത്തിനു വിധേയരായി. വിഖ്യാത ചിത്രകാരൻ എം എഫ് ഹുസൈൻ, ലോക പ്രശസ്ത നർത്തകി മല്ലിക സാരാഭായ്, നാടക പ്രവർത്തകൻ ഹബീബ് തൻവീർ, ആനന്ദ് പട്വർധൻ, മേധാപട്കർ തുടങ്ങിയവർ ഇതിൽ എടുത്തു പറയേണ്ടവർ മാത്രം. ഗോമാതാവിന്റെ പേരിൽ അനവധി ന്യൂനപക്ഷ വിഭാഗങ്ങളെയും ദളിതരെയും കൊല ചെയ്തു. മതനിരപേക്ഷത എന്ന ആശയം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമാണ്. എന്നാൽ മതത്തെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്നും പൊതു മണ്ഡലങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുകയെന്ന ആധുനിക മതനിരപേക്ഷ സങ്കൽപ്പത്തിനു പകരം, മതാടിസ്ഥാനത്തിലുള്ള അതായത് കൃത്രിമമായി നിർമ്മിച്ചെടുത്ത ‘ഹിന്ദുത്വരാഷ്ട്രീയമത’ത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്ര ഹിന്ദുത്വ ദേശീയതയാണ് ബിജെപി, അതിന്റെ മുഖ്യ അജണ്ടയായി സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രബോധത്തെ നിരാകരിക്കൽ, മാനവികതയെ നിന്ദിക്കൽ, ദേശീയ സുരക്ഷയുടെ പേരിൽ ഭീതി പരത്തൽ, സമാധാനപരമായ സഹവർത്തിത്വത്തിൽ അധിഷ്ഠിതമായ വിദേശനയത്തിനു പകരം അക്രമാസക്തമായ നയം പിൻതുടരുക, പുരുഷാധിപത്യ ആശയങ്ങൾ ബലപ്പെടുത്തൽ, കോർപറേറ്റ് ചങ്ങാത്തവും കോർപറേറ്റ് സേവയും, മാധ്യമ പ്രവർത്തനങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തൽ, വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കൽ എന്നിവയെല്ലാമാണ് ബിജെപിയുടെ മുഖ്യരാഷ്ട്രീയ പ്രവണതകൾ.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17 ന് ആത്മഹത്യ ചെയ്ത സംഭവം ഈയവസരത്തിൽ സ്മരണീയമാണ്. നവംനവങ്ങളായ ആശയധാരകളുടെയും പ്രസ്ഥാനങ്ങളുടെയും വിളനിലമായ സർവകലാശാലകളെ വിശേഷിച്ചും ജെഎൻയു പോലുള്ളവയെ പിടിച്ചടക്കുകയെന്നത് മോഡി സർക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നു. നിരവധി ജെഎൻയു വിദ്യാർത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് നേരിട്ട് ഇടപെട്ടതുമെല്ലാം ഇന്ന് പകൽപോലെ വ്യക്തമാണ്. എണ്ണമറ്റ മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പരിസ്ഥിതിവാദികളെയും നീതിക്കായി പോരാടിയ പ്രതിഭകളെയും സാംസ്കാരിക പ്രവർത്തകരെയും ഭരണകൂടം വേട്ടയാടിയതിന്റെ ചരിത്രം വിസ്താരഭയത്താൽ പരാമർശിക്കുന്നില്ല. എന്നാൽ ഫാദർ സ്റ്റാൻസ്വാമിയുടെ പേര് വിസ്മരിക്കാനാവില്ല. ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അരനൂറ്റാണ്ടിലധികം കാലം പോരാടിയ സ്വാമി 2021 ജൂലായ് 5 ന് മരണപ്പെട്ടത് ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്നാരോപിച്ച് എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) സ്റ്റാൻസ്വാമിയെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കൊളോണിയൽ ഭരണാധികാരികൾ പടച്ചുണ്ടാക്കിയ കാലഹരണപ്പെട്ടതും ക്രൂരവുമായ ഈ കാടന്‍ നിയമമാണ് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയത്. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ സംസ്കാരത്തെയും വെല്ലുവിളിക്കുകയും പല്ലിളിച്ചുകാണിക്കുകയും ചെയ്യുന്ന യുഎപിഎ പോലുള്ള കിരാത നിയങ്ങൾ റദ്ദ് ചെയ്യണമെന്ന ആവശ്യം രാജ്യത്തുടനീളം ഉയർന്നിട്ടും മോഡി ഭരണകൂടം അതിനു തയ്യാറാവുന്നില്ല. മാത്രമല്ല നിരപരാധികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മേൽ, അവരെ നിശബ്ദരാക്കാൻ പരക്കെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ട മറ്റൊരു ജനാധിപത്യ വിരുദ്ധ നിയമമാണ് പൗരത്വഭേദഗതി നിയമം. ഇത്തരം നിഷ്ഠൂര നടപടികൾ കൊണ്ടൊന്നും ഇന്ത്യൻ ഭരണഘടനാ തത്വങ്ങളെയും ജനാധിപത്യക്രമത്തെയും അട്ടിമറിക്കാൻ കഴിയില്ല. ഫാസിസ്റ്റ് രീതിയിലുള്ള ഭരണക്രമത്തിനെതിരായി രാജ്യമെങ്ങും ജനാധിപത്യ പ്രസ്ഥാനങ്ങൾ കരുത്താർജിക്കുക തന്നെ ചെയ്യും. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കർഷക പ്രക്ഷോഭത്തിന്റെ വിജയം അസന്ദിഗ്ധമാം വിധം അത് വെളിപ്പെടുത്തുന്നു. കോർപറേറ്റുകൾക്ക് അനുകൂലമായി മോഡി സർക്കാർ പടച്ചുണ്ടാക്കിയ കർഷക വിരുദ്ധമായ, ‘കാർഷിക നിയമങ്ങൾ’ റദ്ദു ചെയ്യാൻ യഥാർത്ഥത്തിൽ നിർബന്ധിതരാവുകയായിരുന്നു. കർഷകർ മുന്നോട്ടുവച്ച പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടില്ലെങ്കിലും കാർഷിക നിയമങ്ങൾ റദ്ദ് ചെയ്തത് ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ ഏറ്റവും ഉജ്വലമായ വിജയം തന്നെയാണ്.


ഇതുംകൂടി വായിക്കാം; ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണം


എഴുന്നൂറിലധികം കർഷക പോരാളികളുടെ ജീവൻ കൊടുത്തുകൊണ്ട് ഒരു വർഷത്തിലധികം കാലം കർഷകർ നടത്തിയ പോരാട്ടം, രക്തലിപികളാൽ പുതിയൊരു ചരിത്രം തന്നെ രചിച്ചിരിക്കയാണ്. ഇത് ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്നതിന് യാതൊരു സംശയവുമില്ല, നവലിബറൽ നയങ്ങൾക്കും കോർപറേറ്റ് സേവയ്ക്കും ചുരുക്കത്തിൽ ചങ്ങാത്ത മുതലാളിത്തത്തിനും ഏറ്റ കനത്ത പ്രഹരം കൂടിയാണീ വിജയം. ഭരണഘടനാ ദിനമാഘോഷിക്കുന്ന ഈ മഹത്തായ വേളയിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പരമാധികാരം, നീതി, മതേതരത്വം, സാമൂഹ്യനീതി, സാഹോദര്യം, സ്വാതന്ത്ര്യം, സമത്വം എന്നീ മൂല്യങ്ങൾക്കും ഫെഡറലിസത്തിനും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും മറ്റ് മൗലികാവകാശങ്ങൾക്കും ഭരണഘടനാ തത്വങ്ങൾ പരിരക്ഷിക്കുന്നതിനും വേണ്ടിയുള്ള ചുമതല ഏറ്റെടുക്കാൻ ഇന്ത്യയിലെ ജനങ്ങളായ നാം ഒറ്റക്കെട്ടായി കൈകോർത്തേ മതിയാവൂ. അതിന് തയാറാകുക എന്നതാണ് ഈ ഭരണഘടനാ സംരക്ഷണ ദിനത്തിലെ നമ്മുടെ അടിയന്തിര കടമ. അതിനു വേണ്ടിയുള്ള വിശാലമായ ജനാധിപത്യ ഐക്യനിര പടുത്തുയർത്താൻ നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.