28 March 2024, Thursday

Related news

October 27, 2023
October 25, 2023
February 12, 2023
December 8, 2022
October 26, 2022
October 25, 2022
October 23, 2022
November 18, 2021
October 24, 2021
October 21, 2021

പുന്നപ്ര, വയലാർ ഗ്രാമങ്ങൾ അരുണാഭമായിട്ട് എഴുപത്തി അഞ്ചുവർഷങ്ങൾ

പുളിക്കല്‍ സനില്‍രാഘവന്‍
October 24, 2021 12:52 pm

ബ്രട്ടീഷ് സാമ്രാജ്യത്വത്തിനും, ദിവാൻ ഭരണത്തിനും എതിരേയുള്ള ഐതീഹാസികമായ സമരത്തിന് പുന്നപ്ര‑വയലാർ ഗ്രാമങ്ങളെ അരുണാഭമാക്കിയ തെഴിലാളി മുന്നേറ്റത്തിന് എഴുപത്തി അഞ്ചു വർഷം തികയുന്നു,.ചരിത്രത്തിൻറെ കലണ്ടറിൽ പുന്നപ്ര‑വയലാർ സമരേതിഹാസത്തിന് ഏറെ പ്രാധാന്യമാണ്. ഓർമ്മകൾ ഏറെ ജ്വലിക്കുന്നതാണ്. പഴയ തിരുവിതാംകൂറിലെ രണ്ട് ചൊരിമണൽ ഗ്രാമങ്ങൾ മാത്രമായിരുന്നു പുന്നപ്രയും വയലാറും 1946 വരെ. എന്നാൽ, 1946 ഒക്ടോബറിനുശേഷം ആ ഗ്രാമങ്ങൾക്ക് ചരിത്രപുസ്തകത്തിൽ ഒരു പേരുവന്നു; രക്തസാക്ഷി ഗ്രാമങ്ങൾ. അത് പിന്നീട് പാട്ടിനും കഥയ്ക്കും നാടകത്തിനും സിനിമയ്ക്കുമൊക്കെ ഭൂമികയൊരുക്കി. പിന്നീട്, എവിടെയുമുള്ള വിപ്ലവപ്പോരാളികളുടെ മനസ്സിലെ സിന്ദൂരപ്പൊട്ടായി മാറി. അമ്പലപ്പുഴ–-ചേർത്തല താലൂക്കുകളിലെ കയർ ഫാക്ടറിത്തൊഴിലാളികൾ തങ്ങളുടെ കൂലി–-വേല വ്യവസ്ഥകളിൽ കൃത്യതയും വ്യക്തതയും വരുത്തണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ഒരു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യസമരത്തിന്റെ ഗരിമയിലേക്ക് വളർന്നുപന്തലിച്ചതാണ് പുന്നപ്ര–-വയലാർ സമരചരിത്രം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും, കർഷകതൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർതൊഴിലാളികളും, മത്സ്യതൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു.

1946 ‑ൽഇൻഡ്യൻ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. കയർതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും] മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകൾ തൊഴിലാളികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ ശക്തമായി പ്രതികരിച്ചു. , .. കൂലി കുറക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ ജന്മിമാർ സ്വീകരിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പാർട്ടി പ്രക്ഷോഭം സംഘടിപ്പിച്ചു. ടി. വി തോമസ്, ആർ. സുഗതൻ„ പി ടി പുന്നൂസ്, എം എൻ ഗോവിന്ദൻ നായർ, എസ്.കുമാരൻ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ പി. കൃഷ്ണപിള്ളയാണ് പുന്നപ്ര വയലാർ സമരത്തിന്റെ സംവിധായകൻ. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ആദ്യം പാർട്ടിയുണ്ടാകുന്നത്. 1936‑ൽ തിരുവിതാംകൂർ കയർഫാക്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ പണിമുടക്കു നടന്നു. ഇതിനു നേതൃത്വം നൽകിയ പി. കൃഷ്ണപിള്ള അറസ്റ്റിലായി. 1938‑ൽ തിരുവിതാംകൂർ ട്രേഡ് യൂണിയൻ ആക്ട് വന്നു. 600 നാട്ടുരാജ്യങ്ങളിൽ ആദ്യമായി ഇങ്ങനെ ആക്ടുണ്ടായത് ഇവിടെയാണ്. അക്കാലത്ത് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ജന്മിത്വം ശക്തമായിരുന്നു. രാജവാഴ്ചയും രാജാവിന്റെ ഇംഗിതം നടപ്പാക്കാൻ സർ സി. പി. യുടെ കിങ്കരന്മാരും. ബ്രിട്ടീഷ് സർക്കാരുമായുള്ള ചങ്ങാത്തം. ഇതായിരുന്നു അന്നത്തെ രീതി. കയർ ഫാക്ടറിയല്ലാതെ ആലപ്പുഴയിൽ വേറെ കാര്യമായ വ്യവസായമൊന്നുമില്ല. യൂറോപ്യന്മാരുടെയും നാട്ടിലെ ജന്മിമാരുടെയും കയർ ഫാക്ടറികളുണ്ടായിരുന്നു. ജന്മിമാരുടെ ഗുണ്ടകൾ തൊഴിലാളികളെ ഉപദ്രവിക്കുന്നത് അവകാശം പോലെയായിരുന്നു. പിടിച്ചുകെട്ടി തല്ലുക, സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതി. ഇതിനെതിരായ പ്രതിരോധം കമ്യൂണിസ്റ്റു പാർട്ടി എല്ലായിടത്തും തുടങ്ങി. ഇതുവളർന്നുവന്നാണ് കയർ ഫാക്ടറി തൊഴിലാളികൾ പണിമുടക്കിയതും പിന്നീട് ആക്ട് വന്നതും. സർ സി. പി. യുടെ പട്ടാളവും ജന്മിമാരുടെ ഗുണ്ടകളും ചേർന്നുള്ള അക്രമവും സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് പോരാട്ടത്തിലേക്ക് കടക്കുന്നത്. അതിനൊരു രാഷ്ട്രീയമുഖവും വന്നു. സ്വതന്ത്ര തിരുവിതാംകൂർ എന്നൊരു വാദം സർ സി. പി. മുന്നോട്ടുവെച്ചു. സ്വാതന്ത്ര്യം കിട്ടുമെന്ന തോന്നൽ വന്നപ്പോൾ മറ്റു നാട്ടുരാജ്യങ്ങളൊക്കെ അതിനോട് ചേർന്നുപോകുന്ന നിലപാടാണ് സ്വീകരിച്ചത്.

ഹൈദരാബാദ് നൈസാം, തിരുവിതാംകൂർ രാജാവ് എന്നിവരൊക്കെ എതിർക്കുന്നവരായിരുന്നു. ഇന്ത്യൻ യൂണിയനിൽനിന്ന് വേർപെട്ട് സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദത്തിനെതിരായ രാഷ്ട്രീയമായ പോരാട്ടമായിക്കൂടി പുന്നപ്ര വയലാർ സമരം മാറി. ട്രേഡ് യൂണിയൻ അവകാശങ്ങൾക്കൊപ്പം പ്രായപൂർത്തി വോട്ടവകാശവും നേതാക്കൾ ചോദിച്ചു. ഇതിന്റെ കൂടിയാലോചനയ്ക്കായി സർ സി. പി. യൂണിയൻ നേതാക്കളെ വിളിച്ചു. ചർച്ചയ്ക്കു പോയ ടി. വി. തോമസിന് ഇരിക്കാൻ ഒരു കസേരപോലും കൊടുത്തില്ല. ഉയർന്ന പീഠത്തിലിരിക്കുകയായിരുന്ന സി. പി. ക്കു മുന്നിൽ അത്രയും പൊക്കമുള്ള മേശയുടെ പുറത്ത് ടി. വി. കയറിയിരുന്നു. പ്രായപൂർത്തി വോട്ടവകാശം ഒഴിച്ചുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സർ സി. പി. പറഞ്ഞു. എന്നാൽ, പ്രായപൂർത്തി വോട്ടവകാശം അംഗീകരിക്കുകയും സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദം ഉപേക്ഷിക്കുകയും ചെയ്താൽ മറ്റെല്ലാ ഡിമാൻഡുകളും വേണ്ടെന്നുവെക്കാമെന്നായിരുന്നു ടി. വി. യുടെ മറുപടി. ഇതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് സർ സി. പി. യുടെ പട്ടാളം ഉപദ്രവങ്ങൾ തുടങ്ങി. ഇത് പോരാട്ടത്തിലേക്കു നയിക്കുകയായിരുന്നു. 1946 ഒക്ടോബർ 23‑ന് പുന്നപ്രയിൽ ആദ്യപോരാട്ടം നടന്നു. വയലാറിൽ 27‑നായിരുന്നു വെടിവെപ്പ്. വയലാർ അന്ന് ദ്വീപാണ്. 27‑ന് അവിടെ സമ്മേളിച്ച ജനക്കൂട്ടത്തിനുനേരെ നാലുവശത്തും ബോട്ടിലൂടെ വന്ന പട്ടാളം ഒരു കാരണവുമില്ലാതെ വെടിവെക്കുകയായിരുന്നു. നൂറുകണക്കിനാളുകൾ മരിച്ചു. നിരായുധരെയാണ് വെടിവെച്ചത്. എന്നാൽ, പുന്നപ്രയിലേത് പോരാട്ടമായിരുന്നു. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളുമായി പാവപ്പെട്ട തൊഴിലാളികൾ പട്ടാളത്തിന്റെ തോക്കിനെയും പീരങ്കിയെയും ലാത്തികളെയും നേരിട്ടു. പുന്നപ്രയിലെ പോരാട്ടത്തിനു പിന്നാലെ മാരാരിക്കുളം, മേനാശ്ശേരി, ഒളതല എന്നിവിടങ്ങളിലും വെടിവെപ്പുണ്ടായി. വയലാറിലാണ് നൂറിലേറെപ്പേർ രക്തസാക്ഷികളായത്. അവിടെ സമരഭൂമിയിൽ വലിയ കുളം ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു രക്തസാക്ഷികളുടെ മൃതദേഹങ്ങൾ പൊലീസും പട്ടാളവും കുളത്തിൽ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ആ കുളം കുന്നുപോലെയായി മാറി. വയലാറിലെ പഴമക്കാരുടെ ഓർമകളിൽ സമരഭൂമി ഇന്നും ‘വെടിക്കുന്നാ’ണ്. പുന്നപ്രയിൽ വെടിയേറ്റു മരിച്ചവരെയും മുറിവേറ്റവരെയും പിടികൂടിയവരെയും പട്ടാളവണ്ടികളിൽ വാരിവലിച്ചിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ കൊണ്ടുവന്ന് പെട്രോൾ ഒഴിച്ച് തീവെച്ചു ദഹിപ്പിച്ചു. അങ്ങനെയാണ് വലിയ ചുടുകാട് പുന്നപ്ര വയലാർ രക്തസാക്ഷി നഗരിയായത്. എല്ലായിടത്തുമായി നൂറുകണക്കിന് രക്തസാക്ഷികൾ. മർദനത്തിന്റെയും വെടിയുണ്ടകളുടെയും വടുക്കളുമായി ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി നിരവധിപേർ. ഇന്നിപ്പോൾ 75 ആണ്ട് പിന്നിടുമ്പോൾ സമരസേനാനികളിൽ അവശേഷിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.

പുന്നപ്ര–-വയലാറിനുശേഷമുള്ള ഒരു പതിറ്റാണ്ട് കേരളത്തിന്റെ രാഷ്ട്രീയ–-സാമൂഹ്യഘടനയെ അത്ഭുതകരമായി മാറ്റിത്തീർക്കുന്നതാണ് നാം കണ്ടത്. സമരത്തിനുശേഷം ഒരു വർഷം കഴിയുന്നതിനുമുമ്പുതന്നെ ദിവാൻ രാമസ്വാമി അയ്യർക്ക് നാടുവിടേണ്ടിവന്നു. തിരുവിതാംകൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി. 1956 നവംബർ ഒന്നിന് ഐക്യകേരളവും രൂപംകൊണ്ടു. തൊട്ടുപിറ്റേ വർഷം ഏപ്രിൽ അഞ്ചിന് തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി. വിദ്യാഭ്യാസനിയമവും ഭൂപരിഷ്കരണനിയമവുമടക്കം നടപ്പാക്കിക്കൊണ്ട് ആ സർക്കാർ കേരളത്തിന്റെ സാമൂഹ്യജീവിതത്തിന് പുതിയ ദിശാബോധം നൽകി. പാവപ്പെട്ട മനുഷ്യർക്ക് സ്വന്തമായി കിടപ്പാടം ലഭിച്ചു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ വെളിച്ചം സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.