അന്ന് പ്രത്യേക അതിഥിയായി സിബിഐ ആസ്ഥാനത്ത്; ഇന്നലെ അതേ കെട്ടിടത്തിലെ ലോക്കപ്പിൽ

Web Desk
Posted on August 22, 2019, 2:21 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ ചിദംബരത്തെ കഴിഞ്ഞദിവസം പാര്‍പ്പിച്ചതും ചോദ്യംചെയ്തതും ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തായിരുന്നു. എട്ടുവര്‍ഷം മുന്‍പ് പി ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത അതേ കെട്ടിടത്തില്‍.

പിചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 2011 ഏപ്രില്‍ 30നാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ സിബിഐയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങായിരുന്നു ഉദ്ഘാടകന്‍. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം ചടങ്ങില്‍ പ്രത്യേക അതിഥിയും.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കൊണ്ടുവന്നപ്പോള്‍ ചിദംബരം രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എലികളില്ലാത്ത മുറിയും വൃത്തിയുള്ള ഭക്ഷണവുമാണ് ചിദംബരം ആവശ്യപ്പെട്ടത്.

സിബിഐ ആസ്ഥാനത്തെ കാന്റീനില്‍ നിന്നും ഭക്ഷണം എത്തിച്ചെങ്കിലും അദ്ദേഹം കഴിക്കാന്‍ വിസമ്മതിച്ചു. സിബിഐ ആസ്ഥാനത്തെ അഞ്ചാം നമ്പര്‍ സ്യൂട്ടിലാണ് ചിദംബരത്തെ പാര്‍പ്പിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു മണിക്കൂര്‍ സമയത്തെ ഉറക്കവും വൈദ്യ സഹായവും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. രാത്രി 9.45ന് അറസ്റ്റ് ചെയ്ത ചിദംബരത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലേയ്ക്കാണ് നേരെ കൊണ്ടുപോയത്. കോടതി അനുവദിച്ചാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കാമെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ക്ക് സിബിഐ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചോദിച്ചെങ്കിലും ചിദംബരം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.