ഇന്ത്യയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍

Web Desk
Posted on February 22, 2018, 9:22 am

ഇന്ത്യയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. എന്നാൽ  ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങള്‍ ഇതിൽ ഉള്‍പ്പെടുത്തില്ല.

ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ആരോഗ്യം, വിദ്യാഭ്യാസം, ജോലി തുടങ്ങി കുട്ടിയുടെ ജനനം മുതലുള്ള വിവരങ്ങളെല്ലാം ശേഖരിക്കുകയാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ലക്ഷ്യം.

ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പറായിരിക്കും കുട്ടിയുടെ ആധാറുമായി ബന്ധിപ്പിക്കുക. ഇതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് വഴി ഭാവിയില്‍ ഓരോ പൗരന്റെയും ചികിത്സയ്ക്ക് ഉപകരിക്കുമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം കണക്കുകൂട്ടുന്നു.

സ്‌കൂളില്‍ പോകാനാകാത്ത കുട്ടികള്‍, പഠനശേഷം ജോലി ലഭിക്കാത്തവര്‍ തുടങ്ങിയ കണക്കുകള്‍ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നും കരുതുന്നു. വിദ്യാഭ്യാസ പദ്ധതികളുടെയും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളുടെയും നിലവാരവും വിലയിരുത്താനാകും.