തേജസ് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് പ്രത്യേക ലോഞ്ചുകളും സൗജന്യ യാത്രാ ഇന്‍ഷുറന്‍സും

Web Desk
Posted on September 12, 2019, 5:46 pm

ന്യൂഡല്‍ഹി: ഡല്‍ഹി-ലഖ്‌നൗ തേസ് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര ഇന്‍ഷുറന്‍സ്. 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സാണ് ഐആര്‍ടിസി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ വീട്ടില്‍ നിന്ന് ട്രെയിനിലേക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടി പ്രത്യേക ലോഞ്ചുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. അടുത്തമാസം മുതലാണ് തേജസ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുക.
ഐആര്‍ടിസിയുടെ കീഴില്‍ സര്‍വീസ് തുടങ്ങുന്ന തേജസ് എക്‌സ്പ്രസ് ഡല്‍ഹി-ലഖ്‌നൗ റൂട്ടിന് പുറമെ മുംബൈ-അഹമ്മദാബാദ് റൂട്ടിലും സര്‍വീസ് നടത്തും. ചില ട്രെയിനുകളെ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന് മുന്നോടിയായി പരീക്ഷാണാടിസ്ഥാനത്തിലാണ് ഈ നടപടി.

തേജസ് എക്‌സ്പ്രസിലെ യാത്രികര്‍ക്ക് യാതൊരു ഇളവുകളും അനുവദിക്കുന്നതല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മുഴുവന്‍ ചാര്‍ജും നല്‍കണം. തല്‍ക്കാലം സൗകര്യവും ഇതില്‍ ലഭ്യമായിരിക്കില്ല. എക്‌സിക്യൂട്ടീവ് ക്ലാസിലും എസി ചെയര്‍ കാറിലും അഞ്ച് സീറ്റുകള്‍ വീതം വിദേശ സഞ്ചാരികള്‍ക്കായി നീക്കി വച്ചിരിക്കും.

ഇതിലെ ചാര്‍ജും മാറിക്കൊണ്ടിരിക്കും. ആഘോഷവേളകളിലും മറ്റും ഇതേ റൂട്ടില്‍ ടാക്‌സികള്‍ ഈടാക്കുന്നതിന് ആനുപാതികമായി നിരക്ക് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് മാസം മുമ്പ് ബുക്കിംഗ് നടത്തണം.