സംസ്ഥാന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനു വർണാഭ തുടക്കം

Web Desk
Posted on January 11, 2018, 7:00 pm
തിരുവനന്തപുരം: ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായി കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനു കൊടിയേറി. നാല് ദിവസം നീളുന്ന മേളയിൽ 25000 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ യൂണിഫോമ്ഡ് മാര്‍ച്ച്, സ്‌പെഷ്യല്‍ അത്‌ലറ്റിക് മീറ്റ്, സാന്താ ഫെസ്റ്റ്  എന്നിവയാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കേരളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.
സാന്താ ക്ലോസിന്റെ വേഷത്തിൽ പ്രത്യേക ശേഷിയുള്ളവർ അണിനിരന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഗിന്നസ് ബുക്കിലേക്ക് പ്രവേശിക്കാൻ ഇടയുള്ള ലോകത്തെ തന്നെ മികച്ച പ്രകടനമായാണ് കരുതപ്പെടുന്നത്.  മേളയുടെ ഔപചാരിക ഉത്ഘാടനം സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ നിർവഹിച്ചു. തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.
 സംസ്ഥാനത്തെ  14 ജില്ലകളിലും നിന്നുള്ള കായിക താരങ്ങൾ മത്സരത്തേക്കാൾ ഉപരി സൗഹാർദത്തിന്റെ ഏറ്റുമുട്ടൽ നടത്തുന്ന സ്പെഷ്യൽ ഒളിമ്പിക്സ് കേരളത്തിലെ സ്പെഷ്യൽ കുട്ടികളുടെ ഏറ്റവും വലിയ സംഗമമാണ്.
 മേളയുടെ ഭാഗമായി ഒളിമ്പ്യന്‍ ചക്രപാണി എന്ന നാടകം ഇന്ന് അവതരിപ്പിക്കും. മുരളീകൃഷ്ണ രചിച്ച് കണ്ണൂര്‍ വാസൂട്ടി സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ ചക്രപാണി’  ഭിന്നശേഷിക്കാരെയും ഭിന്നലിംഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തരുത് എന്ന സന്ദേശം നല്‍കുന്ന നാടകമാണ്. തിരുവനന്തപുരം സംസ്‌കൃതിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.