അംഗീകൃത സ്പെഷ്യൽ സ്കൂളുകൾക്കായി പ്രത്യേക പാക്കേജ് നടപ്പാക്കും: മന്ത്രി കെ കെ ഷൈലജ

Web Desk
Posted on June 11, 2019, 9:09 pm

കൊച്ചി : സംസ്ഥാനത്തെ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകരുടെയും, അനധ്യാപകരുടെയും ശമ്പളം വര്‍ദ്ധ്പ്പിക്കണമെന്നും, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും  എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് 304‑അംഗീകത സ്‌പെഷ്യല്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. 15000‑ത്തോളം കുട്ടികളാണ് ഈ സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇവിടത്തെ അധ്യാപകര്‍ക്ക് 5000‑രൂപയിലും, അനധ്യാപകര്‍ക്ക് 3000‑ത്തില്‍ താഴെയുമാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കണമെന്നും, ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് വർധിപ്പിക്കണമെന്നും, 100‑കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്നും എം.എല്‍.എ  ആവശ്യപ്പെട്ടു. പഞ്ചായത്ത്, നഗരസഭകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് 30000‑രൂപയും, അനധ്യാപകര്‍ക്ക് 18000‑രൂപയുമാണ് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്നത്. ഇതേ മാനദണ്ഡം സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും നടപ്പിലാക്കണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായാണ് സംസ്ഥാനത്തെ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി  നിയമസഭയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 9 ന് മുഖ്യമന്ത്രിയുടെയും, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രത്യേക യോഗം ചേർന്നിരുന്നു. യോഗത്തിൽ സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്‌കൂളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സ്‌കൂളുകളുടെ നിലവാരം വിലയിരുത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 50‑കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകള്‍ക്ക് സി.ഗ്രേഡും, 50‑മുതല്‍ 100-വരെ കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് ബി.ഗ്രേഡും, 100‑ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് എ‑ഗ്രേഡും നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടന്നും, ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഈമാസം 17ന് ഇതിനായി പ്രത്യേക യോഗം വിളിച്ചിട്ടുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു