Janayugom Online
kanam rajendran

പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് വേണം: കാനം

Web Desk
Posted on August 31, 2018, 10:03 pm

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ്  വേണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. പറവൂരിലെ പ്രളയ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങൾക്ക് കേന്ദ്രം നീക്കിവെയ്ക്കുന്ന ഫണ്ട് തീരെ അപര്യാപ്തമാണ്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ചേർത്ത് വീട് നഷ്ടപെട്ടവർക്കും, ഭൂമിയില്ലാത്തവർക്കും നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ദുരന്തത്തെ നേരിടുന്നതിൽ കക്ഷിഭേദമന്യേ എല്ലാവർക്കും ഒരു അഭിപ്രായമാണ്. പ്രതിപക്ഷം എന്ന രീതിയിൽ ഉണ്ടായിട്ടുള്ള വിമർശന ങ്ങൾ  ഗൗരവമായി എടുക്കേണ്ടതില്ല. പ്രളയ ദുരിതം സംബന്ധിച്ചു വ്യക്തമായ കാര്യങ്ങൾ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മുഴുവൻ എം എൽ എ മാർക്കും നിയമസഭയിലെ ചർച്ചയിൽ  സംസാരിക്കാൻ കഴിയില്ല, രണ്ട് എം എൽ എ മാരെ സംസാരിക്കാൻ അനുവദിച്ചില്ല എന്ന് പറയുന്നത് നിയമസഭാ നടപടി സംബന്ധിച്ചു അറിവില്ലായ്മകൊണ്ടാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഡാം തുറന്നത് സംബന്ധിച്ച ആരോപണങ്ങളും കഴമ്പില്ലാത്തതാണ്. സി പി ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഇന്ന് പറവൂരും നാളെ ആലപ്പുഴ ജില്ലയിലും ദുരിത ബാധിതരെ സന്ദർശിക്കേണ്ടതായിരുന്നു. രോഗബാധയെ തുടർന്ന് അദ്ദേഹം സന്ദർശനം ഒഴിവാക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു. പുത്തൻവേലിക്കരയിലെ തുരുത്തിൽ നിന്നാണ് കാനം സന്ദർശനം ആരംഭിച്ചത്. വിവേക ചന്ദ്രികസഭാ  ഓഫീസ്, പഴമ്പിള്ളി തുരുത്തു, അവിടെ തന്നെയുള്ള ധർമപോഷിണിസഭയുടെ ലോവർ പ്രൈമറി സ്‌കൂൾ, ചേന്ദമംഗലത്തെ മുണ്ടിയത്തോപ്പ്‌, ചേന്ദമംഗലം തെക്കുംഭാഗം കോളനി. കളമശേരി മണ്ഡലത്തിലെ കരുമാലൂരിലെ  മാട്ടുപുറം എന്നിവടങ്ങളിലും ചേന്ദമംഗലം പഞ്ചായത്തു ഓഫീസിലും സന്ദർശനം നടത്തി. എല്ലായിടങ്ങളിലും വീട്ടമ്മമാർ പരാതിയുടെ കെട്ടുകളുമായി കാനത്തെ കാത്തുനിന്നു. ഉൾ പ്രദേശങ്ങളിൽ സഹായമായി ഒന്നും എത്തിയില്ലെന്ന പരാതിയാണ് പ്രധാനമായി ഉയർ ന്നുവന്നത്. സർക്കാരിന്‍റെ കിറ്റ് അടുത്തദിവസം തന്നെ എത്തുമെന്ന മറുപടിയിൽ അവർ തൃപ്തരായി. ബി എൽ ഒ മാർ  വീടുകളിലെത്തി വിവരശേഖരണം നടത്തി മടങ്ങിയതായി ഭൂരിപക്ഷം പേരും പറഞ്ഞു. വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് വീട് വെയ്ക്കുന്നതിനായി  നടപടികൾ ഉണ്ടാവുമെന്നസെക്രട്ടറി ആശ്വസവാക്കുകൾ പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി പി രാജു സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം  കെ കെ അഷ്‌റഫ്, സംസ്ഥാനകമ്മറ്റിയങ്ങളായ  കമല സദാനന്ദൻ ‚ബാബുപോൾ ‚എം ടി നിക്സൺ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ , ജില്ലാ എക്സിക്യൂട്ടീവ്ട്ടീവ് അംഗങ്ങളായ കെ എം ദിനകരൻ ‚കെ കെ സുബ്രമണ്യൻ, കെ ബി അറുമുഖൻ, പറവൂർ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ ‚കളമശേരി മണ്ഡലം സെക്രട്ടറി കെവി  രവീന്ദ്രൻ തുടങ്ങിയവർ സെക്രട്ടറിയെ അനുഗമിച്ചു