September 30, 2023 Saturday

Related news

September 30, 2023
September 29, 2023
September 28, 2023
September 27, 2023
September 25, 2023
September 25, 2023
September 25, 2023
September 23, 2023
September 23, 2023
September 23, 2023

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പോരാടാന്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2023 8:00 am

സര്‍ക്കാരിന്റെ ദൂരൂഹ നീക്കങ്ങളും രഹസ്യ അജണ്ടകളുമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി അണിനിരക്കാന്‍ പ്രതിപക്ഷസഖ്യം ഇന്ത്യയും സജ്ജം. വനിതാ സംവരണ ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പ്രതിപക്ഷനിരയുടെ ഇന്ത്യയെന്ന പേരിനെ വെല്ലാന്‍ രാജ്യത്തിന്റെ പേര് ഭാരതമാക്കാനുള്ള ശ്രമങ്ങള്‍, കലാപം തീരാത്ത മണിപ്പൂര്‍, ചൈനയുടെ കടന്നുകയറ്റ ശ്രമം, കശ്മീരിലെ തീവ്രവാദി ആക്രമണം, അഡാനി കമ്പനികളിലെ സാമ്പത്തിക കള്ളക്കളികളും പുറത്തുവന്ന ആഗോള റിപ്പോര്‍ട്ടുകളും തുടങ്ങി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയാണ് പ്രതിപക്ഷം സമ്മേളനത്തിന് എത്തുക.

രാജ്യം നേരിടുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും, കണക്കുകള്‍ പെരുപ്പിച്ചുകാട്ടി സര്‍ക്കാര്‍ അവകാശപ്പെടുന്ന സാമ്പത്തിക വളര്‍ച്ച, ജി20 യോഗത്തില്‍ ആഗോള നേതാക്കള്‍ക്ക് മാധ്യമങ്ങളുമായി സംവദിക്കാന്‍ അവസരം നിഷേധിച്ച ധാര്‍ഷ്ട്യവും പരിപാടിയുടെ ധൂര്‍ത്തും എന്നിവ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷവേട്ടയും മനുഷ്യാവകാശ ലംഘനങ്ങളും ജി20 യോഗത്തിനിടെ ലോകനേതാക്കള്‍ ഉന്നയിച്ചിരുന്നു. അജണ്ട വ്യക്തമാക്കാതെ പ്രത്യേക പാർലമെന്റ് സമ്മേളനം പെട്ടെന്ന് വിളിച്ചുചേർത്തതിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവാദബില്ലുകളോ വിവാദ വിഷയങ്ങളോ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഇവ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ആദ്യദിനമായ ഇന്ന് ഇരുസഭകളും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പു കമ്മിഷൻ നിയമനം അടക്കം അഞ്ച് ബില്ലുകളും പ്രത്യേക സമ്മേളനം പരി​ഗണിക്കും. ലോക്‌സഭ, രാജ്യസഭ ജീവനക്കാരുടെ യൂണിഫോമില്‍ നടത്തിയ കാവിവല്‍ക്കരണം നേരത്തെ വന്‍ വിവാദമായിരുന്നു. മോഡി സര്‍ക്കാരിന്റെ അവസാനത്തെ പാര്‍ലമെന്റ് സമ്മേളനമാകും നിലവിലേതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നു. പ്രത്യേക സമ്മേളനം അവസാനിക്കുക പുതിയ പാർലമെന്റ് മന്ദിരത്തിലായിരിക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.

ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ ദേശീയ പതാക ഉയർത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർള, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായ ഇന്നലെ തന്നെ പതാക ഉയർത്തുന്നതിനായി തെരഞ്ഞെടുത്തതിലും പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

അഡാനി, മണിപ്പൂര്‍ വിഷയമുയര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ്, മണിപ്പൂര്‍ വിഷയം എന്നിവ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ഇന്നലെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ഈ വിഷയങ്ങള്‍ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.

രാജ്യം അഭിമുഖീകരിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമൂഹ്യ അസമത്വം എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. ഇതിനിടെ വനിതാ സംവരണം സംബന്ധിച്ച ബില്‍ അവതരിപ്പിക്കണമെന്ന് ബിജു ജനതാദള്‍, ഭാരത് രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, അധീര്‍ രഞ്ജന്‍ ചൗധരി, പ്രമോദ് തിവാരി, ഡെറിക് ഒബ്രിയാന്‍, കനിമൊഴി, സഞ്ജയ് സിങ്, മനോജ് ഝാ, രാം ഗോപാല്‍ യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രാജ്നാഥ് സിങ്, പീയുഷ് ഗോയല്‍ എന്നിവരാണ് പങ്കെടുത്തത്. വനിതാ സംവരണ ബില്‍ സംബന്ധിച്ച് സര്‍വകക്ഷി യോഗത്തില്‍ ഏകാഭിപ്രായമാണ് ഉണ്ടായതെങ്കിലും ബിജെപി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ഉദ്ഘാടനവേളയില്‍ പാര്‍ലമെന്റിനെ മതസ്ഥാപനമായി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Spe­cial Par­lia­ment ses­sion begins today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.