ഫ്രാങ്കോയ്ക്കായി ജലന്ധറില്‍ ത്യാഗ സഹന ജപമാല: മുഖ്യാതിഥി പി സി ജോര്‍ജ്

സ്വന്തം ലേഖകന്‍
കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന കത്തോലിക്കാ സഭാ മെത്രാന് ഫ്രാങ്കോ മുളയ്ക്കലിന്റെ മോചനത്തിനായി ജലന്ധര്‍ രൂപത ത്യാഗസഹന ജപമാല യാത്ര സംഘടിപ്പിക്കുന്നു. ജലന്ധര്‍ സെന്റ് ജോസഫ് ബോയ്സ് സ്കൂളില്‍ 14ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന ഉപവാസ ജപമാല യാത്രയില്‍ മുഖ്യാതിഥി ഫ്രാങ്കോയുടെ ചാവേറായി സന്യാസിനികളെ അപമാനിക്കുന്ന പി സി ജോര്‍ജ്ജ് എംഎല്‍എയാണ്. ജലന്ധര്‍ രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് ജപമാല പ്രദക്ഷിണവും തുടര്‍ന്നുള്ള പ്രാര്‍ഥനാ സമ്മേളനവും ആശീര്‍വദിക്കും.
ഫ്രാങ്കോ ജയിലില്‍ ആയതിനു ശേഷവും ഫ്രാങ്കോയ്ക്കുവേണ്ടി അരയും തലയും മുറുക്കി പി സി ജോര്‍ജ്ജ് രംഗത്തുണ്ട്. അടുത്തിടെയാണ് ജലന്ധറില്‍നിന്നുള്ള വൈദികരുടെ ഒരു സംഘവും പി സി ജോര്‍ജ്ജിനെ സന്ദര്‍ശിച്ചിരുന്നു.
ആഗോള കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ സന്യാസിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഒരാള്‍ക്കുവേണ്ടി ത്യാഗസഹന ജപമാല യാത്ര സംഘടിപ്പിക്കുന്നതിനെതിരെ ജലന്ധര്‍ രൂപതയിലും കടുത്ത പ്രതിഷേധമുണ്ട്. വര്‍ഷങ്ങളായി വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ ഇവിടെ നടത്തപ്പെടുന്ന ജപമാല റാലി ഇത്തവണ ഫ്രാങ്കോയുടെ പിന്തുണയ്ക്കായും അദ്ദേഹം നിരപരാധിയെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ഉപകരണമായും മാറ്റുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു. ഫ്രാങ്കോയ്ക്കെതിരെയും പുറത്തുനിന്നുള്ള വൈദികര്‍ക്കെതിരെയും ജലന്ധര്‍ രൂപതാ വിശ്വാസികള്‍ക്കുള്ളില്‍ ഉയരുന്ന എതിര്‍പ്പിനെ ഇല്ലാതാക്കുകയാണ് ഇതിലൂടെ ഒരു പറ്റം വൈദികര്‍ ലക്ഷ്യമിടുന്നതെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ചില സന്യാസസഭകളുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ഥനകള്‍ക്കും ആഹ്വാനമുണ്ട്.
സേവ് ഔവര്‍ സിസ്റ്റേഴ്സ് (എസ് ഒ എസ്) ജനറല്‍ കണ്‍വീനര്‍ ഫാ അഗസ്റ്റിന് വട്ടോളി സഭ അന്ധമായി ഫ്രാങ്കോയെ പിന്തുണയ്ക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ജപമാല യാത്രയെ ചൂണ്ടിക്കാട്ടുന്നു. എറണാകുളം അങ്കമാലി ഭൂമി വിവാദത്തിലും സഭ ആരോപിതരെ സംരക്ഷിക്കുകയായിരുന്നു. ഇരകളെ അടച്ചാക്ഷേപിക്കാന്‍ എക്കാലത്തും സഭ ഉത്സുകരുമായിരുന്നു, അദ്ദേഹം വ്യക്തമാക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ പിന്തുണയോടെ കാത്തലിക് ഫെഡറേഷനും കന്യാസ്ത്രീകളെ സഭയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് സജീവമായി രംഗത്തുണ്ട്.