നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെ ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക ഹോം

Web Desk
Posted on November 12, 2018, 10:27 pm

തിരുവനന്തപുരം: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന ഗര്‍ഭകാലം മുതല്‍ ഗര്‍ഭാനന്തരം വരെയുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യക ഹോം അഥവാ ഇന്റഗ്രേറ്റഡ് കെയര്‍ സെന്റര്‍ ഒരുങ്ങുന്നു. പദ്ധതിയ്ക്ക് 27.66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിനുമാണ് ഇത്തരത്തിലുള്ള കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നത്.

നിര്‍ഭയ സെല്ലിന്റെ കീഴില്‍ നിലവില്‍ 12 ഷെല്‍ട്ടര്‍ ഹോമുകളില്‍ ഏകദേശം 350 താമസക്കാരാണുള്ളത്. ഇവരില്‍ ഗര്‍ഭിണികള്‍ക്കും പ്രസവാനന്തരം അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ആവശ്യമായ സംരക്ഷണവും പ്രത്യേക പരിചരണവും ഉറപ്പുവരുത്തണം. ഇത്തരം പ്രത്യേക പരിരക്ഷയും സംരക്ഷണവും ലഭ്യമാക്കാന്‍ അവരെ പ്രത്യേകമായി മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്നാണ് പ്രത്യേക ഹോമിന് വനിത ശിശുവികസന വകുപ്പ് പദ്ധതി തയ്യാറാക്കിയത്. യോഗ്യതയുള്ള അംഗീകൃത സര്‍ക്കാരിതര സംഘടനയ്ക്കായിരിക്കും ഹോമിന്റെ നടത്തിപ്പ് ചുമതല .