ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതി

Web Desk

തിരുവനന്തപുരം

Posted on September 12, 2020, 9:51 pm

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.നിശ്ചലാവസ്ഥയിലായ ഹൗസ്ബോട്ട് മേഖലയെ സംരക്ഷിക്കാനും, തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനുമായാണ് പ്രത്യേക സഹായ പദ്ധതി. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവണ സാമ്പത്തിക സഹായം സംസ്ഥാന ടൂറിസം വകുപ്പ് നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 251 ടൂറിസ്റ്റ് ഗൈഡുകള്‍ക്കും, ഇന്ത്യാ ടൂറിസത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 77 ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആകെ 328 ടൂറിസ്റ്റ് ഗൈഡുകള്‍ക്കാണ് സഹായം ലഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 32,80,000 രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റീജിയണ്‍, ലോക്കല്‍, സ്റ്റേറ്റ് ലെവല്‍ ഗൈഡുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഹൗസ്‌ബോട്ടുകൾക്ക് ഒറ്റത്തവണ മെയിന്റനൻസ് ഗ്രാന്റായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80,000, 1,00000, 1,20,000 എന്നിങ്ങനെ നൽകും. നവംബർ 30 നകം അപേക്ഷിക്കണം. ഹോം സ്റ്റേകൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന കൊമേഴ്‌സ്യൽ വിഭാഗത്തിൽ നിന്ന് റസിഡൻഷ്യൽ വിഭാഗത്തിലേക്ക് മാറ്റുക വഴി കെട്ടിട നികുതി ഇളവ് ഉറപ്പാക്കും. ആയിരത്തോളം സംരംഭകർക്ക് നേട്ടം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

തുറമുഖ വകുപ്പില്‍ നിന്നും അംഗീകൃത രജിസ്ട്രേഷന്‍ ഉള്ള ഹൗസ് ബോട്ടുകള്‍ക്കാകും സാമ്പത്തിക സഹായം നല്‍കുക. ടൂറിസം സംരംഭകര്‍ക്കും, തൊഴിലാളികള്‍ക്കും മുന്‍പ് 455 കോടിയുടെ വായ്പാ സഹായ പദ്ധതി പ്രഖ്യാപിച്ചതിന്റെ അടുത്ത ഘട്ടമായാണ് ഹൗസ് ബോട്ടുകള്‍ക്കും, ടൂറിസ്റ്റ് ഗൈഡുകള്‍ക്കുമുള്ള ഒറ്റത്തവണ സഹായ നിധി പ്രഖ്യാപിച്ചത്.

Eng­lish sum­ma­ry: Spe­cial scheme for revival of tourism sec­tor

You may also like this video;