Web Desk

ശ്രീനഗര്‍:

October 25, 2020, 10:38 pm

കശ്മീരിന്റെ പ്രത്യേകപദവി: പോരാട്ടത്തിന് ജനകീയ സഖ്യം

Janayugom Online

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് വൈസ് ചെയര്‍പേഴ്സണ്‍. സിപിഐ അടക്കമുള്ള ഏഴ് പാർട്ടികൾ ചേർന്നതാണ് പുതിയ ജനകീയ സഖ്യം.

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഐഎം, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലെ മറ്റ് പാർട്ടികൾ. 370ാം ഭരണഘടനാ വകുപ്പ് റദ്ദാക്കി പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ഭരണം സംബന്ധിച്ച് ഒരു മാസത്തിനകം ധവള പത്രം ഇറക്കുമെന്ന് ജനകീയസഖ്യം അറിയിച്ചു. എം വൈ തരിഗാമിയെ കണ്‍വീനറായും സജാദ് ലോണിനെ വക്താവായും ഹസ്‌നൈന്‍ മസൂദിയെ കോര്‍ഡിനേറ്ററായും തെരഞ്ഞെടുത്തു. മെഹ്ബൂബ മുഫ്തിയുടെ വസതിയില്‍ വെച്ച് നടത്തിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പഴയ ജമ്മു കശ്മീർ സംസ്ഥാന പതാക സഖ്യത്തിന്റെ ചിഹ്നമായി സ്വീകരിച്ചു.

ജനകീയ സഖ്യം ഇന്ത്യാ വിരുദ്ധ സമിതിയല്ലെന്നും കശ്മീരിനെതിരെയുള്ള നീക്കങ്ങളെ തടയുകയാണ് ലക്ഷ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി. കൂട്ടായ്മ രാജ്യവിരുദ്ധമാണെന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്നും തങ്ങള്‍ ദേശവിരുദ്ധരല്ലെന്നും ബിജെപി വിരുദ്ധരാണെന്നും യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവംബർ 17 ന് ശ്രീനഗറിൽ കൺവൻഷൻ നടത്താനും യോഗം തീരുമാനിച്ചു.

ENGLISH SUMMARY: Spe­cial sta­tus of Kash­mir: Pop­u­lar alliance for struggle

YOU MAY ALSO LIKE THIS VIDEO