Friday
18 Oct 2019

കരളലിയിക്കുന്ന ആസിലയുടെ ആഗ്രഹം, ഹൃദയമുള്ളവര്‍ കണ്ണടക്കരുത്‌…

By: Web Desk | Wednesday 13 February 2019 10:31 PM IST


ബാലരാമപുരം: സഹോദരങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവരെ നോക്കി ആസില ഫാത്തിമ എന്നും വിതുമ്പും, തനിക്ക് എന്ന് സ്‌കൂളില്‍ പോകാന്‍ കഴിയുമെന്ന ചോദ്യത്തിന് മുന്നില്‍ മതാപിതാക്കളും ദുഃഖം കടിച്ചമര്‍ത്തി പറയും മകള്‍ക്കും ഉടനെ സ്‌കൂളിലേക്ക് പോകാന്‍ കഴിയുമെന്ന്. മതാപിതാക്കളുടെ വാക്കുകളിലാണ് ആസിലഫാത്തിമക്ക്  ഏക ആശ്വാസം. ബാലരാമപുരം, തച്ചന്‍വിളാകത്ത്, പുല്ലൈകോണം ഷെമീര്‍ മന്‍സിലില്‍ സുബൈറിന്‍റെയും ഷബീലായുടെയും മകള്‍ ആസില ഫാത്തിമ(13)യാണ് ചികിത്സക്കുള്ള പണത്തിനായി ബുദ്ധിമുട്ടുന്നത്.
നാല് വര്‍ഷം മുമ്പ് തുടങ്ങിയതാണ് ആസിലായുടെ രോഗം. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ് ഈ പതിമൂന്നുകാരിക്ക്. നിരവധി ആശുപത്രിയില്‍ കാണിച്ചെങ്കിലും  സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ദ ചികിത്സക്കൊടുവിലാണ് അസുഖം കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന അടിയന്തിര ശസ്ത്രക്രിയയിലൂടെ മാത്രമേ ആസിലക്ക് ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുള്ളൂ. നിര്‍ധന
കുടുംബത്തിലെ അംഗമായ സുബൈര്‍ മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണത്തിനായി നട്ടംതിരിയുകയാണ്.
കുടലിന്റെ ഒരുഭാഗം പൂര്‍ണമായും ഒട്ടിപ്പോയതോടെ കഴിക്കുന്നതെന്തും രക്തത്തോടൊപ്പം പുറത്തേക്ക് ഛര്‍ദ്ദിക്കും. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയില്ലെങ്കില്‍ ജീവനെ തന്നെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. സ്‌കൂളിലെ പഠനത്തില്‍ മിടുക്കിയായിരുന്ന ആസിലക്ക് ഇപ്പോള്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകുവാനും കഴിയാത്ത അവസ്ഥയിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് മൂക്കില്‍ കൂടി ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കി വരുന്നുണ്ടെങ്കിലും  ഇപ്പോള്‍ അതും ഛര്‍ദ്ദിക്കും. മരുന്നുകളും ഭക്ഷണവും കഴിക്കാന്‍ കഴിയാതെ വന്നതോടെ ദിനവും ആസില ഫാത്തിമയുടെ ശരീര ഭാരം കുറഞ്ഞുവരുന്നു. ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ട്യൂബിലൂടെ വിലയേറിയ പ്രോട്ടീന്‍ പൗഡര്‍ നല്‍കിയാണ് ആസിലയുടെ ശരീര ഭാരം നിലനിര്‍ത്തുന്നത്.
തിരുവനന്തപുരത്തെ ഫ്രൂട്ട്‌സ് കടയിലെ ജീവനക്കരനായ സുബൈറിന്റെ ഏക വരുമാനമാണ് മകളുടെ ചികിത്സക്കായുള്ളത്. ശസ്ത്രക്രിയ നടത്തുന്നതിന് അഞ്ച് ലക്ഷം രൂപ ആവശ്യമെങ്കിലും കുടുംബത്തോടൊപ്പം വാടക വീട്ടില്‍ കഴിയുന്ന സുബൈറിന് അത് കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മകള്‍ക്ക് വേണ്ടി ഇതിനോടകം കടവും മറ്റും വാങ്ങി സുബൈര്‍ ലക്ഷങ്ങല്‍ ചികിത്സക്ക് വേണ്ടി ചിലവഴിച്ചെങ്കിലും തുടര്‍ ചികിത്സക്ക് പണമില്ലാതെ വലയുന്നത്. ലക്ഷങ്ങള്‍ മുടക്കി മകളുടെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നതിന് അടിയന്തിര ചികിത്സ നടത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് കുടുംബം.
മകളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി വര്‍ഷങ്ങളായി ഓവര്‍ ടൈം ജോലി നോക്കിവരുന്നു. ആസിലയെ കൂടതെ രണ്ട് മക്കള്‍ കൂടിയുണ്ട് സുബൈറിന് അദീല, മുഹമ്മദ് അല്‍ത്താഫ്. ലക്ഷങ്ങള്‍ മുടക്കുന്നതിന് വകയില്ലാതെ സുമനസ്സുകളുടെ കാരുണ്യത്താല്‍ മകളുടെ ഓപ്പറേഷന്‍ ഏത്രയും വേഗം നടത്തുമെന്ന പ്രതീക്ഷയോടെയാണ് കുടുംബം മുന്നോട്ട് പോകുന്നത്. ദിവസം കഴിയുന്തോറും ആസിലയുടെ രോഗവും മൂര്‍ഛിക്കുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമെ ഫലമുള്ളുവെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരും പറയുന്നത്. മകളുടെ ഓപ്പറേഷന് വേണ്ടി അഞ്ചുലക്ഷം രൂപ കണ്ടെത്തുന്നതിനുള്ള ഓട്ടത്തിലാണ്  സുബൈര്‍. മകളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഒരു കൈത്താങ്ങിനായി ഒരു കുടുംബം കാത്തിരിക്കുന്നു.
Subair m
Union Bank, Balaramapuram  branch,
SB Account no: 662002010005433
IFSC code ubin0566209
mobile number: 7736134329
Related News