Saturday
16 Feb 2019

ആയുസ്സുകൊണ്ടൊരു തുലാഭാരം…

By: Web Desk | Sunday 10 February 2019 11:44 AM IST

കെ കെ ജയേഷ്

ര്‍ഷങ്ങള്‍ക്ക് മുമ്പൊരു വ്യാഴാഴ്ച. കോളേജ് ഫൈന്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനത്തിന് പ്രശസ്തനായ ഒരാളെ തേടിയിറങ്ങിയതായിരുന്നു. അന്വേഷണം ചെന്നെത്തിയത് മഹാറാണി ഹോട്ടലില്‍. പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അവിടെയുണ്ടെന്നും തിരക്കില്ലെങ്കില്‍ വിളിച്ചാല്‍ വരുമെന്നുമുള്ള ഒരു സുഹൃത്തിന്റെ വാക്കുകേട്ടാണ്  മഹാറാണിയിലേക്ക് കയറിച്ചെന്നത്. റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ കവി അകത്തുണ്ട്. ചോദിച്ച് സമ്മതം വാങ്ങി  അകത്തേക്ക് കയറി. ഉള്ളില്‍ കട്ടിലില്‍ കണ്ണുകളടച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന ഗിരീഷ് പുത്തഞ്ചേരി.  കുട്ടിക്കാലം മുതലേ കാണാനാഗ്രഹിച്ച വ്യക്തിയിതാ എനിക്ക് തൊട്ടടുത്ത്. ‘സാര്‍’ ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു. അദ്ദേഹം കണ്ണുകള്‍ തുറന്നു. ശാന്തമായ രാത്രിയില്‍ വാദ്യഘോഷവുമായെത്തിയ ഗിരീഷ് പുത്തഞ്ചേരി തീര്‍ത്തും സൗമ്യനായി എന്നോട് പറഞ്ഞു ‘ഇരിക്കൂ…’

അദ്ദേഹത്തിന് മുന്നിലിരിക്കാന്‍ വല്ലാത്ത മടിയായിരുന്നു. നിര്‍ബന്ധിച്ചപ്പോള്‍ ഇരുന്നെന്ന് വരുത്തി. ആ കണ്ണുകളില്‍ ഒരായിരം കവിതകള്‍ ചിറകടിക്കുന്നുണ്ടായിരുന്നു. മുഖത്ത് നേര്‍ത്ത പുഞ്ചിരി. മലയാളികളുടെ മനസ്സിലേക്ക് മരണമില്ലാത്ത ഒരായിരം വരികള്‍ പകര്‍ന്നുതന്ന എഴുത്തുകാരനാണ്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ വെപ്രാളം കണ്ടാവും അദ്ദേഹം പറഞ്ഞു. ‘ടെന്‍ഷനടിക്കേണ്ട, എന്തിനാ വന്നത്.’

ഞാന്‍ ഒറ്റ ശ്വാസത്തില്‍ കാര്യം അവതരിപ്പിച്ചു. തീയതി കേട്ടപ്പോള്‍ അദ്ദേഹം നിസ്സഹായനായി. മദ്രാസിലേക്ക് അത്യാവശ്യമായി പോവേണ്ട ദിവസമാണ്. അതുകൊണ്ട് മറ്റെന്തെങ്കിലും പരിപാടിയുണ്ടാവുമ്പോള്‍ വിളിക്കൂ തീര്‍ച്ചയായും വരാം എന്ന് പറഞ്ഞു. സമ്മതം പറഞ്ഞു തിരിച്ചിറങ്ങാന്‍ തുനിഞ്ഞ എന്നെ അദ്ദേഹം വിളിച്ചു. ‘അല്ല ഞാന്‍ ചോദിക്കാന്‍ മറന്നു എവിടെയാ വീട്?’. ബാലുശ്ശേരി എന്ന് മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു. പുത്തഞ്ചേരിയുടെ അയല്‍പക്ക ഗ്രാമമായ ബാലുശ്ശേരി അദ്ദേഹത്തിന് ഒരുപാട് ബന്ധങ്ങളുള്ള നാടായിരുന്നു. തന്റെ സുഹൃത്തുക്കളായ പലരെപ്പറ്റിയും അദ്ദേഹം എന്നോട് തിരക്കി. കുറേ നേരം ആയിരിപ്പില്‍ ഞങ്ങള്‍ സംസാരിച്ചു. കവിതയും സിനിമാഗാനങ്ങളും സിനിമയും നാടകങ്ങളും അങ്ങനെ പലതും….

ഹോട്ടല്‍ മുറിയില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോള്‍ സ്വര്‍ഗ്ഗം കീഴടക്കിയ പ്രതീതിയായിരുന്നു. എന്റെ വളരെക്കാലത്തെ ഒരാഗ്രഹമാണ് സാധ്യമായിരിക്കുന്നത്. വീട്ടിലെ പഴയ ഫിലിപ്‌സ് റേഡിയോയില്‍ നിന്നുയരുന്ന പല പാട്ടുകളും എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ് എന്നറിഞ്ഞതുമുതല്‍ തുടങ്ങിയ വലിയൊരാഗ്രഹം. നാട്ടില്‍ നിന്ന് വളരെയടുത്താണ് പുത്തഞ്ചേരി എന്ന് അന്നൊന്നും അറിയില്ലായിരുന്നു.  കൂമുള്ളിയിലുള്ള അച്ഛന്റെ പെങ്ങളുടെ മകന്‍ തങ്ങളുടെ നാട്ടുകാരനാണ് ഗിരീഷ് പുത്തഞ്ചേരി എന്ന് ചെറിയ അഹങ്കാരത്തോടെ എന്നോട് പറയുമ്പോള്‍ ആദ്യമൊന്നും ഞാനത് വിശ്വസിച്ചിരുന്നില്ല. ഇത്ര വലിയൊരാള്‍ തങ്ങളുടെ നാട്ടില്‍ ഉണ്ടാവുമോ എന്ന് എനിക്കെപ്പോഴും സംശയമായിരുന്നു. പിന്നീട് തൊട്ടടുത്താണ് ഈ മനഷ്യന്‍ എന്നറിഞ്ഞെങ്കിലും കാണാനുള്ള ആഗ്രഹം മാത്രം സാധ്യമായില്ല. ജോണി വാക്കര്‍ എന്ന സിനിമയിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനമായിരുന്നു അപ്പോഴെല്ലാം എന്റെ പ്രിയഗാനം. മദ്യമെന്ന് കേട്ടാല്‍ ഭയക്കുന്ന ആ കാലത്ത് നാട്ടിലെ മുതിര്‍ന്ന ചേട്ടന്‍മാര്‍ മദ്യലഹരിയില്‍ ആ പാട്ട് പാടുമ്പോഴെല്ലാം ഞാന്‍ ആദരവോടെ ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ത്തു.

ആദ്യ കാഴ്ചയ്ക്ക് ശേഷം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തെ ഞാന്‍ വീണ്ടും കാണുന്നത്. ഞാന്‍ മുമ്പ് പഠിച്ച സ്‌കൂളില്‍ ഒരു പരിപാടിയ്ക്ക് എത്തിയ ഗിരീഷ് എല്ലാവരുടെയും അഭ്യര്‍ത്ഥന പ്രകാരം ഒരു പാട്ടുപാടി. കണ്ണുകളടച്ച് ഒരു ധ്യാനത്തിലെന്നപോലെ അദ്ദേഹം സ്റ്റേജില്‍ പാടുകയാണ്. ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം’. എഴുത്തിലെന്ന പോലെ അതിമനോഹരമായി പാടുകയും ചെയ്യുന്ന ഗിരീഷ് പിന്നെയും എന്നെ വിസ്മിയിപ്പിക്കുകയായിരുന്നു. മറ്റൊന്നുമോര്‍ക്കാതെ ഞാന്‍ ആ പാട്ടില്‍ ലയിച്ചിരുന്നു. പിന്നീട് പല തവണ  ഗിരീഷ് പുത്തഞ്ചേരിയെ കണ്ടു. ചിലപ്പോള്‍ മാത്രം അത്യാവശ്യം സംസാരിച്ചു. കാവ്യവസന്തം നെഞ്ചിലേറ്റിയ ആ മഹാപ്രതിഭയെ എന്നും ദൂരെ നിന്ന് നോക്കിക്കാണാനായിരുന്നു എനിക്ക് താത്പര്യം.

കോഴിക്കോട് ജില്ലയില്‍ ഉള്ള്യേരിക്കടുത്ത് പുത്തഞ്ചേരിയിലെ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷി അമ്മയുടെയും മകനായി 1961 ലാണ് ഗിരീഷ് പുത്തഞ്ചേരി ജനിച്ചത്. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആകാശവാണിയ്ക്കുവേണ്ടി  ഗാനങ്ങള്‍ എഴുതിയ പുത്തഞ്ചേരി പിന്നീട് നാടകങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചു. സിനിമയില്‍ പ്രശസ്തനായ ശേഷവും നാടകങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിക്കാന്‍ ഗിരീഷ് പലപ്പോഴായി എത്താറുണ്ടായിരുന്നു.

എന്‍ക്വയറി എന്ന സിനിമയിലെ ജന്മാന്തരങ്ങളില്‍… എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്രരംഗത്തെത്തിയ ഗിരീഷ് പുത്തഞ്ചേരി ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍… എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയനായത്.

രവീന്ദ്രന്‍ മാസ്റ്റര്‍, വിദ്യാസാഗര്‍, ഇളയരാജ തുടങ്ങി എ ആര്‍ റഹ്മാനൊപ്പം വരെ പ്രവര്‍ത്തിക്കാന്‍ ഗിരീഷിന് ഭാഗ്യമുണ്ടായി. എഴുതിയ ഭൂരിഭാഗം പാട്ടുകളും സൂപ്പര്‍ഹിറ്റാവുക എന്ന അസുലഭ സൗഭാഗ്യവും ഗിരീഷിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചു.

നാടിന്റെ സ്പന്ദനുള്ള വരികളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെത്. മഴയും മഞ്ഞും ആര്‍ദ്രമായ സ്‌നേഹവും നൊമ്പരവുമെല്ലാം അതില്‍ ചിറകടിച്ചുയര്‍ന്നു. പഴയ ആ നാട്ടിട വഴികളിലൂടെയും കതിരണിഞ്ഞ നെല്‍പ്പാടങ്ങളിലൂടെയും ആ പാട്ടുകള്‍ നമ്മളെ വീണ്ടും നടത്തിച്ചു. മഞ്ഞു പുതച്ച റോസാപ്പൂവിന്റെയും ജാലകത്തിനപ്പുറത്തെ രാത്രി മഴയുടെയും വശ്യമായ സൗന്ദര്യം മനസ്സുകളില്‍ കോറിയിട്ടു. മഴയോട്  വല്ലാത്തൊരു അടുപ്പമായിരുന്നു ഗിരീഷ് പുത്തഞ്ചേരിയ്ക്ക്. ആദ്ദേഹം രചിച്ച മിക്ക ഗാനങ്ങളിലും മഴ അതിന്റെ പരിപൂര്‍ണ്ണ സൗന്ദര്യത്തോടെ പെയ്തു നിന്നു. എന്നാല്‍ അതേ മഴ തന്നെയാണ് പലപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ശക്തി ചോര്‍ത്തിക്കളഞ്ഞതും. സ്ഥാനത്തും അസ്ഥാനത്തും മഴയെ പ്രതിഷ്ഠിക്കുന്നു എന്ന വിമര്‍ശനമാണ് ഗിരീഷിന് നേരിടേണ്ടി വന്നത്. പക്ഷെ വിമര്‍ശനങ്ങളെ അതിന്റേതായ മാന്യതയില്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഒന്നിലും പ്രകോപിതനാവാതെ അദ്ദേഹം സംസാരിച്ചു. വിമര്‍ശനങ്ങള്‍ അസ്ത്രങ്ങളായി നെഞ്ചില്‍ തറയ്ക്കുമ്പോഴും ഏറെ സൗമ്യതയോടെ മാത്രമാണ് അദ്ദേഹം അവയെ നേരിട്ടത്.

ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ എന്ന പുസ്തകത്തിനെഴുതിയ അവതാരികയില്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ഗിരീഷ് നല്‍കുന്നുണ്ട്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മൂല്യങ്ങള്‍ ഇല്ലാതാവുകയാണ്. നാടന്‍ സംസ്‌കാ രവും ജീവിത രീതികളും അന്യമായി. മലയാളത്തം നിറഞ്ഞ ടൈറ്റിലുകള്‍ക്ക് പകരം ബ്ലാക്കും വയലന്‍സുമെല്ലാം സിനിമാപ്പേരുകളാവുന്ന കാലത്ത് സിനിമാഗാനങ്ങള്‍ക്കും മാറ്റമുണ്ടാവുക സ്വാഭാവികം.

സിനിമയ്ക്കും സിനിമാഗാനങ്ങള്‍ക്കുമുണ്ടാവുന്ന അപചയം സമൂഹത്തിനുണ്ടാവുന്ന മൊത്തം അപചയത്തിന്റെ പ്രതിഫലനമാണെന്ന് ഗിരീഷ് വിശ്വസിച്ചിരുന്നു.

‘ടേക്ക് ഇറ്റ് ഈസി, ടേക്ക് ഇറ്റ് ഈസി

കണ്ണിലൊരു മുള്ളുകൊണ്ടാല്‍ ടേക്ക് ഇറ്റ് ഈസി’

ഇംഗ്ലീഷ് തമിഴ് പദങ്ങള്‍ നിരത്തിയൊരുക്കിയ ഹാപ്പിഹസ്‌ബെന്റ്‌സിലെ ഈ ഗാനം ഗിരീഷിന്റെ അവസാനകാലത്തെ ഏറെ ദുര്‍ബലമായൊരു സൃഷ്ടിയായിരുന്നു. ഇത്തരം നിലവാരം കുറഞ്ഞ നിരവധി രചനകളാണ് അവസാനകാലത്ത് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. പഴയ നിലവാരത്തില്‍ നിന്ന് അദ്ദേഹം പിന്തിരിഞ്ഞു നടക്കുന്നത് ഏറെ വേദനയോടെയായിരുന്നു നോക്കിക്കണ്ടത്. പക്ഷെ ആ പിന്തിരിയല്‍ ജീവിതത്തില്‍ നിന്ന് തന്നെ പിന്തിരിയുന്നതിന്റെ സൂചനയായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ മനസ്സില്‍ അവശേഷിക്കുന്നത്.

ഗാനരചനയുടെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ഗിരീഷ് പുത്തഞ്ചേരി എന്റെ നാട്ടിലെത്താറുണ്ടായിരുന്നു. സുഹൃത്തും നാടകകൃത്തുമായ എം കെ രവിവര്‍മ്മ എന്ന വര്‍മ്മ മാസ്റ്ററെ കാണാനായിരുന്നു ആ വരവുകള്‍. കൊട്ടാരമുക്കിലെ മാസ്റ്ററുടെ വീട്ടിലെത്തുമ്പോള്‍ ഗിരീഷ് തിരക്കേറിയ സിനിമാക്കാരനല്ലാതാവും. സിനിമാ ഗാനരചയിതാവ് എന്ന ബഹുമാനം നല്‍കാന്‍ വീട്ടുകാര്‍ ശ്രമിക്കുമ്പോഴെല്ലാം സരസമായ വാക്കുകളിലൂടെ ഗിരീഷ് അത് പൊളിച്ചെറിയും. ആ വീട് ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ഒരു ഇടത്താവളവും ദു:ഖങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വേദിയുമായിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ അമ്മാവനായ ചേളന്നൂര്‍ സുകുമാരന്‍ തന്റെ പഴയ ഹാര്‍മ്മോണിയവും തൂക്കി എപ്പോഴും എത്താറുള്ള ഒരിടമായിരുന്നു കൊട്ടാരമുക്ക്. ഹാര്‍മ്മോണിയത്തിന്റെ ശബ്ദമുയര്‍ന്ന മുപ്പറ്റപ്പൊയിലിലെ പഴയ പീടിക മുറി ഗിരീഷ് കുറേ നേരം നോക്കി നില്‍ക്കും. പിന്നെ മുഖത്ത് നിറയുന്ന ഓര്‍മ്മകളുടെ വേലിയേറ്റവുമായി എല്ലാം മറന്ന് പാടും.

‘എപ്പോഴും തന്നെയേതോ ഒരജ്ഞാത ശക്തി നിയന്ത്രിക്കുന്നുണ്ടെന്ന് ഗിരീഷ് വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ പാട്ടില്‍ ഇടയ്ക്കിടെ കയറി വരാറുള്ള ആരോ എന്ന പ്രയോഗം’ – കടന്നുപോയ സുഹൃത്തിനെയോര്‍ത്ത് വര്‍മ്മ മാസ്റ്റര്‍ പറഞ്ഞു.

വര്‍മ്മ മാസ്റ്ററെപ്പോലെ ഓരോ ചെറുഗ്രാമങ്ങളിലും ഗിരീഷിന് സുഹൃത്തുക്കളുണ്ട്. ഓട്ടോ ഡ്രൈവര്‍മാരും കര്‍ഷകരും വിദ്യാര്‍ത്ഥികളും എല്ലാം അതില്‍ ഉള്‍പ്പെടും. ദന്തഗോപുര വാസികളായ സിനിമാക്കാര്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് ഇത്തരം സൗഹൃദ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ ഗിരീഷ് പുത്തഞ്ചേരിയെപ്പോലെ അപൂര്‍വ്വം പ്രതിഭകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളു.

വയലാറിന്റെയും പി ഭാസ്‌ക്കരന്റെയും ഗാനങ്ങളില്‍ നിന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ എന്നും വേറിട്ടു നിന്നു. സാര്‍വ്വലൗകിക പ്രാധാന്യമുളള വയലാര്‍ ഗാനങ്ങള്‍ ഏത് സിനിമകളിലും നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പുത്തഞ്ചേരിയുടെ പാട്ട് അദ്ദേഹം എഴുതുന്ന സിനിമയ്ക്ക് മാത്രമുള്ളതാണ്. സിനിമയുടെ പ്രമേയത്തിന്റെ ഉള്ളറിഞ്ഞ് രചിക്കപ്പെട്ട പാട്ട് ആ സിനിമയുടെ കഥാസന്ദര്‍ഭത്തിന് മാത്രമവകാശപ്പെട്ടതാണ്. മറ്റെവിടെയും ആ പാട്ട് മുഴച്ചു നിന്നേക്കാം.

കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളെ ഏറ്റവും ശക്തമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ എന്നും കഴിഞ്ഞു എന്നതാണ് പുത്തഞ്ചേരിയുടെ ഗാനങ്ങളുടെ സവിശേഷത. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഫ്യൂഡല്‍ പ്രഭുവിന്റെ ഹൃദയ വേദനകള്‍ മുഴുവന്‍ സൂര്യ കിരീടം വീണുടഞ്ഞു എന്ന ഗാനത്തിലുണ്ട്. അച്ഛനെ നഷ്ടമായ മകന്റെ കണ്ണീരിന്റെ അലയടികളാണ് ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. വര്‍ത്തമാന കാല പ്രതിസന്ധികളില്‍ നിസ്സഹായനാക്കപ്പെട്ട ഗോപിനാഥന്‍ മേനോന്റെ ജീവിത നൈരാശ്യങ്ങള്‍ കണ്ണും നട്ട് കാത്തിരുന്നിട്ടും എന്ന ഗാനത്തിലൂടെ ഉയര്‍ന്നു പൊങ്ങുന്നു.

ശോകവും ഭക്തിയും ആശയും നിരാശയും പ്രതീക്ഷയുമെല്ലാം അതിന്റെ പൂര്‍ണ്ണതയോടെയാണ് പുത്തഞ്ചേരിയുടെ വരികളിലൂടെ നമുക്ക് മുമ്പിലെത്തിയത്. പിന്നെയും പിന്നെയും, എത്രയോ ജന്മമായി, ഒരു രാത്രി കൂടെ.. തുടങ്ങിയ ഗാനങ്ങളില്‍ ആര്‍ദ്രമായ പ്രണയത്തിന്റെ തെളിമയും കാത്തിരിപ്പിന്റെ നൊമ്പരവുമുണ്ട്.

അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു, ഇന്നലെ എന്റെ നെഞ്ചിലെ, ആകാശദീപങ്ങള്‍ സാക്ഷി.. തുടങ്ങിയ വരികളിലെ ശോകാര്‍ദ്ര ഭാവം എത്ര തവണയാണ് ആസ്വാദകന്റെ കണ്ണുകളെ ഈറനണിയിച്ചത്.

മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, കാര്‍മുകില്‍ വര്‍ണ്ണന്റെ, ഗംഗേ…. തുടങ്ങിയ ഗാനങ്ങളിലെ ഭക്തിയുടെ പുണ്യം നമ്മുടെ മനസ്സിന്റെയും പണ്യമായി.

മറ്റ് പല സിനിമാക്കാരില്‍ നിന്നും വ്യത്യസ്ഥമായി എല്ലാവരെയും അംഗീകരിക്കുന്ന മനസ്സായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടേത്. വയലാറിനെയും പി ഭാസ്‌ക്കരനെയും ഒ എന്‍ വിയെയുമെല്ലാം ആരാധനാ മനോഭാവത്തോടെ കണ്ട പുത്തഞ്ചേരി തനിക്ക് ശേഷം വന്നവരെയും അംഗീകരിക്കാന്‍ മനസ്സ് കാട്ടി. പോയ തലമുറയിലെ ഗാനരചയിതാക്കളുടെ നന്മകള്‍ മാത്രമാണ് ഗിരീഷ് എന്നും സ്മരിച്ചത്. അവരുടെ പോരായ്മകളെ ചൂണ്ടിക്കാണിച്ച് സംസാരിക്കാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല.

പാട്ടിന്റെ പാലാഴിയൊരുക്കി മലയാളികളുടെ മനസ്സുകളിലൂടെ സഞ്ചരിക്കുമ്പോഴും ഗിരീഷ് പുത്തഞ്ചേരിയില്‍ ഒരു കഥാകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രചനകളിലൂടെ പുറത്തുവന്ന വടക്കുംനാഥനും പല്ലാവൂര്‍ ദേവനാരായണനും കിന്നരിപ്പുഴയോരവുമെല്ലാം മികച്ച തിരക്കഥാകൃത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ ചിത്രങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ ഉയരത്തില്‍ നില്‍ക്കുന്ന രാമന്‍ പോലീസായിരുന്നു പുത്തഞ്ചേരിയുടെ സ്വപ്നം. ആ സ്വപ്നമാണ് മരണത്തോടെ തകര്‍ന്നടിഞ്ഞത്. പിറക്കാനിരിക്കുന്ന നിരവധി ഗാനങ്ങളെയും കഥകളെയും ക്രൂരമായി കൊന്നുകൊണ്ടാണ് കാലം ഗിരീഷ് പുത്തഞ്ചേരിയെ തിരികെ വിളിച്ചത്.

 വീണ്ടും മറ്റൊരു വ്യാഴാഴ്ച. പഴയതുപോലെ ഗിരീഷ് പുത്തഞ്ചേരിയെ കാണാന്‍ തന്നെയാണ് ഞാന്‍ നഗരത്തിലേക്കിറങ്ങിയത്. ഫൈന്‍ ആര്‍ട്‌സ് ഡേയ്ക്ക് ക്ഷണിക്കാനല്ല, അവസാന യാത്രയ്‌ക്കൊരുങ്ങുന്ന ആ മുഖമൊന്ന് കാണാനാണ് ഈ വരവ്. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ ടൗണ്‍ ഹാളിലേക്ക് പ്രമുഖരായ പലരും വരുന്നുണ്ട്.  പലരും ദു:ഖം സഹിക്കാനാവാടെ പൊട്ടിക്കരയുന്നു. മരിക്കാത്ത ഓര്‍മ്മകള്‍ നെഞ്ചിലേറ്റി കമലും സത്യന്‍ അന്തിക്കാടും രഞ്ജിത്തും ടി എ റസാഖുമെല്ലാമുണ്ട്. തിരക്കിനിടയിലൂടെ ആ മുഖം ഒരിക്കല്‍ കൂടി കണ്ടു. മഹാറാണി ഹോട്ടലില്‍ കണ്ട പോലെ കണ്ണടച്ച് ധ്യാനത്തിലെന്നപോലെ കിടക്കുകയാണോ എന്നൊരു തോന്നല്‍. ഇല്ല…. ഒരു പിന്‍വിളികൊണ്ട് വിളിച്ചാല്‍ പോലും ഉണരാത്ത ഉറക്കത്തിലാണദ്ദേഹം.

മൃതദേഹം സംസ്‌ക്കാരത്തിനായി മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ടൗണ്‍ ഹാള്‍ വിട്ടിറങ്ങിയത്. തിരക്ക് പിടിച്ച് ഓഫീസിലേക്ക് നടന്നു. നേരം വൈകുന്നതിന് മുമ്പ് ഗാനപ്രതിഭയുടെ അവസാന യാത്ര വാര്‍ത്തയായി ടൈപ്പ് ചെയ്ത് നല്‍കണം. നടക്കുന്നതിനിടയിലും എന്റെ മനസ്സിലപ്പോള്‍ മുഴങ്ങിയത് പുത്തഞ്ചേരി എഴുതിയ ഒരു കൃഷ്ണ ഭക്തിഗാനത്തിലെ വരികളായിരുന്നു.

‘ആയുസ്സുകൊണ്ടു ഞാന്‍ തുലാഭാരം നടത്താം’

അതെ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സ്വന്തം ആയുസ്സുകൊണ്ട് തുലാഭാരം നടത്തുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി…..