ടി കെ അനിൽകുമാർ

May 11, 2021, 8:42 am

ചരിത്രം തുടിക്കുന്ന കളത്തിപ്പറമ്പിൽ

Janayugom Online

ലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിൽ ഇന്നും ഓർമ്മകളുടെ തിരയിളക്കം. രണ്ട് കമ്മ്യുണിസ്റ്റ് നേതാക്കളുടെ പ്രണയ പരിലാളനകൾ ഏറ്റുവാങ്ങിയ ഈ വീടാണ് പലപ്പോഴും കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിച്ചത്. മുൻ മന്ത്രിമാരായ ടി വി തോമസും കെ ആർ ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പിൽ ഇന്ന് ആരവങ്ങൾ നിലച്ചു. വാർദ്ധക്യപരമായ അവശതകൾ മൂലം ആറ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിന് തിരശീല വീഴ്ത്തി ഗൗരിയമ്മയും വിടവാങ്ങി. ജനപ്രതിനിധികൾ എന്ന നിലയിൽ നാടിന് പുതിയ പാഠങ്ങൾ പകന്ന് നൽകിയ ഇരുവർക്കും ഒരിക്കലും മറക്കാനാവാത്ത കേന്ദ്രമായിരുന്നു ഈ വീടെന്ന് കാലം അടയാളപ്പെടുത്തുന്നു.

പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങൾ കൊണ്ട് ജന മനസ്സുകളിലേക്ക് പടർന്ന് കയറിയ രണ്ട് വ്യക്തികൾ. വിപ്ലവത്തിന്റെ ചൊരിമണലിൽ പിച്ചവെച്ച ഗൗരിയമ്മയും പോരാട്ടത്തിന്റെ കനൽ വഴികളിൽ നടന്നു കയറിയ ടി വി തോമസും ഒന്നാകുന്നതിന് പാർട്ടിയും പച്ച കൊടി കാട്ടി. കേരള ചരിത്രത്തിൽ തന്നെ കയ്യൊപ്പ് ചാർത്തിയ മന്ത്രി ദമ്പതികളുടെ പ്രണയ ജീവിതത്തിന്റെ ഗന്ധം ഇപ്പോഴും ഇവിടുത്തെ കാറ്റിനുമുണ്ട്. തീപാറുന്ന വിപ്ലവത്തിനിടയിലെ ലോലമായ പ്രണയം… ടി വി തോമസും ഗൗരിയമ്മയുമുള്ള കളത്തിപ്പറമ്പിലെ പഴയകാല ഓർമ്മകൾ ഒരു മന്ദാരപുഷ്പ്പമായി ആലപ്പുഴക്കാരുടെ മനസ്സിൽ അലയടിക്കുന്നു. ആളും ആരവങ്ങളും ഇല്ലാതെ അടച്ചുപൂട്ടിയ ഈ വാതിലുകൾ പ്രദേശവാസികൾക്കും പുതു അനുഭവം. ടി വി തോമസിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട്ടിലായിരുന്നു ഇന്നലെവരെയും ഗൗരിയമ്മയുടെ ജീവിതം. പാർട്ടിയിലും ജീവിതത്തിലും വേർപിരിഞ്ഞപ്പോഴും ജീവൻ തുടിക്കുന്ന ടി വി തോമസിന്റെ ചിത്രങ്ങൾ ഭിത്തിയിൽ നിന്നും മാറ്റാൻ ഗൗരിയമ്മ തയ്യാറായില്ല. പിതാവ് വാങ്ങി നൽകിയ വീട് ഗൗരിയമ്മയ്ക്ക് നൽകി വാടക വീടിൽ അഭയം പ്രാപിച്ച ടി വി യുടെ മനസും കാണാതിരിക്കാനാവില്ല. എത്ര വേർപിരിഞ്ഞാലും അത്രയേറെയുണ്ട് അവരുടെ മനസുകളുടെ ഇഴയടുപ്പം.

തടവറയിൽ മൊട്ടിട്ട പ്രണയം
1949ൽ സർക്കാരിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിന് 30 വയസുകാരിയായ ഗൗരിയെ ജയിലിലടച്ചു. ഡെറ്റിന്യു തടവുകാരിയായാണ് ജയിലിൽ എത്തിയത്. ആഹാരം കൊണ്ടുവന്ന തടവുകാരൻ കറികളിൽ കൈ ഇട്ട് ഇളക്കിയ ശേഷമാണ് കറികൾ നൽകുന്നത്. ഇത് ഇഷ്ടപെടാതിരുന്ന ഗൗരി ആഹാരം കഴിച്ചില്ല. തൊട്ടപ്പുറത്തുള്ള ആണുങ്ങളുടെ വാർഡിൽ ഈ സംഭവം ചർച്ചയായി. തൊട്ടപ്പുറത്തെ മുറിയിൽ തടവുകാരനായി ഉണ്ടായിരുന്ന ടി വി തോമസ് ആയിരുന്നു ജയിൽ കമ്മിറ്റി കൺവീനർ. ഈ വിവരം നാട്ടുകാരനായ എൻ എസ് പി പണിക്കരാണ് ഗൗരിയെ അറിയിച്ചത്. തുടർന്ന് ഇവർ പരസ്പരം കത്തുകൾ എഴുതുവാൻ ആരംഭിച്ചു, ഇതോടെ ഗൗരിക്ക് ആണുങ്ങളുടെ വാർഡിൽ നിന്നും ഭക്ഷണം എത്തിക്കാൻ തുടങ്ങി.


ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ഇരുവരും പുറത്തിറങ്ങി. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത നാല് പേരെ അന്ന് വധ ശിക്ഷക്ക് വിധിച്ചു. അവരെ കാണുവാനായി ഗൗരി പോയപ്പോൾ ടി വി യും ഉണ്ടായിരിന്നു. 1951 ൽ ഇരുവരും വീണ്ടും ജയിലിലായി. അടുത്തടുത്തായിരുന്നു ഇരുവരുടെയും വാർഡുകൾ. സംഘടനാ കാര്യങ്ങൾ പരസ്പരം അറിയിക്കാനായി കല്ലുകൾ എറിഞ്ഞാണ് ഇരു വാർഡുകളിലും ഉള്ളവർ കോഡ് നൽകിയത്. രണ്ടര വർഷത്തിലേറെ നീണ്ട കാരാഗൃഹ വാസം. അപ്പോഴേക്കും പ്രണയം ഇരുവരുടെയും മനസ്സിൽ തീജ്വാലകളായി നിറഞ്ഞിരുന്നു. മൃഗീയ മർദ്ദനങ്ങൾക്കും കാരാഗൃഹ വാസത്തിനുമിടയിൽ കുളിർമഴയായി പെയ്തിറങ്ങിയ പ്രണയം. ജയിലിൽ നിന്ന് ഇറങ്ങിയ സഖാക്കൾക്ക് പാർട്ടി സ്വീകരണം ഒരുക്കിയപ്പോൾ ടി വി തോമസും ഗൗരിയും ഒന്നിച്ചാണ് അതേറ്റ് വാങ്ങിയത്. 1954 ലെ തിരു കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ യോഗം ചേർന്നപ്പോൾ ഇരുവരും യോഗത്തിൽ മനസ്സ് തുറന്നു. പാർട്ടി വിവാഹത്തിന് അനുമതിയും നൽകി.

മന്ത്രി ദമ്പതികൾ

ഐക്യ കേരള രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ടി വി തോമസ് ആലപ്പുഴയിൽ നിന്നും കെ ആർ ഗൗരിയമ്മ ചേർത്തലയിൽ നിന്നും നിയമസഭാ അംഗങ്ങളായി. കോൺഗ്രസ്സിലെ നബീസത്ത് ബീവിയും എ സുബ്രമണ്യപിള്ളയും ആയിരിന്നു ഇരുവരുടെയും എതിരാളികൾ. ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ കേരളത്തിലെ ആദ്യ സിപിഐ മന്ത്രിസഭയിൽ ഇരുവരും അംഗങ്ങളുമായി. ടി വി തൊഴിൽ, ഗതാഗത വകുപ്പുകളും ഗൗരിയമ്മ റവന്യു, എക്സൈസ് വകുപ്പുകളുമാണ് കൈകാര്യം ചെയ്തത്.


ഏറെ നാളുകളായുള്ള ഇരുവരുടെയും പ്രണയം പൂത്ത് വിടർന്ന കാലം. 1957 മെയ് 30 ന് സിപിഐ സംസ്ഥാന സെക്രട്ടറി എം എൻ ഗോവിന്ദൻ നായർ ഇടപെട്ടാണ് വിവാഹം നടത്തിയത്. കേരളത്തിലെ മികച്ച മന്ത്രിമാരായി ഇരുവരും ഉയർന്നു. പുലർച്ചെ മുതൽ രാത്രിവരെ നിരവധി പ്രശ്നങ്ങളുമായി എത്തുന്ന ആൾക്കൂട്ടം ഇരുവർക്കും ഊർജ്ജമായി. ആ തിരക്കുകൾ ഒന്നും ഇരുവരെയും അലോസരപ്പെടുത്തിയില്ല. വിവാഹ ശേഷമാണ് ഗൗരിയമ്മ വെള്ള സാരി പതിവാക്കിയത്. കമ്മ്യുണിസ്റ്റ് വിപ്ലവത്തിലെ ഇതിഹാസങ്ങളായി ഇരുവരും വളർന്നു.

ടി വി ക്ക് അപ്പൻ നൽകിയ സമ്മാനം
1959 ൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയതോടെ ആലപ്പുഴയിലേക്ക് താമസം മാറ്റിയ ഇരുവരും ആദ്യം പഴയ മെഡിക്കൽ കോളേജിന് സമീപവും പിന്നീട് ആറാട്ടുവഴിയിലും വാടക വീട്ടിലായിരുന്നു താമസം. ടി വി തോമസിന്റെ പിതാവും ഭൂപ്രഭുമായിരുന്ന ടി സി വർഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി. പിതാവിന്റെ നിർദ്ദേശത്തെ തുടർന്ന് ടി വി തോമസും ഗൗരിയമ്മയും പിന്നീട്ട് താമസം അങ്ങോട്ടേക്ക് മാറ്റി. പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ കളത്തിപ്പറമ്പിൽ എന്ന പേര് ചാത്തനാട്ടിലെ വീടിനും നൽകണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിനും ടി വി എതിര് നിന്നില്ല. കൊത്തുവാൽ ചാവടി പാലത്തിന് സമീപമുള്ള കുടുംബ വീടായ തൈപ്പറമ്പിൽ നിന്നും ടി സി വർഗീസും താമസം ചാത്തനാട്ടെ വീട്ടിലേക്ക് മാറ്റി. അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നതും ഇവിടെ വെച്ചായിരുന്നു.

ടി വി തോമസിന്റെ തൈപ്പറമ്പിൽ വീടിനോട് ചേർന്ന് ഡയറി ഫാമും ഉണ്ടായിരുന്നു. ധാരാളം പശുക്കളും എരുമകളും ഉള്ള അപൂർവ്വം ഫാമായിരിന്നു അത്. ടി സി വർഗീസിന്റെ നിർദേശത്തെ തുടർന്ന് ഇവിടെ നിന്നും നിരവധി പശുക്കളെ കളത്തിപ്പറമ്പിൽ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവയെ പരിചരിക്കാനായി ജീവനക്കാരെയും. 1964ലെ പാർട്ടി പിളർപ്പിനെ തുടർന്ന് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവൻ കളത്തിൽ പറമ്പിൽ വീട്ടിലായി. ടി വി തോമസ് മാതൃ സംഘടനയിൽ ഉറച്ചു നിന്നപ്പോൾ ഗൗരിയമ്മ സിപിഎമ്മിലുമായി. അന്ന് ആലപ്പുഴ മുൻസിപ്പൽ ചെയർമാനായിരുന്നു ടി വി. ഇരു പാർട്ടിയിൽ ആയിരുന്നുവെങ്കിലും മാനസികമായി അവർ അകന്നില്ല. അക്കാലത്ത് ടി വി വാങ്ങി നൽകിയ കശ്‍മീരി സാരി ഗൗരിയമ്മ ഇന്നും സൂക്ഷിക്കുന്നു. രാഷ്ട്രീയപരമായ എതിർപ്പ് ഉണ്ടെങ്കിലും ഏറെനാൾ ഇരുവരും കളത്തിപ്പറമ്പ് വീട്ടിൽ തുടർന്നെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായില്ല. ഇരുവരും വേർപിരിഞ്ഞപ്പോൾ പിതാവ് വാങ്ങി നൽകിയ വീട് ഗൗരിയമ്മയ്ക്ക് നൽകി ടി വി താമസം മാറ്റി. ടി വി യുടെ മരണ ശേഷവും ഗൗരിയമ്മ അവിടെ താമസം തുടർന്നു.

സിപിഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെഎസ്എസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു. പിന്നീട് എല്ലാ വർഷവും മിഥുന മാസത്തിലെ തിരുവോണ നാളിൽ ഗൗരിയമ്മയുടെ ജന്മദിനം വിപുലമായി ഇവിടെ ആഘോഷിച്ചിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷം ഒഴിവാക്കി. പിറന്നാൾ ദിനത്തിൽ വീട്ടിലെ ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കാണാൻ തൂവെള്ള സാരിയുമുടുത്ത് പുഞ്ചിരി തൂകി ഗൗരിയമ്മ എത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടും ചെയ്താണ് വിപ്ലവ നായിക തലസ്ഥാനത്തേക്ക് പോയത്.

മന്ത്രിമന്ദിരങ്ങളായ സാനഡും റോസ്ഹൗസും ഒന്നിച്ചു
1967 ലെ സപ്തകക്ഷി മുന്നണിയുടെ ഭാഗമായിരുന്ന സിപിഐയും സിപിഎമ്മും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ടി വി തോമസ് ആലപ്പുഴയിൽ ജി ചിദംബരയ്യരെയും ഗൗരിയമ്മ ചേർത്തലയിൽ കുത്തിയതോട് ഭാസിയെയും പരാജയപ്പെടുത്തി. തുടർന്ന് ഇരുവരും മന്ത്രിമാരുമായി. ടി വി തോമസ് വ്യവസായ മന്ത്രിയും കെ ആർ ഗൗരിയമ്മ റവന്യു, ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി. ഇരു പാർട്ടികളിൽ ആയതിനാൽ രണ്ട് മന്ത്രി മന്ദിരങ്ങളാണ് അനുവദിച്ചത്. ടി വി ക്ക് റോസ് ഹൗസും ഗൗരിയമ്മയ്ക്ക് സാനഡും. സാനഡ് ഓഫീസാക്കി മാറ്റിയ ശേഷം ഗൗരിയമ്മ ടി വി ക്കൊപ്പം റോസ് ഹൗസിലേക്ക് താമസം മാറ്റി. സർക്കാർ രാജിവെച്ചതോടെ ചില കുശാഗ്ര ബുദ്ധിക്കാരുടെ ഇടപെടൽ മൂലം ടി വി യുമായി തെറ്റിയ ഗൗരിയമ്മ പിന്നീട് കളത്തിൽ പറമ്പിൽ വീട്ടിലേക്ക് താമസം മാറി. ടി വി ആലപ്പുഴയിലെ വാടക വീട്ടിലേക്കും. 1970 ലെ തിരഞ്ഞെടുപ്പിൽ ടി വി തോമസ് ആലപ്പുഴയിൽ നിന്നും ഗൗരിയമ്മ ചേർത്തലയിൽ നിന്നും വിജയിച്ചു. സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്ന സർക്കാരിൽ ടി വി വ്യവസായ വകുപ്പ് മന്ത്രിയുമായി. അന്ന് സിപിഎമ്മിന്റെ പ്രതിപക്ഷ ഉപ നേതാവായിരുന്നു ഗൗരിയമ്മ. 1976 ൽ അർബുദ രോഗം പിടിപെട്ട ടി വി ചികിൽസക്കായി വിശ്രമ ജീവിതം ആരംഭിച്ചു. ടി വി യെ ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ട് പോയി. ഗൗരിയമ്മ കൂടെ വരണമെന്ന് ടി വി പറഞ്ഞെങ്കിലും അവർക്ക് പോകാനായില്ല. 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ മത്സരിച്ച ഗൗരിയമ്മ പരാജയപെട്ടു. സിപിഐ യിലെ പി എസ് ശ്രീനിവാസനായിരിന്നു എതിരാളി. 1977 മാർച്ച് 26 ന് ഇതിഹാസ തുല്യമായ ടി വി തോമസിന്റെ ജീവിതം അവസാനിച്ചു. ഹൃദയത്തിന്റെ ഒരറയില്‍ പ്രണയത്തിന്റെ വാടാമല്ലിപ്പൂക്കളും മറ്റൊരറയില്‍ വിപ്ലവത്തിന്റെ തീത്തലപ്പും പേറിയാണ് കെ ആര്‍ ഗൗരിയമ്മ എന്ന വിപ്ലവനായിക വിടവാങ്ങിയത്.
eng­lish summary:special sto­ry about k r gowriyamma
you may also like this video