ഷാജി ഇടപ്പള്ളി

കൊച്ചി

June 19, 2020, 1:42 pm

പദശുദ്ധി കോശവുമായി പ്രകാശ്

Janayugom Online

തെറ്റായ പ്രയോഗങ്ങൾ ഭാഷയുടെ സൗന്ദര്യവും അർത്ഥവും ചോർത്തിക്കളയുന്നുവെന്ന ചിന്തയാണ് പി പ്രകാശ് എന്ന എഴുത്തുകാരനെ മലയാള ഭാഷയുടെ ശുദ്ധീകരണത്തിനായി “പദശുദ്ധി കോശം — വാക്കുകളുടെ തെറ്റും ശരിയും ” എന്ന പുസ്തക രചനയിലേക്ക് നയിച്ചത്. ആർക്കും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന വിധത്തിൽ അക്ഷരമാല ക്രമത്തിൽ ഒരുക്കിയിട്ടുള്ള 200 പേജുള്ള പുസ്തകത്തിൽ ശരിയായ വാക്കും അതിന്റെ തെറ്റായ പ്രയോഗവും പിന്നെ വാക്കിന്റെ അർത്ഥവും പ്രയോഗത്തിന്റെ അർത്ഥവും അത്തരം ക്രമത്തിലാണ് ഓരോ വാക്കും സസൂഷ്മം ചേർത്തിട്ടുള്ളത്.

ഇന്ന് നമ്മൾ കേൾക്കുന്നതും പ്രയോഗിക്കുന്നതുമായ പല വാക്കുകളും ശരിയായ ഉച്ചാരണമല്ലെന്നും അത് തിരുത്താൻ സഹായകമായ വർഷങ്ങൾ നീണ്ട ഒരു പരിശോധനയുടെയും അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് ലോക് ഡൗൺ കാലയളവിനെ പൂർണ്ണമായും പ്രയോജനപ്പെടുത്തി ഇത്തരം ഒരു പുസ്തകം പൂർത്തിയാക്കാൻ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരൻ പി പ്രകാശ് ജനയുഗത്തോട് വെളിപ്പെടുത്തി. പത്രപ്രവർത്തകനും സ്ഥലനാമ ചരിത്രകാരനുമായ ഇദ്ദേഹം പത്രങ്ങളിലും മാസികകളിലും മറ്റു പുസ്തകങ്ങളിലും കാണുന്ന പല തെറ്റായ പ്രയോഗങ്ങളും ചൂണ്ടികാണിക്കാറുണ്ടായിരുന്നു. പിന്നെ അത്തരം വാക്കുകൾ പലതിലും പതിവായി കാണാൻ തുടങ്ങിയതോടെ ഇവയൊക്കെ കുറിച്ചിടുകയും അതിന്റെ ശരിയായ അർത്ഥം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

എത്ര പ്രസംഗിച്ചാലും തെറ്റുകൾക്ക് മാറ്റം വരില്ലെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം അങ്ങിനെയാണ് വിപുലമായ തന്റെ ശേഖരത്തിലെ തെറ്റായ പ്രയോഗങ്ങളുടെ ശരിയായ അർത്ഥം ഭാഷക്കും സമൂഹത്തിനും വേണ്ടി സമർപ്പിക്കാനുള്ള ശ്രമകരമായ ജോലി ഏറ്റെടുത്തത്. നാലായിരത്തിലേറെ മലയാളം വാക്കുകളും ആയിരത്തിലധികം ഇംഗ്ലീഷ് വാക്കുകളുടെ മലയാളത്തിൽ എഴുതേണ്ട രീതിയും ചില വാക്കുകൾക്ക് പ്രത്യേക കുറിപ്പുകൾ.അനുബന്ധമായി വിദേശഭാഷകളിൽ നിന്നു മലയാളത്തിൽ എത്തിയതും നമ്മൾ ശുദ്ധമലയാളമെന്നു കരുതുന്നതുമായ വാക്കുകൾ ഉദാഹരണ സഹിതമായും നമ്മൾ ഉപയോഗിക്കുന്ന തെറ്റായ രൂപങ്ങൾക്ക് അർഥമുണ്ടെങ്കിൽ അതും ഉൾപ്പെടുത്തി ചില വാക്കുകൾക്ക് ഓക്സ്ഫോഡ് ഡിക്ഷ്ണറിയിലെ പോലെ ചെറുചിത്രങ്ങൾ സഹിതം തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം സ്കൂൾ , കോളജ് വിദ്യാർഥികൾക്കും അധ്യാപകർക്കും തെറ്റില്ലാതെ മലയാളം എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ സഹായകമാവും. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ അടുത്ത മാസം പ്രകാശനം നടത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. വിവിധ പത്രങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള പ്രകാശ് വിശാല കൊച്ചി വികസന അതോറിറ്റിയിൽ നിന്നും വിരമിച്ചതിന് ശേഷം ഫ്രീലാൻസ് പത്രപ്രവർത്തകനായി തുടരുകയാണ്. വിവർത്തന ഗ്രന്ഥങ്ങളുൾപ്പെടെ മുപ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോർത്ത് ഇടപ്പള്ളി സ്വദേശിയാണ്. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം ആരംഭിച്ച കാലം മുതൽ ഭരണ സമിതി അംഗമാണ്. ഇപ്പോൾ നോർത്ത് ഇടപ്പള്ളി ഫ്രണ്ട്സ് വായനശാലയുടെ പ്രസിഡന്റുമാണ്.