Tuesday
18 Jun 2019

ദുരന്തങ്ങളില്‍ തളരാതെ സഹജീവി സ്‌നേഹം പകര്‍ന്ന് സുനേഷ്

By: Web Desk | Sunday 19 May 2019 10:16 PM IST


കോഴിക്കോട്: അപകടം ജീവിതത്തെ വീല്‍ച്ചെയറില്‍ തളച്ചിട്ടെങ്കിലും നിശ്ചയദാര്‍ഢ്യം കൈമുതലാക്കി സഹജീവികള്‍ക്ക് സഹായം പകര്‍ന്നുകൊണ്ട് മുന്നോട്ട് പോവുകയാണ് സുനേഷ്. 2005 ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു തിരുവമ്പാടി പെരുമാലിപ്പടി പള്ളിയാളില്‍ സുനേഷിന്റെ ജീവിതത്തില്‍ ആ ദുരന്തം സംഭവിക്കുന്നത്. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരവെ നാടുകാണി ചുരത്തില്‍ നിന്ന് വാഹനം 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തില്‍ നിന്ന് തെറിച്ചുവീണ സുനേഷ് ദിവസങ്ങളോളം ചലനമറ്റ്, അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലത്തെ തുടര്‍ ചികിത്സയിലൂടെയാണ് നിവര്‍ന്നിരിക്കാവുന്ന നിലയിലായത്. അപ്പോഴേക്കും അരക്ക് താഴേക്കുള്ള ചലനശേഷി പൂര്‍ണ്ണമായും നഷ്ടമായിരുന്നു.

പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന സുനേഷിന് ജീവിതവും ചികിത്സയും മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം പ്രയാസപ്പെടേണ്ടിവന്നു. സുമനസ്സുകളുടെയും പാലിയേറ്റീവ് സംഘടനകളുടെയും സഹായത്തോടെയാണ് ഇക്കാലത്ത് ജീവിതം മുന്നോട്ട് ചലിച്ചത്. അഞ്ച് വര്‍ഷക്കാലത്തെ പൂര്‍ണ്ണ ചികിത്സയ്ക്ക് ശേഷം പാലിയേറ്റീവ് സംഘടനകളുടെ സഹായത്തോടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. പേപ്പര്‍ പെന്‍ നിര്‍മ്മാണവും കുട നിര്‍മ്മാണവും പരിശീലിച്ചു. നെറ്റ് ബാങ്കിലൂടെ വിവിധ ഓഫീസുകളിലേക്കുള്ള ബില്ലുകള്‍ അടക്കുന്ന സംവിധാനമൊരുക്കിയും സുനേഷ് മാതൃകയായി. ഇതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു പിന്നീട് മുന്നോട്ട് പോയത്. പാലിയേറ്റീവ് പ്രവര്‍ത്തകന്‍ കൂടിയായ സുനേഷ് ഭിന്നശേഷിക്കാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരുടെ റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയുമാണിപ്പോള്‍.
പലരും ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് സഹായവുമായി രംഗത്തുണ്ട്. സ്വന്തമായി കിടപ്പാടമില്ലാത്തതാണ് സുനേഷിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഖം.

YOU MAY ALSO LIKE THIS:

Related News