ഞാനാണ് കയറിയിരുന്നതെങ്കില്‍ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ? സംവിധായകനോട് ദേഷ്യത്തോടെ മമ്മൂട്ടി ചോദിച്ചു: കാരണം

Web Desk
Posted on March 28, 2019, 9:18 am

പല്ലിശേരി

ചന്തുവിനെ വീരയോദ്ധാവായി എംടി ചിത്രീകരിച്ച സിനിമയാണ് ‘ഒരു വടക്കന്‍ വീരഗാഥ.’ ആ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംവിധായകന്‍ ഹരിഹരന്‍, ക്യാമറമാന്‍ രാമചന്ദ്രബാബു നടീനടന്‍മാര്‍, മറ്റ് ടെക്‌നീഷ്യന്‍മാര്‍ എന്നുവേണ്ട ആ സിനിമയോട് സഹകരിച്ച എല്ലാവര്‍ക്കും പങ്കുണ്ട്.

ഒരു പിണക്കത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിച്ചത്. നല്ല നടനാണ് മമ്മൂട്ടി. ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ മമ്മൂട്ടിയുടെ ചില പിടിവാശികള്‍ സഹിക്കാന്‍ കഴിയില്ല. അങ്ങനെ ടി മുഖേന ഹരിഹരന് ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ സമയത്ത് ചന്തുവായി അഭിനയിക്കാന്‍ മമ്മൂട്ടി ആഗ്രഹിച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വച്ച് എന്റെ നേതൃത്വത്തില്‍ ഇരുവരുടേയും പിണക്കം തല്‍ക്കാലം മാറ്റി. യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് സത്യം ചെയ്തിട്ടാണ് മമ്മൂട്ടി ഒരു വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചത്. എന്നാല്‍, ആ ചിത്രത്തിലും തലവേദന അറിഞ്ഞോ അറിയാതെയോ മമ്മൂട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ‘പകരം വയ്ക്കാനില്ലാത്ത നടന്‍’ എന്ന നിലയില്‍ മമ്മൂട്ടിയെ സഹിക്കുകയായിരുന്നു.

‘ഒരു വടക്കന്‍ വീരഗാഥ’യില്‍ കളരി ഒരു പ്രധാന ഘടകമാണ്. സുരേഷ്‌ഗോപിയും മമ്മൂട്ടിയും പുത്തൂരം തറവാട്ടില്‍ ഏറ്റുമുട്ടുന്ന ഒരു രംഗത്തിന്റെ ചിത്രീകരണം. ഉയര്‍ന്നുചാടണം, അതിന് റോപ്പ് റെഡിയാക്കി. അത് അരയില്‍ മുറുക്കി മുകളിലൂടെ തോര്‍ത്തുമുണ്ട് കെട്ടിവച്ച് റോപ്പ് പുറത്തുകാണാത്തവിധം ഒരുക്കണം. ഫ്രെയിമില്‍ ബാക്ക് ഗ്രൗണ്ടിന്റെ നിറമനുസരിച്ച് റോപ്പിന്റെ നിറം മാറണം. ഇന്നത്തെപോലെ മായിച്ചുകളയാന്‍ പറ്റില്ല. കനം കുറഞ്ഞ ആ സ്റ്റീല്‍ക്കമ്പി കണ്ടപ്പോള്‍ ക്യാമറമാന്‍ രാമചന്ദ്ര ബാബുവിനൊരു സംശയം. ‘ഇത് ഭാരം താങ്ങുമോ’ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനോട് രാമചന്ദ്രബാബു ചോദിച്ചു. അതു കേട്ടുകൊണ്ടാണ് മമ്മൂട്ടി വന്നത്. ‘നൂറ് ക്വിന്റല്‍ സുഖമായി പൊങ്ങും’ എന്ന് ത്യാഗരാജന്‍ മറുപടി കൊടുത്തു. ‘എങ്കില്‍ ആദ്യം റോപ്പില്‍ ഡ്യൂപ്പായ പഴനി കയറട്ടെ.’ അതനുസരിച്ച് ഡ്യൂപ്പിനെ കയറില്‍ ബന്ധിച്ചു. ത്യാഗരാജനും സംഘവും റോപ്പിന്റെ മറ്റേത്തലക്കല്‍ നിന്ന് ആഞ്ഞുവലിച്ചു. പഴനി കുതിച്ചുമുകളിലേക്കു പോയി. പെട്ടെന്ന് റോപ്പ് പൊട്ടി പഴനി മലര്‍ന്നടിച്ചു വീണു. മമ്മൂട്ടി ഞെട്ടി നിന്നു. സംവിധായകന്‍ ഹരിഹരനും രാമചന്ദ്രബാബുവും വിശ്വസിക്കാന്‍ കഴിയാതെ ത്യാഗരാജനെ നോക്കി. ഞാനാണ് കയറിയിരുന്നതെങ്കില്‍ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ?’ ദേഷ്യത്തോടെ മമ്മൂട്ടി ചോദിച്ചു. മമ്മൂട്ടി പിന്നെ ആ സീന്‍ അഭിനയിച്ചില്ല.