ടി കെ അനിൽകുമാർ

July 18, 2021, 5:07 am

കശ്മീര്‍ കാക്കാന്‍ മലയാളി വനിത

Janayugom Online

ടി കെ അനിൽകുമാർ

മഞ്ഞുപുതച്ച മലനിരകളും തെളിനീരായി ഒഴുകുന്ന തണുത്ത നദികളുമുള്ള കശ്മീർ. പൈൻമരങ്ങളും ദേവദാരുവും നിര നിരയായി കാഴ്ചയൊരുക്കുന്ന ഹിമപാതകൾ. അവിടെ ഗ്രാമങ്ങൾക്ക് കാവലായി ഒരു മലയാളി വനിത- കായംകുളം സ്വദേശിനി ആതിര. വെടിയൊച്ച നിലയ്ക്കാത്ത കശ്മീർ അതിർത്തിയിൽ സ്നേഹമന്ത്രങ്ങളുമായി നിലയുറപ്പിച്ചിരിക്കുകയാണ് ഈ റൈഫിൾ വുമൺ. ഏറെ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന ഇന്ത്യ — പാകിസ്ഥാൻ നിയന്ത്രണരേഖക്കിപ്പുറം നാട്ടുകാരും സൈനികരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് കായംകുളം പുള്ളികണക്ക് തെക്കേ മങ്കുഴി ഐക്കരകിഴക്കത്തിൽ ആതിര കെ പിള്ളയെന്ന 25കാരിയുടെ നിയോഗം. അതിർത്തി കാക്കുന്ന സേനകളിലെ ആദ്യ മലയാളി പെൺകുട്ടിയായ ആതിര കേരളത്തിന് പകർന്ന് നൽകുന്നത് അതിരുകളില്ലാത്ത അഭിമാനവും.

 

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും എ കെ 47 തോക്കുമായി നാട് കാക്കുന്ന വനിതാ സൈനിക കശ്മീർ നിവാസികൾക്ക് നവ്യാനുഭവമാണ്. കശ്മീരിലെ ഗന്ധർബാലിലാണ് നിയമനം. സൈന്യം വീടുകളിൽ പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഹകരണം ഉറപ്പാക്കുക, സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കുക ഇങ്ങനെ നീളുന്നു ആതിരയുടെ ജോലി. പുരുഷ സൈനികർ മാത്രം ചെയ്തിരുന്ന പട്രോളിംഗ് ഡ്യുട്ടിയുമുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാരാ മിലിട്ടറി ഫോഴ്സായ അസം റൈഫിൾസിലെ ജനറൽ ഡ്യൂട്ടി തസ്തികയിൽ ഇൻഫർമേഷൻ വാർ ഫെയർ വിഭാഗത്തിലാണ് നിയമനം. ഓഫിസർ പദവിയിൽ മാത്രം നിയമിച്ചിരുന്ന പെൺപടയുടെ സാന്നിധ്യം യുദ്ധമുഖത്തും ഉറപ്പാക്കുകയാണ് അസം റൈഫിൾസ്. ലഡാക്കിനടുത്തുള്ള വുഷാനിലെ 500 പേരടങ്ങിയ ക്യാമ്പിൽ 9 വനിതകളാണുള്ളത്. ബീഹാർ, അസം, മഹാരാഷ്ട്ര, ഒഡിഷ, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കായംകുളത്തെ സാധാരണ കുടുംബത്തിൽ ജനിച്ച് മലയാളം സ്കൂളുകളിൽ പഠിച്ച് വളർന്ന ആതിര അസാധാരണ നേട്ടങ്ങളിലേക്ക് കുതിച്ച് കയറിയതിന് പിന്നിൽ ഇച്ഛാശക്തിയല്ലാതെ മറ്റൊന്നുമല്ല.

 

ഗന്ധർബാലിൽ മനം നിറഞ്ഞ്

പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്ത നിരവധി ഗ്രാമങ്ങൾ ഉള്ള പ്രദേശമാണ് ഗന്ധർബാൽ. ക്യാമ്പ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് ജനവാസം നന്നേ കുറവ്. അതിർത്തിയിൽ നിയമനം ലഭിച്ചപ്പോൾ ബന്ധുക്കൾക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാൽ ആതിരക്ക് താൽപര്യം ഇത്തരം വെല്ലുവിളികളും. ഓരോ ദിവസവും ഗ്രാമങ്ങൾ മാറി മാറിയാണ് ഡ്യൂട്ടി. യൂണിഫോം അണിഞ്ഞ് തോക്കുമായെത്തുന്ന ആതിരയെയും സഹപ്രവർത്തകരെയും നാട്ടുകാർക്ക് ആദ്യം പേടിയായിരുന്നു. ആദ്യമായാണ് അവർ വനിതാ പട്ടാളത്തെ കാണുന്നത്. പഠനത്തിൽ പ്രശ്നങ്ങൾ ഉള്ള കുട്ടികളെ ഉൾപ്പടെ സഹായിക്കും എന്നറിയിച്ചപ്പോൾ ഏറെ പിന്തുണ ലഭിച്ചു. പെൺകുട്ടികൾ ഉൾപ്പടെയുള്ള നിരവധി പ്രദേശവാസികൾ സൗഹൃദം പങ്കുവെക്കാനെത്തും. വളരുമ്പോൾ സൈനികരാവാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ നാടാണ് ഗന്ധർബാലെന്ന് ആതിര പറയുന്നു. ചില പ്രത്യേക സാഹചര്യങ്ങളിലാണ് വീടുകളിൽ പരിശോധന കർശനമാക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ടിവരും. ഇതിനായി ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താറുണ്ട്.

 

 

അച്ഛൻ പകര്‍ന്ന ഊര്‍ജം

 

അസം റൈഫിൾസിലെ ഹവീൽദാർ ആയിരുന്ന അച്ഛൻ കേശവപിള്ള പകർന്നു നൽകിയ ഇന്ധനമാണ് ആതിരക്ക് വിജയ കുതിപ്പേകിയത്. ജന്മനാടിന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട സൈനികരുടെ ത്യാഗനിർഭരമായ ജീവിതം കുഞ്ഞുനാളിലെ ആതിരയുടെ മനസ്സിൽ ഇടംതേടി. 2007 ൽ അച്ഛൻ മരിച്ചപ്പോൾ നാടിനെ സേവിക്കാൻ ഒരു സൈനികയാവുക എന്നത് ജീവിത വ്രതമാക്കി. അന്ന് പ്രായം 12. പിന്തുണ നൽകി അമ്മ ജയലക്ഷ്മിയും സഹോദരൻ അഭിലാഷും. മന്ദിരം എൽ പി എസ്, കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ ഹൈസ്കൂൾ, താമരക്കുളം വി എച്ച് എസ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചാരുമൂട് പ്രസിഡൻസി കോളേജിൽ നിന്ന് ബി കോം ബിരുദവും സ്വന്തമാക്കി. പിന്നീട് ജോലി തേടി അസം റൈഫിൾസ് ആസ്ഥാനത്തേക്ക് വണ്ടി കയറി. 2017 ജൂലൈയിൽ ആണ് ആതിരക്ക് ആശ്രിത നിയമനം ലഭിച്ചത്. നാല് വർഷം മുൻപ് സൈന്യത്തിൽ ചേർന്നു. ഷില്ലോങ്ങിലെ ക്യാമ്പിലായിരുന്നു റിക്രൂട്ട്മെന്റ്.

ഓർമ്മയിൽ കനലായി മണിപ്പൂർ

2018 ൽ മണിപ്പൂരിലെ ഇൻഫർമേഷൻ വാർ വിഭാഗത്തിലായിരുന്നു നിയമനം. മണിപ്പൂർ വനാന്തരങ്ങളിൽ തീവ്രവാദ ഭീഷണി ശക്തമായ കാലം. തീവ്രവാദികളെ അമർച്ച ചെയ്യാൻ ആസാം റൈഫിൾസ് നിയോഗിച്ച ടീമിൽ ആതിരയുമുണ്ടായിരുന്നു. കൊടുംകാട്ടിൽ ദിവസങ്ങളോളം താമസിച്ചുള്ള ഓപ്പറേഷൻ. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന ഒളിപ്പോരിനെ തുടർന്ന് തീവ്രവാദികൾ പിൻവാങ്ങി. ആതിരയുടെ മികച്ച സേവനം വിലയിരുത്തിയ കരസേന, പുരസ്ക്കാരം നൽകി ആദരിച്ചു. 2019 ലെ റിപ്പബ്ലിക്ക് ദിനത്തിൽ വനിതകൾക്ക് മാത്രമായി നടത്തിയ ആദ്യ പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞതും ആതിര അഭിമാനത്തോടെ ഓർക്കുന്നു.

 

 

അതിർത്തികാക്കുന്ന വൈറൽ സൈനിക

പുതിയ നിയമനത്തോടെ നവ മാധ്യമങ്ങളിലും താരമാണ് ആതിര കെ പിള്ള. അതിർത്തികാക്കുന്ന സൈനികയുടെ തോക്കേന്തിയ ചിത്രങ്ങൾ വൈറലാവുകയാണ്. പെൺകുട്ടികൾ ഉൾപ്പടെ ആയിരങ്ങളാണ് ആതിരയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത്. ജന്മ നാടായ കായംകുളത്തും ആതിര താരമായി മാറി. ‘വീടിന്റെ ചുവരുകളിൽ തളച്ചിടേണ്ടവരല്ല സ്ത്രീകൾ’ എന്ന ഹാഷ് ടാഗ് ഉൾപ്പടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു കഴിഞ്ഞു. വിവാഹത്തെ പോലും കച്ചവടവൽക്കരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ചര്‍ച്ചയാകുന്ന കാലത്ത് അതിനെതിരെ പോരാടുന്നവരുടെ ഊർജ്ജ സ്ത്രോതസായി ആതിര മാറി കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ.

 

 

നാടിന്റെ പ്രതിനിധി ആയതിൽ സന്തോഷം

നാടിന്റെ പ്രതിനിധിയായി രാജ്യസേവനം നടത്താൻ കഴിയുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്ന് ആതിര പറഞ്ഞു. ഏറെ സംഘർഷ സാധ്യതയുള്ള പ്രദേശത്താണ് ജോലി ചെയ്യുന്നത്. മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലീവ് അനുവദിച്ചാൽ ഓണത്തിന് വരും. ജോലിയിൽ അച്ഛന്റെ പാത പിൻതുടരണമെന്നത് കുഞ്ഞുനാൾ മുതലുള്ള ആഗ്രഹമായിരുന്നു. അച്ഛൻ ഇതെല്ലം കണ്ട് സന്തോഷിക്കുന്നുണ്ട് എന്നാണ് വിശ്വാസമെന്നും ആതിര പറഞ്ഞു. മോളുടെ ആഗ്രഹം സഫലമായതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അമ്മ ജയലക്ഷ്മി പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ ആതിര അച്ഛന്റെ സഹ പ്രവർത്തകരോട് പട്ടാളത്തിൽ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോലി തിരക്കൊഴിയുമ്പോൾ വീഡിയോ കാൾ ചെയ്യുന്നത് ഏറെ ആശ്വാസമാണെന്നും ജയലക്ഷ്മി പറഞ്ഞു.

 

 

 

പൂർണ്ണ പിന്തുണയുമായി ഭർത്താവും

 

ആതിരയുടെ സൈനിക ജീവിതത്തിന് പൂർണ്ണ പിന്തുണയേകി ഭർത്താവ് കായംകുളം പുള്ളികണക്ക് കീപ്പള്ളിത്തറയിൽ സ്മിതീഷും. സൈനികനാകാൻ കൊതിച്ച സ്മിതീഷ് സാഹചര്യങ്ങളുടെ മാറ്റത്താൽ എത്തിയത് പ്രവാസ ജീവിതത്തിലും. മിലിട്ടറി റിക്രൂട്ടുമെന്റിൽ പങ്കെടുത്തിട്ടുണ്ട്. 2019 ലായിരുന്നു വിവാഹം. രാജ്യത്തെ സേവിക്കാനുള്ള ഭാര്യയുടെ സ്ഥാന ലബ്ധിയിൽ ഏറെ അഭിമാനമുണ്ട് സ്മിതീഷിന്. ജോലിയുടെ ആധിക്യവും മൊബൈൽ നെറ്റ് വർക്ക് തകരാറുകളും മൂലം ആതിരയുടെ ഫോൺ വിളികൾ കുറവാണെങ്കിലും സ്മിതീഷിന് പരാതിയില്ല. ജോലിയുടെ സ്വഭാവവും ഉത്തരവാദിത്വവുമെല്ലാം നന്നായി അറിയാമെന്നും അദ്ദേഹം പറയുന്നു. സ്മിതീഷിന്റെ അച്ഛൻ പരമേശ്വരപിള്ളയും അമ്മ ശാന്തകുമാരിയും സഹോദരി സ്മിതയും ഭർത്താവ് സുരേഷ് കുമാറും മകൻ സൂര്യ നാരായണനുമെല്ലാം നൽകുന്ന പിന്തുണ ആതിരക്ക് കരുത്താവുന്നു.

 

 

റൈഫിൾ വനിതകള്‍

അസം റൈഫിൾസിൽ വനിതകളെ ഉൾപ്പെടുത്തുന്നത് ഏറെ നാളത്തെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ്. സൈന്യത്തിന്റെ പ്രത്യാക്രമണ വിഭാഗത്തിൽ വരെ സ്ത്രീകളെ ഉൾപ്പെടുത്തുവാൻ തുടങ്ങി. പുരുഷന്മാർ എവിടെയൊക്കെ ചെല്ലുന്നുവോ അവിടെയെല്ലാം സ്ത്രീകളും കടന്നു ചെല്ലുന്നുണ്ട്. ഇന്ത്യൻ സേനയുടെ അവിഭാജ്യ ഘടകമായി സ്ത്രീകളും മാറുകയാണ്. 2019 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ അസം റൈഫിൾസിലെ വനിതാ വിഭാഗം ആദ്യമായി പങ്കെടുത്ത് ചരിത്രം രചിച്ചു. പരേഡിൽ ആതിരയും പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ ഒരു ബസ് കണ്ടക്ടറുടെ മകളായ മേജർ കുശ്ബു കൻവർ ആയിരിന്നു പരേഡ് നയിച്ചത്. ഇത് അഭിമാന നിമിഷമാണെന്ന് അന്ന് അവർ പ്രതികരിച്ചിരുന്നു.