അകക്കണ്ണിന്റെ കാഴ്ചയുമായി അനുകരണകലയിൽ ഷിഫ്ന മറിയം വിസ്മയമായി

Web Desk
Posted on December 09, 2018, 3:01 pm
ഷാജി ഇടപ്പള്ളി
ആലപ്പുഴ: വിധിയോട് പൊരുതി നേടിയ വിജയമാണ് ഷിഫ്ന മറിയത്തിന് സംസ്ഥാന സ്കൂൾ കലോത്സവം സമ്മാനിച്ചത്. കാഴ്ചകൾക്കപ്പുറത്ത് അകക്കണ്ണിന്റെ കാഴ്ചയിൽ
കേൾവിയുടെ ലോകം സൃഷ്ടിച്ച അറിവുകളുടെ അടയാളപ്പെടുത്തലുകളുമായി ഷിഫ്ന മറിയം. അനുകരണകലയിൽ  തന്റെ പ്രതിഭ തെളിയിച്ചപ്പോൾ നിറഞ്ഞ സദസിന്റെ നിലക്കാത്ത കൈയ്യടിയാണ് ഹാളിൽ നിന്നുയർന്നത്.
തിരുവനന്തപുരം ചെങ്കോട്ടുകോണം മാധവ വിലാസം തുണ്ടത്തിൽ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ഷിഫ്ന ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ വിഭാഗം മിമിക്രി മത്സരത്തിൽ അപ്പീലുമായെത്തിയാണ് ‘എ’ ഗ്രേഡ് കരസ്ഥമാക്കിയത്. സാധാരണയായി നാം നിത്യേന കേൾക്കുന്ന ശബ്ദങ്ങളുടെ ആഴത്തിലുള്ള അനുകരണം കൊണ്ട് സംസ്ഥാന കലോത്സവങ്ങളിൽ കഴിഞ്ഞ നാലുവർഷങ്ങളിലും സമ്മാനർഹയായിട്ടുള്ള ഈ കലാകാരി ഇക്കുറിയും വേറിട്ട അവതരണമാണ് കാഴ്ചവെച്ചത്.
ജനിച്ച് 12-മത്തെ ദിവസം പിടിപെട്ട പനിയെ തുടർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. പിന്നീട്
വിധിയോട് പടവെട്ടുന്ന ഷിഫ്ന മിമിക്രി രംഗമാണ് തനിക്ക് പറ്റിയ മേഖലയെന്ന് സ്വയം കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം പട്ടം ഗവ.മോഡൽ എച്ച്എസ്എസ്സിലെ ഹൈസ്കൂൾ പഠന കാലത്ത് മൂന്നുവർഷവും സംസ്ഥാന തലത്തിൽ സമ്മാനാർഹയായിരുന്നു.  കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലും എ ഗ്രേഡ് നേടിയിരുന്നു ഈ മിടുക്കി. ഏഴു വരെ വർക്കലയിലെ സ്പെഷ്യൽ സ്കൂളിലായിരുന്നു പഠനം. ‘ഈ കാലയളവിൽ തിരുവനന്തപുരത്തു നിന്നും വർക്കലയിലേക്കുള്ള  പതിവ് ട്രെയിൻ യാത്രയിൽ കേട്ടിരുന്ന റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെൻറും മുത്തശ്ശിയുടെ ശബ്ദവും പിന്നീട് ടിവിയിൽ കേൾക്കുന്ന പരസ്യവാചകങ്ങളും മൊബൈൽ ഫോണിൽ വരുന്ന വോയ്സ് മെസ്സേജുകളും മന:പാഠമാക്കി അതിന്റെ ശബ്ദവിന്യാസത്തിൽ ഒട്ടും പിഴവുകളില്ലാതെ അനുകരിക്കുവാൻ ശീലിച്ചിരുന്നു. ഇത് അവതരിപ്പിച്ച് നിരവധി സ്പെഷ്യൽ സ്കൂൾ മത്സരവേദിയിൽ ഷിഫ്ന മിമിക്രി യിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പിന്നീട് ഹൈസ്കൂൾ പഠന കാലം മുതൽ സബ് ജില്ല, റവന്യു ജില്ല സംസ്ഥാന കലോത്സവങ്ങളിലും ജേതാവാണ്.
ഏഷ്യാനെറ്റ്, ഫ്ലവേഴ്സ്, ജയ്ഹിന്ദ് ‚അമൃത തുടങ്ങിയ ചാനലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കലാഭവൻ പ്രദീപ് ലാലിന്റെ ശിക്ഷണത്തിൽ  മിമിക്രി പരിശീലിച്ചു. കാഴ്ചശക്തി ഇല്ലാത്തതിനാൽ നല്ല ഓർമ്മ ശക്തിയും സംഭവങ്ങളോട് പ്രതികരിക്കാനുള്ള കഴിവും ഷിഫ്നക്കുണ്ടെന്ന് മാതാവ് ഷാഹീന പറഞ്ഞു. തിരുവനന്തപുരം പോത്തൻകോട് തോണിക്കടവിൽ ബിസ്മി മൻസിലെ ഷിഫ്ന  മലയാളത്തിന്റെ താര നായകൻ  പ്രേംനസീറിന്റെ കുടുംബാംഗവും കൂടിയാണ്. അപ്പീൽ കൊടുത്താണ് ഇക്കുറി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. എന്നിട്ടും ശബ്ദാനുകരണകലയിൽ മാസ്മരികത തീർക്കാൻ ഈ കലാകാരിക്കു കഴിഞ്ഞു.
പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർഥിനിയായ ഷിഫ്നക്ക് ബിരുദമെടുത്ത് ജേർണലിസ്റ്റാകണമെന്നാണ് ആഗ്രഹം. ഞാനൊരിക്കൽ അവതാരകയോ വാർത്ത വായനക്കാരിയോ ആകുമെന്ന് തറപ്പിച്ചു പറയുന്ന ആത്മവിശ്വാസം അത് നേടാനുള്ള പരിശ്രമവും മകൾക്കുണ്ടെന്ന് അമ്മ  ഷാഹീന സാക്ഷ്യപ്പെടുത്തുന്നു. നന്നായി കവിതയും എഴുതും.
എന്നിലെ കാഴ്ചയും വെളിച്ചവും അമ്മയാണെന്ന് കുറിച്ചിട്ടുള്ള ഷിഫ്ന സ്വന്തം ജീവിതാവസ്ഥ ഇങ്ങിനെയാണ് എഴുതിയിട്ടുള്ളത്.
’ ഞാനൊരന്ധയാണെന്നറിഞ്ഞ നിമിഷം
 അച്ഛനമ്മയെ പിരിഞ്ഞു പോയി
 നിർഭാഗ്യമെന്നു പറഞ്ഞിടട്ടെ
 അമ്മ പിന്നെ തനിച്ചായി…
 പക്ഷെ അത്തരം അവസ്ഥകളിൽ തളർന്നു പോകാതെ മകളെ ഭാഗ്യമെന്നു കരുതി വളർത്തുകയാണെന്നു അമ്മ ഷാഹിന പറഞ്ഞു.
ഇപ്പോൾ സ്വയം മിമിക്രി ചിട്ടപ്പെടുത്തുവാനും ശീലിച്ചിട്ടുണ്ട്. നന്നായി പാടുകയും ചെയ്യും
സഹോദരൻ മുഹമ്മദ് അൽ ഷിഫാൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.