11 December 2024, Wednesday
KSFE Galaxy Chits Banner 2

‘കണ്ണേറുതട്ടാതെ‘കണ്ണേറുപാട്ടിൽ വിജയലക്ഷ്മി

പി ആർ റിസിയ
തൃശൂർ
June 3, 2023 10:11 am

പുതിയ കാലത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിലും പഴമയുടെ ശേഷിപ്പുകൾക്ക് തിളക്കമേറെയെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് 65 കാരിയായ വിജയലക്ഷ്മി. തൃശൂരിൽ ആരംഭിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ആദ്യദിനം കൊട്ടു പാട്ടുകളുടെ ഈണത്തിൽ മുഖരിതമായപ്പോൾ കണ്ണേറുപാട്ടിൽ മത്സരിച്ച 10 പേരെയും പിന്നിലാക്കിയാണ് വിജയലക്ഷ്മി ഒന്നാമതെത്തിയത്.
കണ്ണേറുപാട്ട് പാരമ്പര്യമായി തുടരുന്ന വിജയലക്ഷ്മിയമ്മയുടെ സ്വതസിദ്ധമായ ശൈലിയും അനുബന്ധ ഉപകരണവുമെല്ലാം മത്സരത്തെ വ്യത്യസ്തമാക്കി. മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയയാളും വിജയലക്ഷ്മി ആയിരുന്നു. പണ്ടുകാലങ്ങളിൽ അനുഷ്ഠാനകലയുടെ ഭാഗമായിട്ടായിരുന്നു കണ്ണേറുപാട്ടുകൾ അവതരിപ്പിച്ചിരുന്നത്. അന്നൊക്കെ പത്തോളം പേർ ചേർന്നായിരുന്നു പാട്ടുപാടുക. തന്റെ ചെറുപ്പം മുതൽ അറിഞ്ഞും കേട്ടും പരിചിതമായ കണ്ണേറുപാട്ടിൽ മത്സരിക്കാൻ പ്രത്യേകം തയ്യാറെടുപ്പൊന്നും വേണ്ടിവന്നില്ലെന്ന് വിജയലക്ഷ്മി പറഞ്ഞു.
പാലക്കാട് ചെർപ്പുളശേരി നഗരസഭയെ പ്രതിനിധീകരിച്ചാണ് വിജയലക്ഷ്മി കലോത്സവത്തിനെത്തിയത്. ഇന്നലെ നടന്ന ചിത്രരചന(ജലച്ഛായം) മത്സരത്തിലും വിജയലക്ഷ്മിയമ്മ പങ്കെടുത്തു. മത്സരത്തിനായി ഈ പരമ്പരാഗത പാട്ടിനങ്ങൾ സ്വായത്തമാക്കിയവരും കലോത്സവത്തിൽ മാറ്റുരച്ചു. കണ്ണേറുപാട്ടിൽ മത്സരിച്ച എല്ലാവരും എ ഗ്രേഡ് സ്വന്തമാക്കി. മരംകൊട്ട്പാട്ടിൽ തൃശൂരിൽ നിന്നുള്ള ഗ്രേഷ്മ ഒന്നാമതെത്തി.
പഴമയുടെ പൊലിമ വിളിച്ചോതിയ പരമ്പരാഗത കലാ ഇനങ്ങളായ കണ്ണേറുപാട്ട്, കൂളിപ്പാട്ട്, മരംകൊട്ടി പാട്ട് തുടങ്ങിയ മത്സര ഇനങ്ങൾ വേദിയെ മികവുറ്റതാക്കി. കണ്ണേറുപാട്ടും കൊട്ടിപ്പാട്ടുമെല്ലാം കാണികളെ കയ്യിലെടുത്തു. വൈവിധ്യം നിറഞ്ഞ പാട്ടുകളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. ആവർത്തന വിരസതയില്ലാത്തതും വേദിയെ ശ്രദ്ധേയമാക്കി. മരത്തിന്റെയും ഉടുക്കിന്റെയുമെല്ലാം താളത്തിൽ അവര്‍ പാടിയപ്പോൾ ചമയവൈവിധ്യവും ആകർഷണീയമായി.

eng­lish sum­ma­ry; spe­cial sto­ry vijayalakshmi

you may also like this video;

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.