February 4, 2023 Saturday

കോവിഡ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക നികുതി വരും

Janayugom Webdesk
ന്യുഡൽഹി
April 26, 2020 9:52 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പ്രത്യേക നികുതി ഏർപ്പെടുത്താനും നികുതി നിരക്കുകൾ ഉയർത്താനും നിർദ്ദേശം. അമ്പതോളം നിർദ്ദേശങ്ങളാണ് ഐആർഎസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ധനമന്ത്രാലയത്തിന് നൽകിയതെന്ന് ദി പ്രിന്റ് ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സെസ് എന്ന പേരിൽ പുതിയ തീരുവ നടപ്പാക്കുക, പത്ത് ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 4 ശതമാനം ഒറ്റത്തവണ സെസ് ഏർപ്പെടുത്തുക എന്നതോടൊപ്പം ഒരു വർഷം ഒരു കോടിയിലധികം രൂപ വരുമാനമുള്ളവരുടെ ആദായ നികുതി 40 ശതമാനം വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റുകൾക്ക് മൂന്ന് വർഷത്തെ നികുതി അവധി അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളിലുണ്ടെന്ന് വാർത്തയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം കോവിഡ് മഹാമാരി നേരിടുന്നതിനുള്ള സാമ്പത്തിക സാധ്യതകളും പ്രതികരണങ്ങളും (ഫിസ്കൽ ഓപ്ഷൻസ് ആന്റ് റെസ്പോൺസ് ടു കോവിഡ് 19 എപിഡമിക്) എന്ന പേരിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പകർപ്പ് പ്രത്യക്ഷ നികുതി ബോർഡിനും സമർപ്പിച്ചിട്ടുണ്ട്. വിവിധ കോർപ്പറേറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ തുടങ്ങിയവർ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഇനത്തിൽ മാറ്റിവച്ചിട്ടുള്ള തുക കോവിഡ് ഫണ്ടിനായി സമാഹരിക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്. അടുത്ത ഒരു വർഷത്തേയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശകമ്പനികളിൽ നിന്നും വരുമാനത്തിന്റെ രണ്ട് ശതമാനം സർചാർജ് ഈടാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

പത്ത് കോടി രൂപവരെ വരുമാനമുള്ള കമ്പനികളിൽ നിന്നും രണ്ട് ശതമാനവും പത്ത് കോടി രൂപയ്ക്ക് മേൽ വരുമാനമുള്ള കമ്പനികളിൽ നിന്നും അഞ്ച് ശതമാനം സർചാർജ് ഈടാക്കാനുമാണ് നിർദ്ദേശം. മരിച്ചുപോയവരുടെ സ്വത്തുക്കൾ ലഭിക്കുമ്പോൾ നൽകേണ്ട പൈതൃക നികുതി ( ഇൻഹെറിറ്റൻസ് ടാക്സ്) ഈടാക്കാനുള്ള നിർദ്ദേശങ്ങളുമുണ്ട്. 1985 വരെ പൈതൃക നികുതി രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്നു. ലഭിക്കുന്ന സ്വത്തിന്റെ മൂല്യത്തിന് അനുസരിച്ച് 10 മുതൽ 85 ശതമാനം വരെ നികുതി ഈടാക്കണം. പ്രവാസി ഇന്ത്യാക്കാരുടെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതിയായി ഇടാക്കാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹ്രസ്വകാല, ദീർഘകാല ലാഭത്തിന് യഥാക്രമം 30,20 ശതമാനം നികുതി ഈടാക്കണം. ഇ- കൊമേഴ്സ് സ്ഥാപനങ്ങൾക്കുള്ള നിലവിലെ ആറ് ശതമാനത്തിൽ 12 ശതമാനമായി നികുതി വർധിപ്പിക്കണം. സേവന നികുതിയിൽ അഞ്ച് മുതൽ 32 ശതമാനം വരെ വർധന വരുത്താനാണ് നിർദ്ദേശം. ഓൺലൈൻ സ്ട്രീമിങ്, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ളവർക്കും വൻ നികുതി വർധനയാണ് നിർദ്ദേശിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് ഉതകുന്ന അഞ്ച് മുതൽ പത്ത് വരെ സുപ്രധാന പദ്ധതികൾ കണ്ടെത്തി സമർപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.

“സേവനങ്ങൾക്ക് ഫീസ് ഉയരും

കോവിഡ് സെസ് ഈടാക്കാനുള്ള മോഡി സർക്കാരിന്റെ നടപടികൾ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഇരുട്ടടിയാകും. വിവിധ സേവനങ്ങൾ, വിദ്യാലയത്തിലെ ഫീസുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ എന്നിവയിൽ സെസ് ഈടാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള ചാർജുകൾ പോലും ഇനി വർധിക്കും. വില്ലേജ് ഓഫീസിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് നിലവിൽ പത്ത് രൂപയാണ് നൽകുന്നതെങ്കിൽ ഇനി 14 രൂപ നൽകേണ്ടിവരും. ഓൺലൈൻ വിപണിയിലെ നികുതി നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനവും പാവപ്പെട്ട ജനങ്ങൾക്ക് തിരിച്ചടിയാകും. 30 ശതമാനം വരെ വില വർധന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

വിദ്യാലയങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോവിഡ് സെസ് ഈടാക്കുന്നതും രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ഭാരം വരുത്തിവയ്ക്കും. നാല് ശതമാനം സെസ് ഈടാക്കാനാണ് നിലവിലുള്ള നിർദ്ദേശം. കോർപ്പറേറ്റുകളുടെ വിവിധ നികുതികളും തീരുവകളും വർധിപ്പിക്കാനുള്ള തീരുമാനവും തിരിച്ചടിയാകും. ഇവർ നൽകുന്ന സേവനങ്ങൾ, ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയുടെ വില ഗണ്യമായി വർധിക്കും. നിർമ്മാണ സാമഗ്രികൾ, രാസവളങ്ങൾ, വൈദ്യുതി, കുടിവെള്ളം, മരുന്നുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയുടെ വിലയിലും സെസ് ഏർപ്പെടുത്തുന്നതോടെ വലിയ വർധന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

 

Eng­lish Sum­ma­ry: spe­cial tax for covid-19 resistance

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.