February 4, 2023 Saturday

Related news

July 29, 2022
January 20, 2022
October 30, 2021
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021

സുഗന്ധവ്യഞ്ജന കയറ്റുമതി പ്രതിസന്ധിയില്‍: കർഷകർ ആശങ്കയിൽ

Janayugom Webdesk
കൊച്ചി
April 25, 2020 3:36 pm

റബർ, കുരുമുളക്, ഏലം എന്നിവയുടെ അടക്കം സുഗന്ധവ്യഞ്ജനങ്ങളുടെ വില വരും മാസങ്ങളിൽ ഇടിയാൻ സാധ്യത. ആഗോളതലത്തിൽ കയറ്റുമതി ഡിമാന്റ് കുറഞ്ഞതിനാൽ ഇപ്പോൾ തന്നെ ഇവയുടെ വില താഴ്ന്നിരിക്കുകയാണ്. ലോക്ഡൗൺ കാരണം ഒരു മാസമായി മലഞ്ചരക്കുകൾ വിൽക്കാൻ കർഷകർക്ക് കഴിഞ്ഞിരുന്നില്ല. ഇത് കർഷകരുടെയും വ്യാപാരികളുടെയും ജീവിതം ദുരിതത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. 2020ൽ ഇവയുടെ വില ഇടിയുമെന്ന ലോകബാങ്കിന്റെ റിപ്പോർട്ട് കൃഷിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കേരളത്തിലെ കർഷകരെ നിരാശരാക്കുന്നതാണ്. ഇത് കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

ഏപ്രിൽ കമ്മോഡിറ്റി മാർക്കറ്റ്സ് ഔട്ട്‌ലുക്ക് എന്ന റിപ്പോർട്ടിലാണ് കമ്മോഡിറ്റി വിലകൾ ഈ വർഷം ഇനിയും ഇടിയുമെന്ന ലോകബാങ്ക് പുറത്തുവിട്ട വിശകലനം സൂചിപ്പിക്കുന്നത്. സ്വർണ്ണം ഒഴികെയുള്ള ലോഹങ്ങൾ, ക്രൂഡ് ഓയിൽ എന്നിവയുടെ വിലയിലാണ് ഏറ്റവും ഇടിവുണ്ടായിരിക്കുന്നത്. വിലയിൽ അത്രത്തോളം കുറവുണ്ടായിട്ടില്ലെങ്കിലും കയറ്റുമതി നിയന്ത്രണങ്ങളും സപ്ലൈ ചെയിൻ തടസങ്ങളുമാണ് അഗ്രി കമ്മോഡിറ്റികളെ ബാധിച്ചിരിക്കുന്നത്.

2020ൽ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 35 ഡോളർ ആകുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. എന്നാൽ കാർഷികോൽപ്പന്ന വിലകളെ ഇത്രത്തോളം ബാധിക്കില്ലെങ്കിലും വ്യാപാര നയങ്ങളും സപ്ലൈ ചെയിൻ തടസങ്ങളും സ്റ്റോക്ക് കുന്നുകൂടാനുള്ള സാഹചര്യവുമെല്ലാം ഭക്ഷ്യക്ഷാമത്തിനുള്ള സാധ്യത സൃഷ്ടിച്ചേക്കാം.

പകർച്ചവ്യാധി സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം കമ്മോഡിറ്റികളുടെ ഡിമാന്റിനെ ബാധിക്കുന്നതുകൊണ്ടും വിതരണത്തിലുണ്ടാകുന്ന തടസങ്ങളും ഇവയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വികസ്വര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലോകബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു. സാധാരണഗതിയിൽ റംസാൻ മാസത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഡിമാന്റ് കൂടുന്നതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള വഴിയും അടഞ്ഞിരിക്കുകയാണെന്ന് ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റി റിസർച്ച് വിഭാഗം തലവൻ ഹരീഷ് വി പറയുന്നു. കഴിഞ്ഞ രണ്ട് വർഷകാലം ഏലം വില താഴത്തേക്കാണ് പോകുന്നതെങ്കിലും വരും സീസണുകളിൽ കരകയറുമെന്ന പ്രതീക്ഷ കർഷകനിൽ നിലനിൽക്കുന്നില്ലെന്ന് ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

ആഗോള സാമ്പത്തികവ്യവസ്ഥ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കയറ്റുമതിയിൽ ഡിമാന്റ് കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ ചില മലഞ്ചരക്ക് കടകൾ തുറന്നെങ്കിലും കുരുമുളക്, ഏലം, ജാതിക്ക, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കടകളിൽ കെട്ടിക്കിടന്ന് പൂപ്പൽ പിടിച്ച് നശിക്കുന്ന അവസ്ഥയുണ്ടായി. വരുമാനമൊന്നും ഇല്ലാത്ത ഈ അവസ്ഥയിൽ ഈ കനത്ത നഷ്ടം താങ്ങാനാകുന്ന അവസ്ഥയിലല്ല തങ്ങളെന്ന് വ്യാപാരികൾ പറയുന്നു.

കാർഷികോൽപ്പന്നങ്ങൾക്ക് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ടയർ കമ്പനികൾ പ്രവർത്തിക്കാത്തതിനാൽ റബറിന് ഡിമാന്റില്ലാത്ത അവസ്ഥയാണ്. ഡീലർമാർ വ്യാപാരികളിൽ നിന്ന് റബർ എടുക്കുന്നില്ല. അതുകൊണ്ടുതന്നെ കർഷകർക്ക് റബർ ഷീറ്റ് വിൽക്കാനും സാധിക്കുന്നില്ല. ലോക്ഡൗണിന് മുമ്പ് കർഷകരിൽ നിന്ന് വാങ്ങിയ റബർ ഷീറ്റ് തന്നെ കടകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുമാണ്. ഓട്ടോമൊബൈൽ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യം റബറിന് വരും നാളുകളിലും തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: spice export crisis

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.