28 March 2024, Thursday

Related news

February 29, 2024
January 14, 2024
September 15, 2023
July 1, 2022
June 10, 2022
June 6, 2022
May 19, 2022
May 16, 2022
May 14, 2022
April 23, 2022

ലോക്ഡൗണിലും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡ്; തായ്‌ലാന്‍ഡിലേയ്ക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കും

Janayugom Webdesk
കൊച്ചി
August 20, 2021 3:09 pm

തായ്‌ലാന്‍ഡിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥാപനങ്ങള്‍, തായ്‌ലാന്‍ഡിലെ ഇറക്കുമതി സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്‌പൈസസ് ബോര്‍ഡ് ആഗോള ബയര്‍-സെല്ലര്‍ മീറ്റും (ഐബിഎസ്എം) വെബിനാറും സംഘടിപ്പിച്ചു. തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീമതി സുചിത്ര ദൗരൈ ഉദ്ഘാടനം ചെയ്ത വെബിനാറില്‍ 240 കയറ്റുമതി സ്ഥാപന പ്രതിനിധികളും തായ്‌ലാന്‍ഡില്‍ നിന്നുള്ള 60‑ലേറെ ഇറക്കുമതി സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. ഭക്ഷ്യവൈവിധ്യത്തിന് പേരു കേട്ട തായ്‌ലാന്‍ഡുമായി വളരെ പണ്ടു തന്നെ ഇന്ത്യയ്ക്ക് വ്യാപാരബന്ധമുള്ള കാര്യം ഉദ്ഘാടന പ്രസംഗത്തില്‍ അംബാസഡര്‍ അനുസ്മരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്‌പൈസസ് ഉല്‍പ്പാദക രാജ്യവും ഉപഭോക്താവും കയറ്റുമതിരാജ്യവും ഇന്ത്യയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വാണിജ്യ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ തനത് രുചിയും സുഗന്ധവും രോഗപ്രതിരോധത്തിന് കരുത്തു പകരുന്ന ഗുണങ്ങളും പ്രസിദ്ധമാണ്.

കോവിഡ് ഭീഷണി ചെറുക്കാന്‍ സ്‌പൈസസ് ബോര്‍ഡ് ഇത്തരം ഡിജിറ്റല്‍ ബയര്‍-സെല്ലര്‍ മീറ്റുകള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചു വരികയാണെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ക്കും ട്രേഡര്‍മാര്‍ക്കും കയറ്റുമതി സ്ഥാപനങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്നുണ്ട്. സ്‌പൈസസ് കയറ്റുമതി സുഗമമാക്കുന്നതിനായുള്ള ഒരു വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ബോര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. വിപണി വിവരങ്ങള്‍ അപ്പപ്പോള്‍ ലഭിക്കാനും കയറ്റുമതിക്കാര്‍ക്ക് അവരുടെ വിര്‍ച്വല്‍ ഓഫീസുകള്‍ തുറക്കാനും ഈ പോര്‍ട്ടലില്‍ സൗകര്യമുണ്ടാകും. വിര്‍ച്വല്‍ ട്രേഡ് ഫെയറുകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്താനും പോര്‍ടലില്‍ സാധിക്കും.

വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2020–21 വര്‍ഷം ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപ മതിയ്ക്കുന്ന 17 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്തു. കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും 4 ബില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന ഈ കയറ്റുമതി നടത്താനായത് വന്‍നേട്ടമാണ്.നിലവില്‍ തായ്‌ലാന്‍ഡിലേയ്ക്ക് ഇന്ത്യ പ്രതിവര്‍ഷം 944.35 കോടി രൂപ മതിയ്ക്കുന്ന 68,225 ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. മൊത്തം സ്‌പൈസസ് കയറ്റുമതിയുടെ 6%വും മൂല്യത്തിന്റെ 5%വും വരും ഇത്. മുളക്, മഞ്ഞള്‍, വെളുത്തുള്ളി, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, സൈപ്‌സ് ഓയിലുകള്‍, ഒലിയോറെസിന്‍സ്, കറി പൗഡറുകള്‍ എന്നിവയ്ക്കാണ് തായ്‌ലാന്‍ഡില്‍ നിന്ന് ഏറെയും ഡിമാന്‍ഡുള്ളത്.ഭാവിയില്‍ ചിക്കന്‍ കറി, ഫിഷ് കറി, മീറ്റ് മസാല, റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് തായ്‌ലാന്‍ഡില്‍ നിന്ന് കൂടുതല്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കാവുന്നതാണെന്ന് വെബിനാര്‍ വിലയിരുത്തി. തായ്‌ലാന്‍ഡിലെ ഭക്ഷ്യോല്‍പ്പന്ന, മാംസസംസ്‌കരണ മേഖലകളില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന വ്യാവസായിക ഡിമാന്‍ഡ് കണക്കിലെടുത്ത് തായ്‌ലാന്‍ഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
eng­lish summary;Spices Board aims to increase exports at lockdowns
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.