സുഗന്ധവിളകള്‍ പരിചയപ്പെടുത്തി ഐഐഎസ്ആര്‍ 

Web Desk
Posted on December 28, 2018, 9:22 pm

സ്വന്തം ലേഖിക

തൃശൂര്‍: കുറഞ്ഞ ചെലവില്‍ മികച്ച വിളവ് നല്‍കുന്ന കുരുമുളക് തൈകളും മഞ്ഞള്‍ വിത്തുകളുള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്. ഐഐഎസ്ആര്‍ സ്വയം വികസിപ്പിച്ചെടുത്ത 3500 ല്‍പരം വൈവിധ്യങ്ങളായ കുരുമുളകുകളും 50 ല്‍ പരം മഞ്ഞളുകളും, ഏലം, കറുകപ്പട്ട, ജാതി തുടങ്ങിയവയുമാണ് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന കൃഷി വകുപ്പിന്റെ കൃഷി ഉന്നതി മേള ‘വൈഗ‑2018’ല്‍ ഒരുക്കിയിരിക്കുന്നത്.

കുരുമുളക് കൃഷിയില്‍ കണ്ടുവരുന്ന വാട്ടുരോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഐഐഎസ്ആര്‍ തേവം ആണ് കുരുമുളകുകളില്‍ താരം. ഹെക്ടറില്‍ 2500 കിലോ വിളവ് ലഭിക്കുന്ന ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. രോഗപ്രതിരോധശേഷിയേറിയതും മികച്ച വിളവു ലഭിക്കുന്നതുമാണ് ഐഐഎസ്ആറിന്റെ ശക്തി എന്ന ഇനവും. തണല്‍ ഉള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ ശുഭകര, ഉയരം കൂടിയ സ്ഥലങ്ങളില്‍ കൃഷിചെയ്യാനുതകുന്ന ഐഐഎസ്ആര്‍ ഗിരിമുന, മലബാര്‍ എക്‌സല്‍ എന്നിവയും സാധാരണ കൃഷിയിടത്തിന് ഇണങ്ങിയ പഞ്ചമി, പൗര്‍ണമി തുടങ്ങിയ കുരുമുളകിലെ വിവിധ ഇനങ്ങള്‍ കര്‍ഷര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഐഐഎസ്ആര്‍.

കൃഷിയിടം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉല്പാദനത്തിനായി നാടന്‍ ഇനങ്ങളേക്കാള്‍ ഇരട്ടി വിളവ് ലഭിക്കുന്ന കാര്‍ഷികവിളകള്‍ ഐഐഎസ്ആര്‍ ഉല്പാദിപ്പിച്ചിട്ടുണ്ട്. ഐഐഎസ്ആര്‍ പ്രകൃതി എന്ന ഇനം മഞ്ഞള്‍ ഇതിന് ഉദാഹരണമാണ്. മറ്റു വിളകളേക്കാള്‍ കുറഞ്ഞ സമയം മതി ഇതിന്റെ വിളവെടുപ്പിന്. 180 ദിവസം കൊണ്ട് വിളവെടുക്കാനാകുന്ന ഈ വിള കൃഷി ചെയ്താല്‍ ശേഷിക്കുന്ന സമയം മറ്റൊരു വിളകൂടി അവിടെ കൃഷി ചെയ്യാനാകും. ഹെക്ടറില്‍ 52 രണ്‍ വരെ വിളവ് ലഭിക്കുന്ന ഇവ കര്‍ഷകര്‍ക്ക് മികച്ച നേട്ടം ഉണ്ടാക്കുന്നവയാണ്. ഉത്തരേന്ത്യയില്‍ ഇത്തരത്തില്‍ കൃഷി പരീക്ഷിക്കുന്നുണ്ട്. കുറഞ്ഞ സമയത്തെ വിളകളായ മല്ലിയില, തക്കാളി തുടങ്ങിയവ ഇത്തരത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. അതായത് ഒരു വര്‍ഷം കൊണ്ട് രണ്ട് വിളകളുടെ ലാഭം കര്‍ഷകനു ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ, കേരളത്തില്‍ ഏറ്റവുമധികം കൃഷിചെയ്യുന്നത് പ്രതിഭ എന്ന ഇനമാണ്.

കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ വരദ. മഹിമ, രജത എന്നീ ഇനം ഇഞ്ചികളും വിശ്വശ്രീ, കേരളശ്രീ എന്നീ ജാതികളും, നിത്യശ്രീ, നവശ്രീ എന്നീ കറുകച്ചെടികളുമെല്ലാം ഐഐഎസ്ആര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെ പരിചപ്പെടാനും കൃഷിരീതികള്‍ അറിയാനുമായി സ്റ്റാളിലെത്തുന്നവര്‍ നിരവധിയാണ്. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇത്തരം ആധുനിക കൃഷിരീതികള്‍ സഹായകരമാണെന്ന് കാര്‍ഷികരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.