കാന്‍സറിന് ചികില്‍സ മുതല്‍ ജപ്തി ഒഴിവാക്കല്‍വരെ; മന്ത്രവാദത്തിന്‍റെ സൂപ്പര്‍മാര്‍ക്കറ്റോ കേരളം

Web Desk
Posted on May 16, 2019, 12:37 pm

ത്തരം വിവരദോഷങ്ങള്‍കൊണ്ടാണല്ലോ നമ്മള്‍ നമ്മളായി  തുടരുന്നത്. അവികസിതമായ, സാക്ഷരതയില്‍ പിന്നോക്കാവസ്ഥയിലുള്ള, ഉത്തരേന്ത്യന്‍ഗ്രാമങ്ങളില്‍ അന്ധവിശ്വാസവും മന്ത്രവാദവും നടക്കുന്നതിന് നമുക്ക് മാപ്പുനല്‍കാം.

എന്നാല്‍ പുരോഗമനം തലക്കുപിടിച്ചുവെന്നഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസം ഏതറ്റം വരെപോയെന്നതിന് തെളിവാണ് കഴിഞ്ഞദിവസം മാരായമുട്ടത്ത് നടന്ന ആത്മഹത്യകള്‍. ബാങ്കില്‍നിന്നും വന്ന ജപ്തിനോട്ടീസ് വരെ എത്തിയിരുന്നത് മന്ത്രവാദിയുടെ തീര്‍പ്പിനായിരുന്നുവെന്നറിയുമ്പോഴാണ്. കേരളത്തിലെ വലുതും ചെറുതുമായ അന്ധവിശ്വാസത്തിന്റെ നീരാളിപ്പിടുത്തം നാംതിരിച്ചറിയേണ്ടത്.


ഒരു കാലത്ത് യുക്തിവാദിസംഘവും ശാസ്ത്ര സാഹിത്യപരിഷത്തും ഒക്കെ ഇത്തരം ചൂഷണങ്ങളെ നിലക്കുനിര്‍ത്താന്‍ രംഗത്തിറങ്ങിയിരുന്നു. ഇന്ന് ഇത്തരം പുരോഗമനസംഘടനകള്‍ക്ക് വളരുന്ന പ്രശ്‌നങ്ങളെ നിലക്കുനിര്‍ത്താനോ ഇല്ലാതാക്കാനോ രംഗത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ഹിന്ദു,മുസ്ലിം മതവിഭാഗങ്ങളിലാണ് മന്ത്രവാദികള്‍ ഏറെയുള്ളത്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്കിടയിലും ഇത് ഉപകാരസ്മരണ പരസ്യം കടന്ന് ബഌക് മാജിക്കുകളും നിലവിളിപ്രാര്‍ഥനകളും ആയി വേരോട്ടമുണ്ടാക്കി വളര്‍ന്നുകഴിഞ്ഞു.
സമൂഹത്തിന്റെ താഴേത്തട്ടുമുതല്‍ ഏറ്റവും ഉയര്‍ന്ന തട്ടുവരെ അന്ധവിശ്വാസം കോട്ടമില്ലാതെ ഈ ആധുനികയുഗത്തിലും നിലനില്‍ക്കുന്നു. നൂറുപോസ്റ്റുകാര്‍ഡില്‍ ഏഴുതിവിട്ടാല്‍ നന്മവരുമെന്നത് നൂറുമെസേജ് അയച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നതരത്തിലെ ന്യൂജെന്‍ തട്ടിപ്പ് ആയിപുരോഗമിച്ചിട്ടുണ്ട്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പ്രോല്‍സാഹിപ്പിക്കുന്ന പത്രങ്ങള്‍ അത് ആചാരത്തിന്റെ പേരിലുള്ള വരുമാനമുണ്ടാക്കല്‍ ആയി വളര്‍ത്തിയിട്ടുണ്ട്.


സിനിമ,രാഷ്ട്രീയ,കോര്‍പറേറ്റ് മേധാവികള്‍മുതല്‍ അത്താഴപ്പഷ്ണിക്കാരന്‍ വരെ ആശ്രയിക്കുന്ന പ്രശ്‌നപരിഹാര, മന്ത്രവാദകേന്ദ്രങ്ങള്‍ ഓരോ സ്ഥലത്തും പ്രചാരത്തിലുണ്ട്. കോടികള്‍ ചിലവിട്ടുനിര്‍മ്മിക്കുന്ന സിനിമയുടെ മേഖലയിലാണ് അന്ധവിശ്വാസികള്‍ ഏറെ. കൈയില്‍ ചരടുകൂട്ടമില്ലാത്ത സിനിമക്കാരെ കാണാന്‍ പ്രയാസം. അവരുടെ കാശ് അവരുടെ പാട് എന്നനിലയ്ക്ക് അതിനെ സമൂഹം വെറുതേവിട്ടിരിക്കുന്നു. വലിയ ബിസിനസ് പ്രോജക്ടുകള്‍ നിയന്ത്രിക്കാനും മന്ത്രവാദികളുണ്ട്. എന്നാല്‍ ചെറിയക്ഷേത്രങ്ങള്‍ പേരെടുക്കാന്‍ അതിനോട് ചേര്‍ന്ന് അതിശയസിദ്ധിപൂജകളും മന്ത്രവാദവും നടത്തിവരുന്നുണ്ട്. കാര്യസിദ്ധി പൂജക്ക് ശാസ്ത്രജ്ഞര്‍ വരെയാണ് നിരക്കാറ്. പൂമൂടലും മുട്ടറുക്കലും പോലുള്ള പരിപാടികള്‍ക്ക് യുവതലമുറക്ക് ഒരു അലര്‍ജ്ജിയുമില്ല. ചിലയിടത്ത് ഇതിനെല്ലാം കാവിരാഷ്ട്രീയസംരക്ഷണവുമുണ്ട്.
വീടുകളില്‍ പ്രശ്‌നംവയ്ക്കലുംമന്ത്രവാദവും നടത്തുന്നവരാണ് ഏറെ. വിദേശത്തുവരെ ഇവര്‍ എത്തുന്നു. വിദേശത്തുപോലും ചാത്തന്‍സേവ നടത്തുന്നവരുണ്ട്. ഇവര്‍ക്കു പാസ്‌പോര്‍ട്ടുകിട്ടുമെങ്കില്‍ ചാത്തന്മാര്‍ക്കും പാസ്‌പോര്‍ട്ടുകിട്ടും.
സാധാരണക്കാര്‍ക്ക് സ്റ്റാര്‍ റേറ്റിംങ് കുറഞ്ഞ സാധാരണ മന്ത്രവാദികളാണുള്ളത്. തറരക്ഷ,ആണിതറയ്ക്കല്‍,തകിടുംകൂടും മുട്ടകുഴിച്ചിടല്‍ തുടങ്ങിയ കലാപരിപാടികള്‍ ആണെങ്കിലും ആളിന്റെ സ്വഭാവരീതികള്‍ അറിഞ്ഞ് വന്‍തോതില്‍പണംതട്ടുന്നവര്‍ ഏറെയാണ്. കാന്‍സറിന് ചികില്‍സ മുതല്‍ ജപ്തി ഒഴിവാക്കല്‍വരെ ഇവിടെയുണ്ട്. അറബി മാന്ത്രികം മറ്റൊരു വകഭേദമാണ്. അറബി മന്ത്രമെഴുതിയ തകിട് ഇട്ട് തിളപ്പിച്ച വെള്ളംകുടിക്കല്‍, തകിട് തീയിലിട്ട് ശത്രുസംഹാരം നടത്തല്‍ എന്നിവയാണ്. ഏതു കേസും എടുക്കുന്ന സൂപ്പര്‍സ്‌പെഷ്യാലിറ്റിയാണ് അറബി മാന്ത്രികം.


സാത്താന്‍സേവ, അലറിവിളിച്ച പ്രാര്‍ഥന എന്നിവയും നിലവിലുണ്ട്.
ഇത്തരം പ്രചരണം നടത്തുന്നവരെ പിടികൂടാന്‍ പലപ്പോഴും കഴിയാറില്ല. ആരാധകരുടെ ബലമാണ് ഇവരുടെ ബലം. ഏറെക്കഴിഞ്ഞ് കലാപരിപാടികള്‍ അതിരുകടക്കുമ്പോഴാണ് അധികൃതര്‍ ഇടപെടുക. അന്ധവിശ്വാസത്തിലധിഷ്ടിതമായ ഇത്തരം കച്ചവടം അവസാനിപ്പിക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് കഴിയാത്തിടത്തോളം അരുംകൊലകളും ആത്മഹത്യകളും സമൂഹത്തില്‍പെരുകുകതന്നെചെയ്യും.