Saturday
16 Feb 2019

ബിജെപിയിലെ വിഭാഗീയത: യുവമോര്‍ച്ചയിലും പ്രശ്‌നങ്ങള്‍ ആളിക്കത്തുന്നു

By: Web Desk | Friday 20 July 2018 8:09 PM IST

കെ കെ ജയേഷ്

കോഴിക്കോട്: ബി ജെ പി സംസ്ഥാന ഘടത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ തുടര്‍ച്ചയായി യുവമോര്‍ച്ചയിലും പ്രശ്‌നങ്ങള്‍ ആളിക്കത്തുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബുവിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് സംഘടനയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതോടെ പ്രകാശ് ബാബുവിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. നേതൃത്വത്തിന്റെ നടപടികള്‍ ചോദ്യം ചെയ്ത യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് മരവിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം പ്രകാശ് ബാബു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം നടത്തിയത്. ഇതോടെ പ്രസിഡന്റിനെതിരായ നീക്കങ്ങള്‍ മറുവിഭാഗവും സജീവമാക്കിയിട്ടുണ്ട്. എസ് ഡി പി ഐക്കെതിരെ എഴുതാനല്ല, പൊരുതാനാണ് തങ്ങളുടെ തീരുമാനം എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നേതൃത്വം നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ പൊളിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ഇരുവിഭാഗവും പ്രചരണങ്ങളും ആരംഭിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതോടെ കഴിഞ്ഞ രണ്ട് മാസമായി ബി ജെ പിക്ക് സംസ്ഥാന പ്രസിഡന്റില്ല. പാര്‍ട്ടി നാഥനില്ലാ കളരിയായതോടെ യുവമോര്‍ച്ചയുടെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലും ഉണ്ടാവുന്നില്ല. പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാന നേതാക്കളാരും പ്രശ്‌നത്തില്‍ ഇടപെടാതെ വന്ന സാഹചര്യം മുതലെടുത്താണ് സംസ്ഥാന പ്രസിഡന്റ് തനിക്ക് തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നതെന്നാണ് എതിര്‍വിഭാഗത്തിന്റെ ആക്ഷേപം.
കഴിഞ്ഞയാഴ്ച തൃശ്ശൂരില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റിയംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് പൂര്‍ണ്ണമായും ഒഴിവാക്കിയത്. കാസര്‍ക്കോട് നിന്നുള്ള വനിതാ പ്രതിനിധിയായ കീര്‍ത്തനയെ ജില്ലാ കമ്മിറ്റി അറിയാതെ പ്രസിഡന്റ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഈ നടപടി ചോദ്യം ചെയ്തതോടെയാണ് കമ്മിറ്റിയെ ഒന്നായി പിരിച്ചുവിട്ട് പ്രസിഡന്റ് പ്രതികാരം തീര്‍ത്തത്. കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താത്ത ഒരാളെ എന്തിനാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യം ഉന്നയിച്ചതിനാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നും യുവമോര്‍ച്ചയില്‍ തന്നെ അനുസരിക്കാത്തവര്‍ ആരും വേണ്ടെന്നും അത്തരക്കാര്‍ക്ക് പുറത്തുപോവാമെന്നുമാണ് പ്രസിഡന്റിന്റെ ഭീഷണിയെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ നേരത്തെ വി മുരളീധരന്‍ അനുകൂലിയായിരുന്ന പ്രകാശ് ബാബു പിന്നീട് കൃഷ്ണദാസ്, എം ടി രമേശ് പക്ഷത്തേക്ക് മാറി. പിന്നീട് സ്വന്തമായി തനിക്ക് വഴങ്ങുന്നൊരു ടീമായി യുവമോര്‍ച്ചയെ മാറ്റിത്തീര്‍ക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം. സ്വന്തക്കാരെ യുവമോര്‍ച്ചയില്‍ തിരുകിക്കയറ്റാനാണ് പ്രകാശ് ബാബു ശ്രമിക്കുന്നതെന്ന് സംസ്ഥാന ഭാരവാഹികള്‍ തന്നെ പ്രതികരിക്കുന്നു. സംഘടനയ്ക്ക് ഏറ്റെടുക്കാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും അതിലൊന്നും ഇടപെടാതെ പ്രസിഡന്റിന്റെ താത്പര്യത്തിനൊത്ത് മാത്രം സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കമെന്നും ഇവര്‍ പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐക്കെതിരെ യുവമോര്‍ച്ച ക്യാമ്പയിന്‍ നടത്തുമെന്ന് അറിയിച്ച് പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ എതിര്‍പ്പുള്ള കോഴിക്കോട് ജില്ലയിലെ കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ഈ പോസ്റ്റില്‍ പ്രസിഡന്റിന്റെ പ്രവര്‍ത്തന രീതിയ്‌ക്കെതിരെ പ്രതികരിച്ചു. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയാണ് പ്രസിഡന്റ് പ്രതികാരം തീര്‍ത്തതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയമായി. ഒരു വിഭാഗം ഇക്കാര്യത്തില്‍ പ്രസിഡന്റിനെതിരെ തിരിഞ്ഞപ്പോള്‍ തന്റെ ഇഷ്ടമാണ് അതെന്നും താത്പര്യമില്ലാത്തവര്‍ക്ക് പുറത്തുപോകാമെന്നുള്ള ധിക്കാരപരമായ മറുപടിയായിരുന്നു പ്രകാശ് ബാബുവിന്റേത്.
കഴിഞ്ഞ മെയ് നാലിന് തിരുവനന്തപുരത്ത് നടന്ന യുവമോര്‍ച്ചയുടെ രാപ്പകല്‍ സമരത്തില്‍ ഇരുപത്തഞ്ച് അംഗങ്ങളെ വീതം പങ്കെടുപ്പിക്കാത്ത നേതാക്കളാരും സ്ഥാനത്ത് ഉണ്ടാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സര്‍ക്കുലര്‍ മുഖേന ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയതോടെ അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. സംസ്ഥാന പ്രസിഡന്റിനും നേതൃത്വത്തിനുമെതിരെ എതിര്‍പ്പുള്ള കീഴ് കമ്മിറ്റികള്‍ നിരവധിയുള്ളതിനാല്‍ സമരം പരാജയപ്പെടുമോ എന്ന ഭയം കാരണമായിരുന്നു പ്രസിഡന്റ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്.
ഇതിനകം നിരവധി കീഴ് കമ്മിറ്റി നേതാക്കളെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് പരാതി നല്‍കാനും പ്രവര്‍ത്തകരെ അവഗണിച്ചുള്ള പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വരാനും തയ്യാറെടുക്കുകയാണ് എതിര്‍വിഭാഗം.