Saturday
16 Feb 2019

ബിജെപിയ്ക്കുള്ളില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു; സംസ്ഥാന ഉപാധ്യക്ഷനെതിരെയും പടയൊരുക്കം

By: Web Desk | Sunday 23 September 2018 7:25 PM IST

കെ കെ ജയേഷ്

കോഴിക്കോട്: രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും അധിക്ഷേപിച്ച ബി ജെ പി സംസ്ഥാന സെക്രട്ടറി ലീലാവതിയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനെതിരെയും പ്രതിഷേധം ശക്തമായി. പ്രദേശത്തെ പാര്‍ട്ടി അനുഭാവിയുടെ മകളും വൃക്കരോഗിയുമായ കുട്ടിയ്ക്ക് കേന്ദ്ര ഫണ്ട് വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സംസ്ഥാന ഉപാധ്യക്ഷനെതിരെ പടയൊരുക്കം ആരംഭിക്കാന്‍ ബി ജെ പി ബേപ്പൂര്‍ ഏരിയാ കമ്മിറ്റിയെ നിര്‍ബന്ധിതമാക്കിയത്. കാലങ്ങളായി കെ പി ശ്രീശനോട് ബേപ്പൂരിലെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. പുതിയ സംഭവത്തോടെ അതെല്ലാം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
വൃക്കരോഗിയായ കുട്ടിയ്ക്ക് കേന്ദ്ര സഹായമായി മൂന്ന് ലക്ഷം രൂപ വരെ കിട്ടുമെന്ന് വ്യക്തമാക്കിയ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കമ്മിറ്റി വഴി സംസ്ഥാന കമ്മിറ്റിയ്ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഈ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുകയും വിവരം സംഘടനാ സെക്രട്ടറി കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശത്തെ നേതൃത്വത്തോട് അകല്‍ച്ചയുള്ള കെ പി ശ്രീശന്‍ കുട്ടിയെയും കൊണ്ട് റിച്ചാര്‍ഡ് ഹേ എംപിയെ സമീപിക്കുകയും ഒരു ലക്ഷം രൂപ അനുവദിപ്പിക്കുകയുമായിരുന്നു. ബേപ്പൂരിലെ പാര്‍ട്ടി ചെയ്തത് ശരിയായ രീതിയിലുള്ള നടപടിക്രമങ്ങളെല്ലെന്ന് ഇദ്ദേഹം കുട്ടിയുടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. ഏരിയാ കമ്മിറ്റി ചെയ്തത് ശരിയായ രീതിയല്ലെന്നും സംഘടനാ തലത്തില്‍ അപേക്ഷ നല്‍കുന്നതിന് പകരം എം പിയ്ക്ക് നേരിട്ടാണ് അപേക്ഷ നല്‍കേണ്ടെതെന്നും അദ്ദേഹം കുടുംബത്തോട് വ്യക്തമാക്കി.
ഇത് പാര്‍ട്ടിയുടെ ബേപ്പൂരിലെ നേതൃത്വത്തെ അപമാനിക്കുന്ന നടപടിയാണെന്നാണ് പ്രവര്‍ത്തകരും ഇവിടുത്തെ നേതൃത്വവും വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശം മൂലം പൊതുസമൂഹത്തില്‍ ബേപ്പൂരിലെ പാര്‍ട്ടി നേതൃത്വത്തിന് ഒരു ചികിത്സാ സഹായം പോലും വാങ്ങിക്കൊടുക്കാന്‍ കഴിയില്ലെന്ന ചിന്തയാണ് ഉണ്ടാക്കുക. സഹായം ലഭ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരെ കരിവാരിത്തേക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ശരിയായ രീതിയില്‍ തന്നെയാണ് ഏരിയാ കമ്മിറ്റി കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. അപേക്ഷ കേന്ദ്രത്തില്‍ ലഭിച്ചിട്ടുണ്ട്. പണം പാസായി വരാന്‍ കുറച്ച് സമയം പിടിക്കും. മൂന്ന് ലക്ഷം രൂപ ഇത്തരത്തില്‍ ലഭിക്കുമെന്നിരിക്കെ ഒരു ലക്ഷം പാസ്സാക്കി പ്രവര്‍ത്തകരുടെ മുന്നില്‍ തങ്ങളെ അവഹേളിക്കുകയാണ് സംസ്ഥാന ഉപാധ്യക്ഷന്‍ ചെയ്തിരിക്കുന്നതെന്ന് കാണിച്ച് ഏരിയാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി ഉള്‍പ്പെടെ നല്‍കിയിരിക്കുകയാണ്.
പാര്‍ട്ടി ബേപ്പൂര്‍ ഏരിയാ കമ്മിറ്റിയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ തയ്യാറാകുന്നില്ലെന്നാണ് നേതൃത്വത്തിന്റെ പരാതി. പ്രദേശത്ത് നടക്കുന്ന പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കാതെ ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇദ്ദേഹമെന്നും ആക്ഷേപമുണ്ട്. ബി ജെ പിയ്ക്ക് മൂന്ന് കൗണ്‍സിലര്‍മാരുള്ള പ്രദേശത്ത് പ്രളയത്തെതുടര്‍ന്ന് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവര്‍ത്തകര്‍ വിവരം അറിയിച്ചിട്ടുപോലും ക്യാമ്പുകളില്‍ വരാന്‍ ഇദ്ദേഹം തയ്യാറായില്ല. എന്നാല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ സമയവും ഇദ്ദേഹം ഇടപെടുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇദ്ദേഹത്തോടുള്ള അഭിപ്രായ വ്യത്യാസം ശക്തമായതോടെ അരക്കിണര്‍ മേഖലാ കമ്മിറ്റി നേരത്തെ സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ പ്രസിഡന്റ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഉപാധ്യക്ഷന്‍ സഹകരിച്ചില്ല. ഇതോടെ ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടാവാതെ പോവുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോവേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
ഇതിനിടെ സംസ്ഥാന സെക്രട്ടറി ലീലാവതി കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഹരിദാസനെതിരെ സംസാരിച്ചതായി അറിയില്ലെന്ന് പറഞ്ഞ് ബി ജെ പി ജില്ലാ പ്രസിഡന്റ് രംഗത്ത് വന്നത് ഒരു പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കെ രാമന്‍പിള്ളയ്‌ക്കൊപ്പം ബി ജെ പിയില്‍ നിന്ന് പുറത്തുപോയി ജനപക്ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പരസ്യമായി വേദിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകനും കുടുംബത്തെയും ഇവര്‍ അവഹേളിച്ചത്. ഇക്കാര്യം അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ ജില്ലയില്‍ പലഭാഗങ്ങളിലും പോസ്റ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പതിച്ചിരുന്നു. എന്നാല്‍ പോസ്റ്ററുകള്‍ പതിച്ചത് സംഘടനാ പ്രവര്‍ത്തകരല്ലെന്ന് ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. സേവ് ബി ജെ പി എന്ന പേരില്‍ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ആരാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബലിദാനിയെയും കുടുംബത്തെയും അധിക്ഷേപിച്ചവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെടുന്നതിന് പകരം അവര്‍ക്കെതിരെ പോസ്റ്ററുകള്‍ പതിച്ചവരെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും പറയുന്ന ജില്ലാ പ്രസിഡന്റിന്റെ നിലപാടുകളോട് യോജിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.