സ്പോണ്‍സര്‍ പറ്റിച്ചു:ദമാമ്മില്‍ ഡ്രൈവര്‍ കൃഷിക്കാരനായി

Web Desk
Posted on February 18, 2018, 8:05 pm
അജബ്ഖാന്‍, മൂസ റാസ സാഹിബിനൊപ്പം

ദമ്മാം: സൗദി കുടുംബത്തിലെ ഹൗസ് ഡ്രൈവര്‍ എന്ന ജോലിയ്ക്കായി കൊണ്ടു വന്നിട്ട്, തോട്ടത്തില്‍ കൃഷിപ്പണിയ്ക്കായി നിയോഗിച്ചതിനാല്‍ ദുരിതത്തിലായ ഉത്തരപ്രദേശ് സ്വദേശിയായ യുവാവ്, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്‍റെയും ഇന്ത്യന്‍ എംബസ്സിയുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് തിരിച്ചു പോയി.

ഉത്തരപ്രദേശ് ലക്‌നൗ സ്വദേശിയായ അജബ്ഖാനാണ് പ്രവാസ ജീവിതത്തിന്‍റെ ദുരിതങ്ങള്‍ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്.

ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് അജബ്ഖാന്‍ സൗദി അറേബ്യയിലെ ജുബൈലില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലിയ്ക്ക് എത്തിയത്. വലിയൊരു സമ്പന്ന കുടുംബത്തിലെ ഡ്രൈവര്‍ ജോലിയും, മികച്ച ജോലി സാഹചര്യങ്ങളും വിസ ഏജന്‍റ് വാഗ്ദാനം ചെയ്തത് വിശ്വസിച്ചാണ് അയാള്‍ വന്‍തുക സര്‍വീസ് ഫീസ് കൊടുത്ത് വിസ വാങ്ങി ജോലിയ്ക്ക് എത്തിയത്.

എന്നാല്‍ ജോലി തുടങ്ങിയപ്പോള്‍, പ്രതീക്ഷകള്‍ തകര്‍ക്കുന്ന അനുഭവങ്ങളാണ് അജബ്ഖാന് നേരിടേണ്ടി വന്നത്. ഡ്രൈവര്‍ പണി നാമമാത്രമായിരുന്നു. ദിവസത്തില്‍ ഭൂരിഭാഗം സമയവും, സ്‌പോണ്‍സറുടെ വകയായ ഒരു തോട്ടത്തില്‍ കൃഷിപ്പണിയ്ക്കാണ് അയാളെ നിയോഗിച്ചത്. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. തോട്ടത്തില്‍ മോശം കാലാവസ്ഥയും, പരിചയമില്ലാത്ത ദേഹാദ്ധ്വാനവും ഒക്കെക്കൂടി അയാളുടെ ആരോഗ്യത്തെ തകര്‍ത്തു.

ക്രമേണ ശമ്പളവും കൃത്യമായി കിട്ടാതെയായി. രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍, ആകെ വലഞ്ഞ അജബ്ഖാന്‍, തന്നെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്നു ആവശ്യപ്പെട്ടിട്ടും സ്‌പോണ്‍സര്‍ വഴങ്ങിയില്ല.

അങ്ങനെയിരിയ്ക്കുമ്പോഴാണ് ഒരു പരിചയക്കാരന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ അജബ്ഖാന്‍, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനും എംബസ്സി വോളന്‍റീറുമായ പദ്മനാഭന്‍ മണിക്കുട്ടനെ വിളിച്ചു സംസാരിയ്ക്കുന്നത്. തന്‍റെ കഷ്ടപ്പാടുകള്‍ പറഞ്ഞ അയാള്‍ മണിക്കുട്ടനോട് നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

മണിക്കുട്ടന്‍ ഈ കേസ് ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, അജബ്ഖാന്‍റെ സ്‌പോണ്‍സറെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തനിയ്ക്ക് 10,000 റിയാല്‍ നഷ്ടപരിഹാരം നല്‍കിയാലേ അജബ്ഖാന് ഫൈനല്‍ എക്‌സിറ്റ് നല്‍കുകയുള്ളൂ എന്ന നിലപാടിലായിരുന്നു സ്‌പോണ്‍സര്‍. ചര്‍ച്ചകള്‍ക്കൊടുവില്‍ തുക 7000 റിയാലായി കുറച്ചെങ്കിലും, പൈസ കൈയ്യില്‍ കിട്ടാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാര്‍ അല്ലെന്ന് സ്‌പോണ്‍സര്‍ തീര്‍ത്തു പറഞ്ഞു.

കിട്ടിയ വിവരങ്ങള്‍ വെച്ച് അജബ്ഖാന് വിസ നല്‍കിയ ഏജന്റിനെ അന്വേഷിച്ചു കണ്ടുപിടിച്ച്, മണിക്കുട്ടനും, ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥനായ മൂസ റാസയും, ഏജന്‍റിനെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. പ്രശ്‌നം പരിഹരിയ്ക്കാത്ത പക്ഷം, എംബസ്സി ശക്തമായ നടപടിയെടുക്കുമെന്ന ഭീക്ഷണിയ്ക്കു മുന്നില്‍ ഏജന്റ് വഴങ്ങുകയും, 7000 റിയാല്‍ സൗദിയിലുള്ള ഏജന്റ് വഴി സ്‌പോണ്‍സര്‍ക്ക് കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് സ്‌പോണ്‍സര്‍ അജബ്ഖാന് ഫൈനല്‍ എക്‌സിറ്റും വിമാനടിക്കറ്റും നല്‍കി. നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞു അജബ്ഖാന്‍ നാട്ടിലേയ്ക്ക് മടങ്ങി.