ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പിആർശ്രീജേഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് സിറ്റി വരുന്നു. കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം ശനിയാഴ്ച നടക്കും. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ പിആർശ്രീജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്.സുഹാസ് മുഖ്യാതിഥിയാകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫുട്ബോൾ ഗ്രൗണ്ട്, 4000 പേർക്ക് കളി കാണാനുള്ള സൗകര്യം, റോളർസ് കേറ്റിങ്ങ് പിച്ച്, റോൾ ബോൾ കോർട്ട്, ബാസ്കറ്റ് ബോൾ കോർട്ട്, ഓപ്പൺ യോഗ കോർട്ട് തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 10 ഷട്ടിൽ കോർട്ടുകൾ, ഹൈടെക് ജിം, റസ്റ്റോറന്റ്, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കും. ജനങ്ങളിൽ കായിക മേഖലകളോട് ആഭിമുഖ്യം ഉണ്ടാക്കുക എന്നതിനോടൊപ്പം വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളെ വളർത്തിയെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പിആർശ്രീജേഷ് പറഞ്ഞു. ഭാവിയിൽ ഇവിടെ സ്പോർട്സ് അക്കാഡമിയും സ്ഥാപിക്കും.
ഇതിനായി വിദേശത്തും സ്വദേശത്തു മുള്ള പ്രഗൽഭരായ പരിശീലകരുടെ സേവനം ഉറപ്പാക്കും. കൊച്ചിയുടെയും പ്രത്യേകിച്ച് ഐ.ടി. മേഖലയായ കാക്കനാടിന്റെയും വളർച്ചയിൽ നിർണായമാണ് സ്പോർട്സ് സിറ്റിയുടെ വരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായ നിസാർ ഇബ്രാഹീമാണ് പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
English Summary: Sports City launches under the leadership of Olympian Sreejesh
You may also like this video