Web Desk

കൊച്ചി

September 25, 2020, 1:33 pm

സ്‌ക്രീനിനു മുന്നിലെ കുട്ടികളുടെ സമയം ഫലപ്രദമാക്കാന്‍ ആക്റ്റീവ് ക്ലബ് പരിപാടിയുമായി സ്‌പോര്‍ട്ട്‌സ് വില്ലേജ്

Janayugom Online

കോവിഡ്-19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വീടിനുള്ളിലായ കുട്ടികളുടെ സ്‌ക്രീന്‍ സമയം കൂടുതല്‍ ഫലപ്രദമാക്കാനായി ഇന്ത്യയിലെ ഏറ്റവും വലിയ യുവ സ്‌പോര്‍ട്ട്‌സ് പ്ലാറ്റ്‌ഫോമായ സ്‌പോര്‍ട്ട്‌സ് വില്ലേജ് ‘ആക്റ്റീവ് ക്ലബ്’ എന്ന പേരില്‍ പ്രത്യേക പരിപാടി വികസിപ്പിച്ചു. നാലിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ, കായികക്ഷമത വളര്‍ത്തുന്നതിനുള്ളതാണ് പരിപാടി.
ശാരീരിക ക്ഷമതയും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുമുള്ള ഈ പരിപാടിയിലൂടെ കുട്ടികളെ അവരുടെ വീടിന്റെ സുരക്ഷിതത്വത്തില്‍ തന്നെ ശാരീരികമായി സജിവമാക്കുകയും കായികമായി വളര്‍ത്തുകയുമാണ് സ്‌പോര്‍ട്ട്‌സ് വില്ലേജിന്റെ ലക്ഷ്യം. 

അവതരിപ്പിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ആക്റ്റീവ് ക്ലബ് പരിപാടി 1200 മാതാപിതാക്കളുടെ വിശ്വാസം നേടി കഴിഞ്ഞു.
സ്‌കൂളുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്നതോടെ അധ്യയന കാര്യത്തില്‍ ഓഫ്‌ലൈനില്‍ നിന്നും ഓണ്‍ലൈനിലേക്ക് വലിയൊരു മാറ്റമുണ്ടായിരിക്കുകയാണ്. എന്നാല്‍ കുട്ടികളുടെ കായിക, ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ ഈ മാറ്റം മന്ദഗതിയിലാണ്. കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുട്ടികളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും കളികള്‍ അനിവാര്യമാണ്. പുതിയ സാഹചര്യത്തില്‍ വീട് തന്നെ കളിസ്ഥലമാക്കി സന്തോഷം പകരുകയാണ് വേണ്ടത്.

ഇവിടെയാണ് ആക്റ്റീവ് ക്ലബ് നിര്‍ണായകമാകുന്നത്. സ്‌പോര്‍ട്ട്‌സും ഫിറ്റ്‌നസും കുട്ടികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. ആക്റ്റീവ് ക്ലബ് പരിപാടി കുട്ടികളെ കളിപ്പിക്കുക മാത്രമല്ല, അവരെ കായിക രംഗത്തേക്ക് കൂടി നയിക്കുന്നു. പരിശീലകന്റെ നേതൃത്വത്തിലുള്ള പരിപാടിക്ക് കുട്ടികളും മാതാപിതാക്കളും വിവിധ പരിശീലന മോഡ്യൂളുകളുടെ വരിക്കാരാകണം. അംഗീകൃത പരിശീലകര്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പരിശീലനം നല്‍കും. കായിക, ഫിറ്റ്‌നസ് അറിവുകളും പകരും. കുട്ടികള്‍ സ്‌ക്രീനില്‍ നിന്നും നിശ്ചിത അകലം പാലിക്കുന്നതിനാല്‍ കണ്ണിനും കുഴപ്പമുണ്ടാകുന്നില്ല.
രാജ്യാന്തര ക്രിക്കറ്റില്‍ 22 വര്‍ഷത്തെ പരിചയമുള്ള 2004 മുതല്‍ 2008വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോതെറാപിസ്റ്റായിരുന്ന ജോണ്‍ ഗ്ലോസ്റ്റര്‍, സ്‌പോര്‍ട്ട്‌സ് വില്ലേജ് സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ സൗമില്‍ മജുംദാര്‍ എന്നിവരാണ് ആക്റ്റീവ് ക്ലബ് പരിപാടി വികസിപ്പിച്ചതിനു പിന്നില്‍.

ആക്റ്റീവ് ക്ലബ് പരിപാടിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുട്ടികളെ സജീവമാക്കാനുള്ള നൂതന മാര്‍ഗമാണിതെന്നും കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവിധ കായിക, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് നല്ലതെന്നാണ് ഒരു പരീശീലകന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നതെന്നും സ്‌പോര്‍ട്ട്‌സ് ചിട്ടയായ ജീവിത ശൈലി ഉറപ്പുവരുത്തുമെന്ന് മാത്രമല്ല, ടീം വര്‍ക്ക്, നേതൃത്വം, ആത്മവിശ്വാസം തുടങ്ങിയ വിവിധ സാമൂഹ്യ‑വൈകാരിക വൈദഗ്ധ്യങ്ങള്‍ നേടുന്നതിന് സഹായിക്കുമെന്നും സ്‌പോര്‍ട്ട്‌സ് വില്ലേജ് ഇന്ത്യ മുഖ്യ നിലവാര, പ്രകടന ഓഫീസറും ബോര്‍ഡ് ഉപദേഷ്ടാവുമായ ജോണ്‍ ഗ്ലോസ്റ്റര്‍ പറഞ്ഞു.

ഫിറ്റ്‌നസും സ്‌പോര്‍ട്ട്‌സും കുട്ടികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ആക്റ്റീവ് ക്ലബ് പരിപാടിയെന്നും കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീനുകള്‍ക്കു മുന്നില്‍ സമയം ചെലവഴിക്കുന്ന ഈ സാഹചര്യത്തില്‍ അത് കൂടുതല്‍ ഫലപ്രദമാക്കിയെടുക്കേണ്ടത് അനിവാര്യമാണെന്നും അവരുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസ് പരിശീലകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സൗമില്‍ മജുംദാര്‍ പറഞ്ഞു.

ENGLISH SUMMARY:Sport’s Vil­lage with Active Club pro­gram to make chil­dren’s time in front of the screen effective
You may also like this video