February 5, 2023 Sunday

സ്പ്രിംക്ലറിനു തുടരാം: സ്വകാര്യത സുരക്ഷിതമാക്കണം

Janayugom Webdesk
കൊച്ചി
April 24, 2020 4:13 pm

വ്യക്തികളുടെ സ്വകാര്യത സുരക്ഷിതമാക്കിയതിനു ശേഷമേ വിശകലനത്തിനായി സ്പ്രിംക്ലറിനു ഡാറ്റ കൈമാറാവൂ എന്ന് ഹൈക്കോടതി. പേരും മറ്റു വ്യക്തിവിവരങ്ങളും മറയ്ക്കുന്നതിനുള്ള അനോണിമൈസേഷൻ നടത്തിയ ഡാറ്റ മാത്രമേ സ്പ്രിംക്ലർ സ്വീകരിക്കാവൂ എന്ന് കോടതി നിർദേശിച്ചു. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. ഇതോടെ ഉപാധികളോടെ സർക്കാരിന് നടപടികൾ തുടരാനാകും. ലഭിക്കുന്ന വിവരങ്ങൾ പുറത്തുപോവില്ലെന്നു സ്പ്രിംക്ലർ ഉറപ്പാക്കണം. വാണിജ്യാവശ്യത്തിനായി ലോകത്തെവിടെയും ഈ ഡാറ്റ ഉപയോഗിക്കുന്നതിൽനിന്ന് ഇൻജംക്ഷൻ ഉത്തരവിലൂടെ സ്പ്രിംക്ലറിനെ കോടതി തടഞ്ഞു.

സ്പ്രിംക്ലറിന്റെ പരസ്യങ്ങളിൽ കേരള സർക്കാരിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്. ശേഖരിക്കുന്ന ഡാറ്റ സ്പ്രിംക്ലറിനു കൈമാറുമെന്നു സർക്കാർ ജനങ്ങളെ അറിയിക്കണം. ഡാറ്റ ശേഖരിക്കും മുമ്പ് ജനങ്ങളുടെ സമ്മതം വാങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഡാറ്റ അനാലിസിസിനായി സംസ്ഥാന സർക്കാർ എങ്ങനെയാണ് സ്പ്രിംക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വാഭാവികമായും കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതാണ്. എന്നാൽ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കോടതി ഇതിൽ ഇടപെടുന്നില്ല. സ്പ്രിംക്ലറെ കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ കോവിഡ് പോരാട്ടത്തിൽ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

സ്പ്രിംക്ലർ നൽകുന്ന ഏതു സേവനവും നൽകാൻ നാഷണൽ ഇൻഫോമാറ്റിക് സെന്റർ (എൻഐസി) സജ്ജമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യം പരിഗണിക്കാനാവുമോയെന്നു സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ ചോദിച്ചു. നിയമ നടപടികൾ ന്യൂയോർക്ക് കോടതിയുടെ പരിധിയിൽ ആക്കിയത് ജനങ്ങൾക്കിടയിൽ സംശയത്തിനു കാരണമാവുമെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ജനങ്ങൾക്കു രാജ്യത്തു നിയമ നടപടിയുമായി മുന്നോട്ടുപോവുന്നതിന് ഇതു തടസമല്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

ഡാറ്റാ കൈമാറ്റം സുരക്ഷാ മുൻകരുതലിനു ശേഷമെന്ന് സർക്കാർ

ആവശ്യമായ സുരക്ഷാ മുൻകരുതൽ എടുത്തശേഷമാണ് ഡാറ്റാ അനാലിസിനായി സ്പ്രിംക്ലറിന് വിവരങ്ങൾ കൈമാറുന്നതെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡി ഐഡന്റിഫിക്കേഷൻ, മാസ്കിങ് തുടങ്ങിയ സുരക്ഷാ രീതികൾ പിൻതുടർന്നുകൊണ്ടാണു വിവരങ്ങൾ കൈമാറുന്നതെന്നു സർക്കാരിനു വേണ്ടി ഹാജരായ എൻ എസ് നപ്പിനൈ കോടതിയെ അറിയിച്ചു. അനോണിമൈസേഷൻ, മാസ്കിങ് തുടങ്ങിയ ഡീ ഐഡൻറിഫിക്കേഷൻ രീതികൾ അവലംബിച്ചു മാത്രമേ മൂന്നാം കക്ഷിക്കു ഡാറ്റ കൈമാറാനാവൂ എന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണു സംസ്ഥാനം ഇക്കാര്യം വിശദീകരിച്ചത്.

നേരത്തെ കേസ് പരിഗണനയ്ക്കെടുത്തപ്പോൾ സംസ്ഥാന സർക്കാരിനു മുന്നിൽ കോടതി ഏതാനും ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഡാറ്റ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമവകുപ്പ് അറിയാതെ ഐടി സെക്രട്ടറി തീരുമാനമെടുത്തത് ശരിയല്ലെന്നും എന്തുകൊണ്ടാണു സ്പ്രിംക്ലർ കമ്പനിയെ തിരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. അടിയന്തര സാഹചര്യമായതിനാലെന്നു സർക്കാർ മറുപടി നൽകി. പൗരന്മാരുടെ ആശങ്ക അകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണം. ഡാറ്റ ശേഖരിക്കും മുൻപ് വ്യക്തികളുടെ അനുമതി തേടിയോ എന്നും കോടതി ചോദിച്ചു. ഡാറ്റ സ്റ്റോർ ചെയ്യുന്നതു മുംബൈയിലെ ആമസോൺ സെർവറിൽ ആണെന്നും ഇത് അനുവദനീയമാണെന്നും സർക്കാർ പറഞ്ഞു. സ്പ്രിംക്ലറിനെ എങ്ങനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ചോദിച്ച കോടതി ഡാറ്റയിൽ അവർക്ക് അക്സസ് ഉണ്ടോയെന്നും ചോദിച്ചു. ചെറിയ കാലയളവിലേക്ക് അക്സസ് ഉണ്ടെന്ന് സർക്കാർ മറുപടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.