Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
കെ ദിലീപ്

നമുക്ക് ചുറ്റും

July 21, 2021, 3:58 am

രാഷ്ട്ര ശരീരത്തില്‍ സന്നിവേശിക്കപ്പെടുന്ന ചാരക്കണ്ണുകള്‍

Janayugom Online

മ്പ്യൂട്ടറുകള്‍ വ്യാപകമായി പ്രചാരത്തില്‍ വന്ന കാലം മുതല്‍ മാല്‍വെയറുകളും നിലവില്‍ വന്നു. മലീഷ്യസ് സോഫ്റ്റ്‌വേര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് മാല്‍വെയര്‍. ഫ്ലോപ്പി ഡിസ്കുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് പ്രത്യക്ഷപ്പെട്ട ഒന്നാണ് ബ്രയിന്‍. ഇത് ഫ്ലോപ്പി ഡിസ്കുകളുടെ പേര് മാറ്റുകയും സ്വയം മറ്റൊരു ഫ്ലോപ്പിയിലേക്ക് കോപ്പി ചെയ്യപ്പെടുകയും ചെയ്തു. 1990കളില്‍ മാല്‍വെയറുകള്‍ വ്യാപകമായി. പിന്നീട് മെെക്രോസോഫ്റ്റ് വിന്റോസ് വന്നതോടെ മാക്രോ വെെറസുകള്‍ വ്യാപകമായി. മാല്‍വെയറുകള്‍ പൊതുവെ വെെറസ്, വേം, ട്രോജന്‍ഹോഴ്സ്, സ്പെെവേര്‍, ക്രെെംവെയര്‍, ഹെെജാക്കേഴ്സ്, ടൂള്‍ ബാര്‍, ഡയലര്‍ എന്നിങ്ങനെയൊക്കെയാണ് വേര്‍തിരിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ സ്വയം പെരുകാന്‍ കഴിവുള്ളതും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാന്‍ കഴിവുള്ളവയുമാണ്. ഇവയില്‍ സ്പെെവേറുകള്‍ ഒരു കമ്പ്യൂട്ടറില്‍ പ്രവേശിച്ചാല്‍ അതിലെ വിവരങ്ങള്‍ മറ്റൊരു കമ്പ്യൂട്ടറിലേക്ക് എത്തിച്ചുനല്കുന്ന ചാരപ്രോഗ്രാമുകളാണ്. ഇത്തരം മാല്‍വെയറുകള്‍ വ്യാപകമാവുമ്പോള്‍ത്തന്നെ അതിനെതിരായ ആന്റിവെെറസ് പ്രോഗ്രാമുകളും സൃഷ്ടിക്കപ്പെട്ടു. പക്ഷെ ഇത്തരം ആന്റിവെെറസ് പ്രോഗ്രാമുകളെ അതിജീവിക്കുന്ന പുതിയ മാല്‍വെയറുകള്‍ ദിനംപ്രതി സൃഷ്ടിക്കപ്പെടുന്നു. മനുഷ്യശരീരത്തെ എങ്ങനെയാണോ വെെറസുകള്‍ ആക്രമിക്കുന്നത് അതേ രീതിയില്‍ തന്നെയാണ് മാല്‍വെയറുകള്‍ കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നത്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയാത്തവിധം ശരീരത്തിനകത്ത് പ്രവേശിക്കുകയും പറ്റിയ സാഹചര്യത്തില്‍ പെറ്റുപെരുകി വിവിധ അവയവങ്ങളെ നശിപ്പിക്കുക എന്ന ജെെവ വെെറസുകളുടെ രീതി തന്നെയാണ് കമ്പ്യൂട്ടര്‍ വെെറസുകളുടെ സ്രഷ്ടാക്കളും പിന്തുടരുന്നത്. ക്ഷുദ്ര വെെറസുകള്‍ കമ്പ്യൂട്ടറുകള്‍ക്കകത്ത് കടന്നുകയറി അതിന്റെ വിവിധ സിസ്റ്റങ്ങളെ നശിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള മൊബെെല്‍ ഫോണുകള്‍, മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇവയെല്ലാം കമ്പ്യൂട്ടറുകളെപ്പോലെ തന്നെ ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. അവയുടെ പ്രവര്‍ത്തനവും കമ്പ്യൂട്ടറുകളുടേത് തന്നെയാണ്. ഇത്തരം സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം വ്യാപകമായതോടെ മാല്‍വെയറുകള്‍ വ്യാപകമായി മൊബെെല്‍ ഫോണുകളിലും കടന്നുകയറാന്‍ തുടങ്ങി. ആദ്യമായി തിരിച്ചറിയപ്പെട്ട മൊബെെല്‍ വെെറസ് സ്പെയിനില്‍ ഉത്ഭവിച്ച ‘ടിമോഫോണിക്ക്’ എന്ന വെെറസാണ്. റഷ്യ, ഫിന്‍ലന്റ് എന്നിവിടങ്ങളിലെ ആന്റിവെെറസ് ലാബുകള്‍ 2000-ാം ആണ്ടില്‍ ഇത് തിരിച്ചറിഞ്ഞു. പ്രധാനമായും രണ്ടു രീതിയിലാണ് ഇത്തരം മാല്‍വെയറുകള്‍ പ്രവര്‍ത്തിക്കുന്നത് ഫിഷിങ്, സ്പൂഫിങ് എന്നീ രീതികളില്‍. ഫിഷിങ് എന്നാല്‍ മൊബെെലുകളിലേക്ക് വ്യാജസന്ദേശങ്ങള്‍ അയച്ച് ഇരയുടെ വ്യക്തിഗതമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതിയാണ്. അതായത് ഒരാള്‍ അയാള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി തിരയുമ്പോള്‍, ഒരു വാഹനം വാങ്ങുവാനോ, റിയല്‍ എസ്റ്റേറ്റ് ഇടപാടിനോ, ലോണ്‍ ലഭിക്കുവാനോ ഉള്ള അന്വേഷണങ്ങള്‍ക്ക് മറുപടിയായി നല്കുന്ന വ്യാജ സന്ദേശങ്ങളിലൂടെ അയാളുടെ ബാങ്ക് വിവരങ്ങള്‍, പാസ്‌വേഡുകള്‍ തുടങ്ങിയവ ശേഖരിച്ച് അവ ദുരുപയോഗം ചെയ്യുക. സ്പൂഫിങ് എന്നാല്‍ സുരക്ഷിതമെന്നു തോന്നുന്ന വെബ്സെെറ്റുകള്‍, ഇവ പലപ്പോഴും ഇരയുടെ ബാങ്ക്, മറ്റു പൊതു സ്ഥാപനങ്ങള്‍ ഇവയുടെ വെബ്സെെറ്റുമായി സാമ്യം പുലര്‍ത്തുന്നവയായിരിക്കും. അവയിലേക്ക് വിവരങ്ങള്‍ നല്കുവാന്‍ ഇരയെ പ്രേരിപ്പിച്ച് വിവരങ്ങള്‍ തട്ടിയെടുക്കുക.

ഇത്തരത്തില്‍ വിവരങ്ങള്‍ ഒരു ലാപ്‌ടോപ്പില്‍ നിന്നുള്ളതിനേക്കാള്‍ ഒരു മൊബെെല്‍ ഫോണില്‍ നിന്നും തട്ടിയെടുക്കുവാന്‍ 18 ശതമാനം അധിക സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു ലിങ്കില്‍ നിന്നും ലഭിക്കുന്ന എസ്എംഎസ് മെസേജ് അനുസരിച്ച് ആ സെെറ്റില്‍ കയറുന്ന ഒരാളുടെ ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്യപ്പെടുന്നു. ഇതിലും പുതിയ രീതികളാണ് ജയില്‍ ബ്രേക്കിങ്, റൂട്ടഡ് ഡിവെെസസ് എന്നിവ ഇതിലൂടെ സ്മാര്‍‌ട്ട് ഫോണുകളില്‍ ഉപഭോക്താവ് അറിയാതെ ആപ്ലിക്കേഷനുകള്‍ കയറ്റിവിടുകയും അതിലൂടെ ആ ഉപകരണത്തിന്റെ നെറ്റ്‌വര്‍ക്ക് പ്രതിരോധങ്ങളില്ലാതെ തുറന്നിടുകയും ചെയ്യും. ഇത്തരം മാല്‍വെയറുകള്‍ തട്ടിപ്പുകാര്‍ മാത്രമല്ല ഉപയോഗിക്കുന്നത്. ഇവയുടെ പ്രധാന ഉപയോക്താക്കള്‍ ഉപഭോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ്.

അവര്‍ക്ക് ഉപഭോക്താക്കളില്‍ എത്തിച്ചേരാനുള്ള ഒരു പ്രധാന മാര്‍ഗം കൂടിയാണ് ഇത്തരം സോഫ്റ്റ്‌വേറുകള്‍. ഒരു വ്യക്തിയുടെ അന്വേഷണം ഏതൊക്കെ വസ്തുക്കള്‍ക്ക് വേണ്ടിയാണ്, അതില്‍ സ്വന്തം ഉല്പന്നങ്ങള്‍ എങ്ങനെ തിരുകിക്കയറ്റാം, എങ്ങനെ അവരെ കൂടുതല്‍ സ്വാധീനിക്കാം തുടങ്ങിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി ഇത്തരം മാല്‍വെയറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബാങ്കിങ് കമ്പനികളും ഉപഭോക്താവിന്റെ കടമെടുപ്പ് ശേഷി വിലയിരുത്താന്‍‍ ഇത്തരം സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നു.

ഇന്റര്‍നെറ്റ് എന്ന ലോകത്തിലെ ഏറ്റവും വലിയ അദൃശ്യ ഹെെവേയുടെ ഇരുവശത്തും ഉപഭോക്താക്കളെ തേടിയിരിക്കുന്ന കച്ചവടക്കാരുടെ വിപണന തന്ത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഇത്തരം പ്രോഗ്രാമുകള്‍ക്ക് വലിയ പങ്കുണ്ട്. വ്യക്തികളെ അവര്‍ അറിയാതെ സ്വാധീനിക്കുന്നതില്‍ ഇവ സഹായിക്കുന്നു. ഇത്തരം മാല്‍വെയറുകളില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളും ചതിക്കുഴികളും പരസ്യ തന്ത്രങ്ങള്‍ക്കുമെല്ലാമുപരി ഇന്ന് ഈ ക്ഷുദ്രവെയറുകള്‍ ഭരണകൂടങ്ങള്‍ അവരുടെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അവരെ നിരീക്ഷണ വിധേയമാക്കാന്‍ ഉപയോഗിക്കുന്നു എന്നത് ഭീതിജനകമായ ഒരു അറിവാണ്. ഇന്ത്യയിലെ ഓണ്‍ലെെന്‍ വാര്‍ത്താപോര്‍ട്ടല്‍ ദ വയര്‍ അടക്കം 17 ആഗോള മാധ്യമ സ്ഥാപനങ്ങ­ള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ 50,000ത്തി­ലധികം മൊബെെല്‍ ഫോണുകള്‍ ചാരവൃത്തിക്കിരയായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിപക്ഷ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സമുന്നത ന്യായാധിപര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് പുറമെ മന്ത്രിമാരും ഉള്‍പ്പെടുന്നുവെന്നാണ് വാര്‍ത്ത.

ഇതിനായി ഉപയോഗിച്ചത് ഇസ്രയേലിലെ സെെബര്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്പെെവേര്‍ ‘പെഗാസസ്’ ആണത്രെ. ഈ സ്പൈവേര്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബെെല്‍ ഫോണുകളില്‍ നിന്ന് ഡാറ്റയും ടെക്‌സ്റ്റുകള്‍, ഇ മെയിലുകള്‍, വെബ് സെര്‍ച്ചുകള്‍, കോളുകള്‍ തുടങ്ങിയ എല്ലാം ചോര്‍ത്തിയെടുക്കുവാനും കൂടാതെ ലൊക്കേഷന്‍ ട്രാക്കിങ്, ക്യാമറ ഇവയെല്ലാം ഉടമസ്ഥനറിയാതെ ഉപയോഗിക്കുവാനും കഴിയുമത്രെ. എന്‍എസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത്, “അംഗീകൃത സര്‍ക്കാരുകള്‍“ക്ക് മാത്രമേ ഇവ വില്‍ക്കുന്നുള്ളു എന്നാണ്. ട്രോജന്‍ യുദ്ധത്തില്‍ ഉപയോഗിച്ചു എന്ന് ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന ചിറകുള്ള കുതിരയുടെ പേരാണ് പെഗാസസ്.

2018ലാണ് ഇതിന്റെ സാന്നിധ്യം ഒരു ഐഫോണില്‍ കണ്ടെത്തിയത്. ഏറ്റവും ആധുനികമായ ഒരു ചാര സോഫ്റ്റ്‌വേറാണ് പെഗാസസ്. 2020 ഓഗസ്റ്റ് മാസം ഇസ്രയേലി പത്രമായ ഹാര്‍ട്ടെസും 2020 ഡിസംബറില്‍ അല്‍ജസീറയും എന്‍എസ്ഒ കമ്പനി കോടിക്കണക്കിന് അമേരിക്കന്‍ ഡോളര്‍ വാങ്ങി പല വിദേശ രാജ്യങ്ങള്‍ക്കും ഇസ്രയേല്‍ സര്‍ക്കാര്‍ വഴി ഈ മാല്‍വെയര്‍ വിറ്റതായി റിപ്പോര്‍ട്ട് ചെയ്തു. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അവര്‍ക്ക് ഭീഷണിയായേക്കാവുന്നവര്‍ക്കെതിരെ ചാരവൃത്തി നടത്താന്‍ ഇതുപയോഗിച്ചു എന്നും ഈ മാധ്യമങ്ങള്‍ റിപ്പോര്‍‍ട്ട് ചെയ്തു. 2019ല്‍ തന്നെ ഫേസ്ബുക്ക്, എന്‍എസ്ഒക്കെതിരെ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപഭോക്താക്കളായ ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സന്ദേശങ്ങളില്‍ കടന്നുകയറാന്‍ ശ്രമിച്ചതിനെതിരെ കേസ് കൊടുത്തിരുന്നു. ജമാല്‍ ഖഷോഗി എന്ന സൗദി അറേബ്യന്‍ വിമതനെ ട്രാക്ക് ചെയ്യുന്നതിലും ഈ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചു എന്ന ആരോപണമുണ്ട്.

2016 മുതല്‍ ഫ്രാന്‍സിലെ ഫോര്‍ബിഡണ്‍ സ്റ്റോറീസ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ നല്കിയ വിവരമനുസരിച്ച് 17 ആഗോളമാധ്യമങ്ങള്‍ നടത്തിയ “പ്രോജക്ട് പെഗാസസ്” എന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആഗോളതലത്തില്‍ 50,000ത്തിലധികം ഫോണുകള്‍ നിരീക്ഷിക്കപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. പൗരന്മാര്‍ നിരന്തരം നിരീക്ഷിക്കപ്പെടുകയും എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തുന്നവര്‍ ചതിക്കുഴികളിലൂടെ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്യുന്നു എന്ന ആരോപണങ്ങള്‍ അതിശക്തമായി ഉയരുന്ന കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ഈ ആരോപണങ്ങള്‍ വസ്തുതാപരമാണെന്ന് വിളിച്ചുപറയുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന 17 ആഗോളമാധ്യമങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.

Eng­lish summary;

You may also like this video;