November 27, 2022 Sunday

Related news

August 7, 2022
February 2, 2022
February 2, 2022
January 2, 2022
October 27, 2021
August 6, 2021
August 3, 2021
July 27, 2021
July 27, 2021
July 23, 2021

ഇന്ത്യയിലെ ചാരവേല ആർക്കുവേണ്ടി

വത്സൻ രാമംകുളത്ത്
July 20, 2021 5:11 am

രേന്ദ്രമോഡി-അമിത്ഷാ ദ്വയത്തെ ഭയക്കേണ്ടവരില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും മാത്രമല്ല, ആര്‍എസ്എസുകാരും ബിജെപി നേതാക്കളും മേനിനടിച്ച് ചമഞ്ഞിരിക്കുന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങളും ഉണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. ഭൂമിയെ ആകെ വിഴുങ്ങുന്ന വൈകൃതമായ അത്യാര്‍ത്തിയാണ് മോഡിയെയും ഷായെയും ഇന്ന് ചലിപ്പിക്കുന്നത്. കള്ളത്തരത്തിന്റെയും കൊള്ളയുടെയും പെരുങ്കഥകള്‍ പുറംലോകത്തെ അറിയിക്കാന്‍‍ ശ്രമിക്കുന്നവരെ കൊന്നൊടുക്കുന്നു, അല്ലെങ്കില്‍ തുറുങ്കിലിടുന്നു. ഓരോ നിമിഷവും ഭയത്താലാണ് അവരിരുവരും കഴിയുന്നതെന്ന സത്യത്തെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാരസോഫ്റ്റ്‌വേറായ പെഗാസസിന്റെ കരങ്ങള്‍ മോഡിയുടെയും ഷായുടെയും ഉടലില്‍ നിന്ന് വളര്‍ന്നതാണെന്ന ചില സംശയങ്ങളാണ് ഇപ്പോള്‍ അവരുടെ ഭയത്തെ തെളിയിക്കുന്നത്.

നെഞ്ചളവും കരിനിയമങ്ങളും പേടിയകറ്റാനുള്ള ഏലസാക്കി നാടുഭരിക്കുന്ന ഇവരെ, ആര്‍എസ്എസ്-ബിജെപി കണ്ണുകൊണ്ട് നിരീക്ഷിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നത് ആശ്വാസമാണ്. അക്കൂട്ടത്തിലൊരാളാണ് ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായി തുടരുന്ന സുബ്രഹ്മണ്യന്‍‍ സ്വാമി. ഫോണ്‍ ചോര്‍ത്തലില്‍‍ നേരിട്ട് ആഭ്യന്തരമന്ത്രിയോട് വിശദീകരണം തേടിയിരിക്കുകയാണ് സ്വാമിയിലെ ബിജെപിക്കാരന്‍. ഇനിയങ്ങോട്ട് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഓഹരി പറ്റാത്ത ഓരോരുത്തരും ചോദ്യങ്ങളുമായി മോഡിക്കും അമിത്ഷായ്ക്കും അടുത്തെത്തും.

പെഗാസസ് ചാരവേല എന്തിനാണ് ഇപ്പോള്‍ ഇന്ത്യയില്‍ എന്ന ചിന്ത രാഷ്ട്രീയമണ്ഡലത്തില്‍ സജീവമാണ്. അതു പതുക്കെ, സാധാരണ ജനവിഭാഗങ്ങളിലേക്കും പടരും. കേന്ദ്ര മന്ത്രിസഭയിലെ ചില അംഗങ്ങള്‍, സുപ്രീം കോടതിയിലെ ജഡ്ജി, പ്രതിപക്ഷത്തെ രാഹുല്‍ ഗാന്ധിയടക്കം കക്ഷിനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സുരക്ഷാവിഭാഗത്തില്‍ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികള്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മലയാളിയായ പ്രൊഫ. ഹാ­നിബാബു ഉള്‍പ്പെടെ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുക­ള്‍, അഭിഭാഷകര്‍ തുടങ്ങി നിരവധി പേരുടെ മൊ­ബൈല്‍ ഫോണ്‍ വിവരങ്ങളാണ് പെഗാസസ് വഴി ചോര്‍ത്തിയത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമാത്രമായി സേവനം ചെയ്യുന്ന ഇസ്രയേലി കമ്പനിയുടെ ഇന്ത്യന്‍ ദൗത്യം എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി എന്ന് തെളിഞ്ഞേ മതിയാവൂ.

അമിത്ഷായുടെ മകന്‍ ജയ് ഷായുടെ അതിവേഗ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസിലേക്ക് വഴിതെളിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ദ വയറിന്റെ നയതന്ത്ര എഡിറ്റര്‍ രോഹിണി സിങ് ഉള്‍‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരാണ് ഹിറ്റ്‌ലിസ്റ്റിലെ മറ്റ് പ്രധാനികള്‍. ബിജെപി അനുകൂല രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പയനീറിലെ ജെ ഗോപീകൃഷ്ണന്‍, ദ വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍‍, എം കെ വേണു, റഫാല്‍ അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ എക്സ്പ്രസിലെ സുശാന്ത് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, ന്യൂസ് ക്ലിക്കിലെ ഗുഹ ഠാക്കൂര്‍ത്ത, ഇന്ത്യന്‍ എക്സ്പ്രസിലെ മുസമ്മില്‍ ജമീല്‍, ഋത്വിക ചോപ്ര, ഇന്ത്യാ ടുഡെയിലെ സന്ദീപ് ഉണ്ണിത്താന്‍‍… ഇങ്ങനെ നാല്പതോളം മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളായ സിഎന്‍എന്‍, റോയിട്ടേഴ്സ്, ഇക്കണോമിസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയവയിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളും പെ­ഗാസസ് വഴി ചോര്‍ത്തിയിട്ടുണ്ട്.

ഫോണ്‍ വിവരം ചോര്‍ത്തപ്പെട്ടവരുടെ പട്ടിക പൂര്‍ണമായും പരിശോധിച്ചാല്‍ അവരെല്ലാം കഴിഞ്ഞ ഏഴ് വര്‍ഷമായി നരേന്ദ്രമോഡി ഭരണകൂടം നിരന്തരം വേട്ടയാടുന്ന ഇരകളുടെ കൂട്ടംതന്നെയാണ്. മറിച്ചാണെന്ന് പറയാന്‍ അക്കൂട്ടത്തിലുള്ള കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും സ്മൃതി ഇറാനിയും മുന്‍ വിശ്വഹിന്ദ് പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും മാത്രം. ഇവരുടെ സമീപകാല നിലപാടുകള്‍ നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും വിരുദ്ധമാണെന്നും കാണാം. ഒരുപക്ഷെ, ജയ് ഷായുടെ സാമ്പത്തിക ഉയര്‍ച്ചയുടെ വാര്‍ത്താസ്രോതസ് ഇവരാണെന്ന് മോഡി-ഷാ ദ്വയം കരുതുന്നുണ്ടാവും. ജയ് ഷായ്ക്കെതിരെയുള്ള വാര്‍ത്തകള്‍ അമിത്ഷായെ ബാധിക്കും എന്ന ഭീതിയകറ്റല്‍ മാത്രമായി ഒതുങ്ങുന്നതാവില്ല പെഗാസസ് സ്പൈവേറിന്റെ ‘ക്വട്ടേഷന്‍’. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെയാകെ വേട്ടയാടാനുള്ളതുകൂടി ആവണം. യുഎപിഎ പോലുള്ള ഭരണകൂടത്തിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജനവിരുദ്ധമായ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരായും പ്രക്ഷോഭം നയിക്കുന്നവരെല്ലാം പെഗാസസിന്റെ ഇരകളായിരിക്കുന്നത് ഇക്കാരണത്താലാണ്. കേന്ദ്ര സര്‍ക്കാരിന് അലോസരമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു എന്നതുകൊണ്ടാണ് തങ്ങളുടെ ഫോണും ചോര്‍ത്തിയിരിക്കുന്നതെന്നാണ്, പെഗാസസിന്റെ ചാരക്കെണിയില്‍പ്പെട്ട മലയാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജയ്സണ്‍ സി കൂപ്പര്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്. സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍വരെ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നതാണ്. ഈയൊരു സാഹചര്യത്തില്‍ നിയമനടപടികള്‍ എത്രത്തോളം എളുപ്പമാകും എന്ന് വിശ്വസിക്കാനാവില്ലെന്ന് ജയ്സണ്‍ കൂപ്പര്‍ പറയുന്നു.

പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള ചാരപ്പണി ഇന്നലെ ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ പിടിച്ചുലച്ചിട്ടുണ്ട്. സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം ഇതുസംബന്ധിച്ച് രാജ്യസഭയിലും എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സ്വതന്ത്രമായ അന്വേഷണമാണ് ഇരുനേതാക്കളും പാര്‍ലമെന്റില്‍ ഉന്നയിച്ചിരിക്കുന്നത്. സമാന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂരും ഉന്നയിച്ചിരിക്കുന്നത്. 2019 നവംബറില്‍ സിപിഐ­(എം) അംഗം കെ കെ രാഗേഷ് പെഗാസസ് വഴിയുള്ള ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. സമഗ്രമായ ഡാറ്റാ സുരക്ഷാനിയമം കൊണ്ടുവരണമെന്നായിരുന്നു ഇതോടൊപ്പം രാഗേഷ് ഉന്നയിച്ചത്. ഇന്ത്യയിലെ ചില ഉന്നതരുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നുവെന്ന ടൊറന്റോയിലെ സിറ്റിസണ്‍ ലാബ് 2019ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു ഇത്.

2017ല്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയനുസരിച്ച് സ്വകാര്യത എന്നത് മൗലികാവകാശമാണ്. ഇതുസംബന്ധിച്ച കരട് ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ മേശപ്പുറത്ത് ഒരുവര്‍ഷത്തിലേറെയായി പൊടിപിടിച്ചുകിടക്കുകയാണ്. ഈ­യൊരു അവസ്ഥയിലാണ് ഇസ്രായേലി കമ്പനി ഇന്ത്യയിലെ ഫോണുകളില്‍ കടന്നുകയറിയിരിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ 23 ഫോണുകളില്‍ പെഗാസസ് സോഫ്റ്റ്‌വേറിന്റെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. മാല്‍വെയര്‍ സംവിധാനത്തിലൂടെയാണ് ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ നുഴഞ്ഞുകയറിയിട്ടുള്ളത്. ലോകത്ത് ഇതുവരെ വികസിപ്പിച്ചെടുത്തതില്‍ ഏറ്റവും ശക്തമായ സോഫ്റ്റ്‌വേറാണിത്. ലോകരാജ്യങ്ങളിലെ അംഗീകൃത സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമായാണ് ഇത്തരം സോഫ്റ്റ്‌വേറുകള്‍ വികസിപ്പിക്കുന്നതും വിപണനം നടത്തുന്നതും ലൈസന്‍സ് നല്‍കുന്നതുമെന്നാണ് എന്‍എസ്ഒ പറയുന്നത്.

ഫോണ്‍ കൈകാര്യം ചെയ്യുന്ന ആള്‍ എവിടെ എന്ന ജിപിഎസ് ലൊക്കേഷന്‍ അടക്കം ലഭിക്കുന്നതിനാല്‍, സോഫ്റ്റ്‌വേര്‍ വാങ്ങിയ സര്‍ക്കാരിന് പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിന് എളുപ്പമാണ്. മെക്സികോയിലെ മാധ്യമപ്രവര്‍ത്തകനായ സിസിലിയോ പിനെഡ ബിര്‍ട്ടോ കൊലചെയ്യപ്പെട്ടതിന് പിന്നില്‍ ഈ സ്പൈവേറിന്റെ ചാരവേലയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ബിര്‍ട്ടോയുടെ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് അപഹരിക്കപ്പെടുകയും ചെയ്തു. സൗദി പത്രപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗി, തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് 2018ൽ ക്രൂരമായി കൊലചെയ്യപ്പെട്ടതിന് പിന്നിലും പെഗാസസിന്റെ നിരീക്ഷണക്കണ്ണായിരുന്നു എന്നാണ് ആക്ഷേപം. ഇന്ത്യയിലും നിരവധി മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ കാലയളവില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.

ഫോണുകളിലേക്ക് നുഴഞ്ഞുകയറുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു നിരീക്ഷണ ഉപകരണമായി മാറും. ആ ഫോണില്‍ നിന്ന് അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ എല്ലാ സന്ദേശങ്ങളും പകര്‍ത്താനാകും. കോളുകളെല്ലാം റെക്കോഡ് ചെയ്യുന്നതിനൊപ്പം ഫോണിലെ മൈക്രോഫോണും ക്യാമറയും നിയന്ത്രിക്കുവാനും അവര്‍‍ക്ക് സാധിക്കും. ഫോണുമായി എവിടെയെല്ലാം സഞ്ചരിച്ചെന്നും ആരെല്ലാമായി കൂടിക്കാഴ്ചകള്‍ നടത്തിയെന്നും എന്തെല്ലാം സംസാരിച്ചെന്നും കൃത്യമായി ചോര്‍ത്തിയെടുക്കാനാവും. ഫോണിന്റെ നിര്‍മ്മാതാക്കള്‍ക്കുപോലും സ്പൈവേറിന്റെ പ്രവര്‍ത്തന രീതി മനസിലാക്കാനോ പരിഹരിക്കാനോ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വയര്‍ലസ് ട്രാന്‍സീവര്‍‍ വഴി വിദൂരമായും മൊബൈല്‍ ഫോണുകളിലേക്ക് മാല്‍വെയര്‍ കടത്തിവിടാനോ ഏജന്റുകള്‍വഴി ഫോണ്‍ അപഹരിച്ച് അതില്‍ സ്ഥാപിക്കാനോ സാധിക്കുമെന്ന് എന്‍എസ്ഒ തന്നെ വിവരിക്കുന്നുണ്ട്. വാട്സ്ആപ്പ് കോളുക­ള്‍ വഴിയും മാല്‍വെയര്‍ കടത്തിവിടാനാകും. കോ­ള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും നിശ്ചിതഫോണില്‍ പെഗാസസ് കോഡ് സ്ഥാപിക്കാനാകും.

14,000 ഫോണുകളില്‍ മാല്‍വെയര്‍ നുഴഞ്ഞുകയറിയതായി 2019 ല്‍ വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് കോടതിയില്‍ വാട്സ്ആപ്പ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതോടെ സംഭവം അന്താരാഷ്ട്ര വാര്‍ത്തയായി. 20 രാജ്യങ്ങളിലെ 1400ഓളം മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതാണ് കണ്ടെത്തിയത്. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ചോര്‍ത്തല്‍ വിവരം പുറത്തുവന്നത്. മെസേജുകള്‍, ഫോട്ടോകള്‍, ഇമെയിലുകള്‍, ഫോണ്‍കോളുകള്‍ എന്നിവയാണ് ചോര്‍ത്തിയിരിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വേറുകള്‍ വാങ്ങിയ പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍, തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഈ മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നുണ്ട്.

നരേന്ദ്രമോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തോടെയാണ് ചാര സോഫ്റ്റ്‌വേറിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തുടങ്ങിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക നടപടികളില്ലാതെ ഇത് അസാധ്യമാണെന്ന് എന്‍എസ്ഒയുടെ ചട്ടങ്ങള്‍ പറയുന്നു. എന്നാല്‍ പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയെ താറടിച്ചുകാണിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്നും കേന്ദ്രം ആരോപിക്കുന്നുണ്ട്. ഇന്ത്യയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചാരപ്പണി നടത്തുവാന്‍ ഈ സ്പൈവേര്‍ ഉപയോഗിച്ചിരിക്കാം എന്ന സംശയത്തെപ്പോലും മോഡി സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. തങ്ങളുടെ ഉപഭോക്താക്കളാരെന്ന് എന്‍എസ്ഒ വെളിപ്പെടുത്തില്ലെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ധൈര്യം. ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നവരെല്ലാം എന്‍എസ്ഒയുടെ ഇടപാടുകാരന്‍ താല്പര്യം പറഞ്ഞിട്ടുള്ളവരാകാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്പൈവേര്‍ കമ്പനി ഇന്ത്യയില്‍ ലക്ഷ്യം വച്ച മാധ്യമപ്രവര്‍ത്തകരെല്ലാം കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയ്ക്കുമെതിരെ തുറന്നെഴുതുന്നവരാണ്. ബിജെപി അധികാരം ഉന്നംവയ്ക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍‍ത്തിക്കുന്ന പത്രങ്ങളിലെ പ്രധാനികളടക്കം ഇതില്‍പ്പെടുന്നു. പെഗാസസ് ചാരക്കഥയുടെ പിന്നാമ്പുറം ചര്‍ച്ചചെയ്യുമ്പോള്‍ ചെന്നെത്തുതെല്ലാം ഏഴ് വര്‍ഷത്തെ ആര്‍എസ്­എസ്-മോഡി ഭരണകൂടത്തിന്റെ കിരാതവാഴ്ചകളിലേക്കാണ്. അതുകൊണ്ടുതന്നെ ഫോണ്‍ ചോര്‍ത്തല്‍ പദ്ധതിക്കുപിന്നില്‍ സംഘപരിവാറിന്റെയും നരേന്ദ്രമോഡി-അമിത്ഷാ ദ്വയത്തിന്റെയും കരങ്ങളെ സംശയിക്കാം.

Eng­lish Sum­ma­ry: spy-work for whom

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.