പൂനെ: സിനിമയില്‍ കാണുന്നത് പോലെ ‘ഗ്ലാമറസ്’ അല്ല രഹസ്യാന്വേഷണ വിഭാഗങ്ങളെന്ന് നിയുക്ത കരസേന മേധാവി ജന. മനോജ് നാരവനേ. മുന്‍ മാധ്യമപ്രവര്‍ത്തകനായ നിതിന്‍ ഗൊഖലേയുടെ പുസ്തകം ‘ആര്‍.എന്‍ കാവോ, ജെന്റില്‍മാന്‍ സ്‌പൈ മാസ്റ്റര്‍’ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജന. മനോജ് നാരവനേ. ലോകത്തിലെ ഏറ്റവും കഴിവുള്ള രാജ്യാന്തരരഹസ്യാന്വേഷണ ശൃംഖലകളിലൊന്നായ ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും (R&AW,Reserch and Analysis Wing) ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സേനയായ എന്‍.എസ്സ് .ജി യും (NSG, National Security Guards) സ്ഥാപിച്ച ആര്‍ .എന്‍.കാവോയെക്കുറിച്ചുള്ള പുസ്തകമാണ് ആര്‍.എന്‍ കാവോ, ജെന്റില്‍മാന്‍ സ്‌പൈ മാസ്റ്റര്‍.
സൈനിക പ്രവര്‍ത്തനങ്ങളും രഹസ്യാന്വേഷണവും പരസ്പരം കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്മാര്‍ രഹസ്യാന്വേഷണവിഭാഗമാണ്. അവരുടെ പിന്തുണകൊണ്ടാണ് സൈനിക പദ്ധതികള്‍ പൂര്‍ണ വിജയത്തിലെത്തുന്നതെന്നും മനോജ് നാരവനേ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് ആദ്യം മനസ്സില്‍ വരുന്നത് സിനിമകളില്‍ കണ്ടത് പോലെ ജെയിംസ് ബോണ്ടിന്റെ കഥാപാത്രവും തോക്കുകളും ഗിറ്റാറും സുന്ദരികളായ സ്ത്രീകളുമൊക്കെയാണ്.
you may also like this video
എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. കാണാത്ത, കേള്‍ക്കാത്ത, അറിയാത്ത നിരവധി കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്. വലിയ തോതിലുള്ള വിവരങ്ങളാണ് അവിടെ വിശകലനം ചെയ്യപ്പെടുന്നത്. ഇത്രയും അധികം വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണ്. നിതിന്‍ ഗൊഖലേയുടെ പുസ്തകം ഇന്റലിജന്‍സ് വിഭാഗത്തിന്റേയും ആര്‍.എന്‍ കാവോയുടേയും അമൂല്യമായ പ്രവര്‍ത്തനങ്ങളെ രേഖപ്പെടുത്തുന്നതാണെന്നും ജന. മനോജ് നാരവനേ പറഞ്ഞു.
ചില രേഖകൾ പരസ്യമാക്കിയെങ്കിൽ മാത്രമെ ചരിത്രം കൂടുതൽ കൃത്യത ഉള്ളതാകൂ. ചോർന്ന ചില രേഖകളെയാണ് ഇപ്പോൾ നമ്മൾ ആശ്രയിക്കുന്നത്. അതു ചിലപ്പോൾ കൃത്യമാവണമെന്നില്ല. റഷ്യ പോലുള്ള രാജ്യങ്ങളിൽ ഔദ്യോഗിക രേഖകൾ പൊതുജനങ്ങൾക്കും പ്രാപ്യമാണ്. 5–6 വർഷത്തിനു ശേഷം രേഖകൾ പൊതുജനങ്ങൾക്കും ലഭിക്കുന്ന രീതിയിൽ നിയമനിർമാണം നടത്തണമെന്നും റോ മുൻ സ്പെഷൻ സെക്രട്ടറി വപ്പാല ബാലചന്ദ്രൻ പറഞ്ഞു.