പൊലീസ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകള്‍ നിരോധിക്കണം: കാനം

Web Desk
Posted on April 19, 2018, 10:50 pm

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി രൂപീകരിക്കുന്ന സ്‌ക്വാഡുകള്‍ നിര്‍ത്തലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. 2011ലെ പൊലീസ് ആക്ടിന് വിരുദ്ധമാണ് ഇത്തരം സ്‌ക്വാഡുകള്‍. ഏതെങ്കിലും കേസുകളുടെ അന്വേഷണത്തിന് സര്‍ക്കാരിന് വേണമെങ്കില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാം. പക്ഷേ റൂറല്‍ എസ്പിമാരും മറ്റും തങ്ങളുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയത്തിന് വിരുദ്ധമാണ്. അത്തരക്കാര്‍ക്കെതിരെ നടപടി വേണം. മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞിട്ടുള്ളതായി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ചിന്നക്കട പൈ ഗോഡൗണ്‍ അങ്കണത്തില്‍ സ്ഥാപിച്ച സി കെ ചന്ദ്രപ്പന്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നടന്ന നിയമവിരുദ്ധമായ കാര്യങ്ങളെല്ലാം പരിശോധിച്ച് സര്‍ക്കാര്‍ യുക്തമായ തീരുമാനം കൈക്കൊള്ളും.
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാനം രാജേന്ദ്രന്‍ പറഞ്ഞു. പതാക ജാഥ കയ്യൂരില്‍ നിന്ന് ആരംഭിച്ചു. 25ന് വൈകിട്ട് ജാഥകള്‍ കൊല്ലത്ത് സംഗമിക്കുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയരും. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയമായ അദ്ധ്യായം കുറിക്കും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ ഒന്നും കഴിഞ്ഞിട്ടില്ല. അന്തിമമായി രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നത് പാര്‍ട്ടികോണ്‍ഗ്രസാണ്. സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം ദേശീയ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. എന്നാല്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ യുക്തിസഹമായ നിലപാട് സ്വീകരിക്കാന്‍ കഴിവുള്ള പാര്‍ട്ടികളാണ് സിപിഐയും സിപിഎമ്മുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. കെ പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ ശിവശങ്കരപ്പിള്ള, അഡ്വ. ജി ലാലു, അഡ്വ. ആര്‍ വിജയകുമാര്‍, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.