മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു

Web Desk
Posted on July 09, 2019, 10:47 pm

റക്കുമതി ചെയ്ത ന്യൂസ് പ്രിന്റിന് പത്ത് ശതമാനം എക്‌സൈസ് തീരുവ ചുമത്തുമെന്നുള്ള മോഡിസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം അത്യന്തം ഉല്‍ക്കണ്ഠാജനകമാണ്. ന്യൂസ് പ്രിന്റിന് സമീപകാലത്ത് ഉണ്ടായ മുപ്പത് ശതമാനത്തിലേറെ വരുന്ന വിലക്കയറ്റം, അച്ചടിക്ക് ആവശ്യമായ മഷി, പ്ലേറ്റ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ധനവിന് എന്നിവയ്ക്ക് പുറമെയാണ് നിര്‍ദ്ദിഷ്ട നികുതി ഭാരം. സര്‍ക്കാരിന്റെ പരസ്യങ്ങളടക്കം വരുമാനത്തിലുണ്ടായ വന്‍കുറവ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആഗോള സാങ്കേതികവിദ്യാ കുത്തകകളും അച്ചടിമാധ്യമങ്ങളുടെമേല്‍ കടുത്ത സാമ്പത്തിക ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. ഇത് ചെറുകിട, ഇടത്തരം ദിനപ്പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മാത്രമല്ല സുസ്ഥാപിത പ്രസിദ്ധീകരണങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കും. ജനാധിപത്യ സമൂഹങ്ങളുടെ ആരോഗ്യകരമായ നിലനില്‍പില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മാധ്യമങ്ങളെയും അവയില്‍ പണിയെടുക്കുന്ന പത്രപ്രവര്‍ത്തകരും ഇതര ജീവനക്കാരുമടക്കം പതിനായിരങ്ങളുടെ നിലനില്‍പാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയും മാധ്യമ പ്രവര്‍ത്തകരുടെയും അനുബന്ധ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളും ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അച്ചടി വ്യവസായ ഉടമകളും ജീവനക്കാരൂം പത്രവിതരണ ശൃംഖലയിലെ അനേകായിരങ്ങളും ആശങ്കയിലാണ്. അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ നട്ടംതിരിയുന്ന രാജ്യത്ത് പണിയെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളികളെയും അവര്‍ ആശ്രയിക്കുന്ന തൊഴില്‍ദായകരെയും ഒരുപോലെ ആശങ്കാകുലരാക്കുന്ന നികുതി നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

നിരുപദ്രവമായ ഒരു നികുതി നിര്‍ദേശം എന്നതിനപ്പുറം ഭരണകൂട വിമര്‍ശകരെ നിശബ്ദമാക്കുക എന്ന ലക്ഷ്യം കൂടി ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. നരേന്ദ്രമോഡി ഭരണകൂടത്തിനെതിരെ ക്രിയാത്മക വിമര്‍ശനം ഉന്നയിക്കുന്നവരെ നിശബ്ദരാക്കാന്‍ ആസൂത്രിത ശ്രമം നടന്നിട്ടുണ്ട്. ഒന്നാം മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ വലിയൊരളവ് തങ്ങളുടെ സ്തുതിപാഠകരാക്കി മാറ്റുന്നതില്‍ വിജയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വഴങ്ങാത്ത വിമര്‍ശകരെ എല്ലാ അര്‍ഥത്തിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കി ഒതുക്കാന്‍ എല്ലാ അടവുകളും അവര്‍ പയറ്റുകയുണ്ടായി. ഭരണയന്ത്രത്തെ ഉപയോഗിച്ച് എന്‍ഡിടിവിയെ ആക്രമിച്ചു. പ്രമുഖ വാര്‍ത്ത പോര്‍ട്ടലായ ‘ദ വയറി‘നെതിരെയുള്ള സമ്മര്‍ദ്ദതന്ത്രം തുടരുകയാണ്. നട്ടെല്ലു വളയ്ക്കാന്‍ സന്നദ്ധരായ മാധ്യമങ്ങള്‍ക്ക് മാധ്യമധര്‍മത്തെ കാറ്റില്‍ പറത്താന്‍ അവസരവും പ്രോത്സാഹനവും നിര്‍ലോഭം നല്‍കി. സ്വതന്ത്രനിലപാട് അവലംബിക്കുന്ന ചെറുകിട ഇടത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിവന്നിരുന്ന പരസ്യങ്ങള്‍ പാടെ നിര്‍ത്തലാക്കി. മാധ്യമസ്വാതന്ത്ര്യം നിലനിര്‍ത്തി നിര്‍ഭയം പ്രവര്‍ത്തിച്ചുപോന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരസ്യനയം. സുപ്രധാന ദേശീയ പത്രങ്ങളെപ്പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഭരണകൂടം തയാറായിരിക്കുന്നു. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ക്ക് മോഡി ഭരണകൂടം അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. താരതമ്യേന ശക്തമായ സാമ്പത്തിക അടിത്തറയുള്ള ആ പത്ര സ്ഥാപനങ്ങള്‍ക്ക് 15 ശതമാനം കണ്ട് പരസ്യവരുമാനത്തില്‍ കുറവുണ്ടായി. ഇത് സര്‍ക്കാര്‍ പരസ്യങ്ങളുടെ കാര്യം മാത്രമാണ്. സര്‍ക്കാര്‍പ്രീണനത്തിന്റെ ആനുകൂല്യം പറ്റുന്ന കോര്‍പ്പറേറ്റുകള്‍ കൂടി അതേപാത പിന്തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

സ്വതന്ത്രവും വിമര്‍ശനാത്മകവുമായ നിലപാട് അവലംബിക്കുന്ന മാധ്യമങ്ങള്‍ കടുത്ത വെല്ലുവിളിയെയാണ് നേരിടുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തനം നിലനില്‍ക്കണമെങ്കില്‍ ഭരണകൂട പിന്തുണ കൂടിയെ തീരു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുവേണ്ടി പണം വാരിക്കോരി ചെലവഴിക്കുന്ന കാലത്താണ് സ്വതന്ത്ര മാധ്യമങ്ങള്‍ അനീതിക്ക് ഇരകളാവുന്നത്. അതുകൊണ്ടും അത്തരം മാധ്യമങ്ങളെ മുട്ടിന്മേല്‍ ഇഴയാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന സാഹചര്യത്തിലാണ് അവയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ദുര്‍വഹമായ നികുതിഭാരം അടിച്ചേല്‍പിക്കുന്നത്. ഇതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധവും ചെറുത്തുനില്‍പും ഉയര്‍ന്നുവരണം. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയപരിപാടികള്‍ക്കെതിരെ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കാണ് മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. അവ നിശബ്ദമാക്കപ്പെട്ടാല്‍ രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ ശബ്ദവും തമസ്‌കരിക്കപ്പെടും. പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷം, ഭിന്നതകള്‍ മറന്ന്, മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ സ്ഥാപനങ്ങളുടെ നിലനില്‍പിനും വേണ്ടി ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തണം. മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെട്ടാല്‍ അവശേഷിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം പോലും ജനങ്ങളില്‍ നിന്ന് അപഹരിക്കപ്പെടും. ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുമ്പോഴും സ്വാതന്ത്ര്യത്തിന്റെയും വിമര്‍ശനത്തിന്റെയും അവസാന അത്താണിയാണ് മാധ്യമങ്ങള്‍ എന്ന് സമൂഹം വിസ്മരിച്ചുകൂട.